ശബരിമലയിലെ നിലപാട് മാറ്റം: തീരുമാനത്തിൽ പങ്കില്ല, തുറന്നുപറഞ്ഞ് ദേവസ്വം ബോർഡ്!!
പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിഷയത്തിൽ നിലപാട് മാറ്റത്തിൽ പങ്കില്ലെന്ന് ദേവസ്വം ബോർഡ്. വിർച്വൽ ക്യൂ ബുക്കിംഗിൽ നിന്നും യുവതികളെ വിലക്കിയത് പോലീസ് ആണെന്ന് ദേവസ്വ ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. ശബരിമലയിൽ പ്രവേശിക്കാവുന്ന തീർത്ഥാടകരുടെ എണ്ണം പ്രതിദിനം രണ്ടായിരമായി വർധിപ്പിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം വീണ്ടും വിർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചത്.
കൊവിഡ് വാക്സിൻ വാങ്ങുന്നതിൽ മുമ്പിൽ ഇന്ത്യ: 1.6 ബില്യൺ ഡോസ് സ്വന്തമാക്കും
ഓൺലൈൻ ബുക്കിംഗിനുള്ള വ്യവസ്ഥയിൽ 10നും 50 ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന് ഉൾപ്പെടുത്തിയത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. വിർച്വൽ ക്യൂ വഴിയുള്ള ബുക്കിംഗ് പൂർത്തിയാക്കിയതിനാൽ ഈ മണ്ഡല- മകരവിളക്കുകാലത്ത് സ്ത്രീ പ്രവേശനം ഉണ്ടാകില്ലെന്ന് ഉറപ്പായി.
യുവതീ പ്രവേശന വിഷയത്തിലെ സർക്കാർ നിലപാട് മാറ്റമെന്ന നിലയ്ക്ക് വരെ ചർച്ചകൾ കൊഴുക്കുമ്പോഴാണ് ദേവസ്വം പ്രസിഡന്റിന്റെ വിശദീകരണം. ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിനെതിരായ പുനപരിശോധനാ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതി വിധി സ്റ്റേ ചെയ്തിരുന്നില്ല.
കുടാതെ യുവതീ പ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള ഇടത് സർക്കാരിന്റെ സത്യവാങ്മൂലം തിരുത്തിയിട്ടുമില്ല. പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുമ്പോൾ ദേവസ്വം ബോർഡിന്റെ നിലപാട് ചോദിച്ചാൽ അഭിപ്രായമറിയിക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഇടപെടില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്.