സ്റ്റീഫന്റെ പരിപാടിയില്‍ വരാം.. എന്റെ നിറമോ, കുലമോ ആണോ പ്രശ്‌നം..?; ദിവ്യ എസ് അയ്യര്‍ക്കെതിരെ പന്തളം ബാലന്‍
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഐ എ എസിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഗായകന്‍ പന്തളം ബാലന്‍. തന്റെ പരിപാടിയില്‍ നിന്ന് വിട്ടുനിന്ന ദിവ്യ എസ് അയ്യരുടെ നടപടിയാണ് പന്തളം ബാലനെ പ്രകോപിപ്പിച്ചത്. പന്തളം ബാലന്റെ ഗാനമേളയായത് കൊണ്ടാണോ കളക്ടര്‍ ഈ വഴി വരാത്തത് എന്ന് പന്തളം ബാലന്‍ ചോദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന പരിപാടിക്കിടെയായിരുന്നു പന്തളം ബാലന്റെ വിമര്‍ശനം.
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന എന്റെ കേരളം വിപണന മേളയുടെ സമാപന വേദിയില്‍ വെച്ചാണ് ദിവ്യ എസ് അയ്യരെ രൂക്ഷമായി വിമര്‍ശിച്ച് പന്തളം ബാലന്‍ രംഗത്തെത്തിയത്. ഗാനമേളയ്ക്കിടെ പാടുന്നതിനിടയിലായിരുന്നു ദിവ്യ എസ് അയ്യരുടെ അഭാവത്തെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ടുള്ള പന്തളം ബാലന്റെ പ്രതികരണം.

പന്തളം ബാലന്റെ ഗാനമേളയായത് കൊണ്ടാണോ കളക്ടര്‍ ഈ വഴി വരാത്തത് എന്ന് ഞാന്‍ ആലോചിക്കുകയായിരുന്നു. ബാക്കി പരിപാടിക്കൊക്കെ കളകര്‍ വന്നിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പന്തളം ബാലന്റെ നിറമാണോ, മതമാണോ പ്രശ്നം എന്നും അദ്ദേഹം ചോദിക്കുന്നു. എന്റെ ജാതിയോ കുലമോ ആണോ പ്രശ്നം? അങ്ങനെ ഒരു കലാകാരനെ ഇകഴ്ത്തി കാണാന്‍ പാടില്ല എന്നും പന്തളം ബാലന്‍ പറഞ്ഞു.
കളക്ടറുടെ ഈ നടപടിയില്‍ താന്‍ വ്യക്തിപരമായ പ്രതിഷേധം അറിയിക്കുന്നു എന്നും ഒരു കലാകാരനോടും ഇങ്ങനെ ചെയ്യാന്‍ പാടില്ല എന്നും പന്തളം ബാലന്‍ വേദിയില്‍ വെച്ച് തന്നെ പറഞ്ഞു. എത്ര വലിയ കളക്ടറായാലും മുന്നിലുള്ളത് കലാകാരനാണ് എന്ന് മാനിക്കണം. കലാകാരനാണ് സമൂഹത്തിന്റെ സ്വത്തെന്നും കലാകാരന്റെ പ്രതിബദ്ധതയാണ് സമൂഹത്തോടുള്ളത് എന്നും പന്തളം ബാലന്‍ പറഞ്ഞു.
കെപിഎസി പോലെയുള്ള നാടക ഗ്രൂപ്പുകളിലൂടെയാണ് ആശയങ്ങള്‍ സമൂഹത്തിന് മുന്നിലെത്തിയത് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മറ്റുള്ള പരിപാടികളില്‍ താന്‍ കളക്ടറെ കണ്ടിരുന്നു. ഇപ്പോള്‍ എന്തുകൊണ്ട് വന്നില്ലെന്നും അദ്ദേഹം ആരാഞ്ഞു. ഞാന്‍ പത്തനംതിട്ട ജില്ലക്കാരന്‍ തന്നെയാണ്. എന്നാല്‍ സ്റ്റീഫന്‍ ദേവസി ഒറ്റപ്പാലത്തുകാരനാണ് എന്നും അദ്ദേഹം പറഞ്ഞു. തനിക്ക് വാലില്ല എന്നും തന്നെ അംഗീകരിക്കുന്ന ലക്ഷ കണക്കിന് ആളുകള്‍ കേരളത്തിലുണ്ടെന്നും പന്തളം ബാലന്‍ പറഞ്ഞു.
അതേസമയം എന്റെ കേരളം പ്രദര്‍ശനമേളയില്‍ സ്റ്റീഫന്‍ ദേവസിയുടെ പരിപാടിയില്‍ മാത്രമാണ് പങ്കെടുത്തത് എന്ന് ദിവ്യ എസ് അയ്യര്‍ പറഞ്ഞു. സ്റ്റീഫന്‍ ദേവസി അടുത്ത സുഹൃത്താണ് എന്നും അതിനാലാണ് വന്നത് എന്നും ദിവ്യ എസ് അയ്യര്‍ വ്യക്തമാക്കി. അതേസമയം ഉദ്ഘാടന ദിവസം ഗായിക മഞ്ജരിക്കൊപ്പവും ദിവ്യ എസ് അയ്യര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
നേരത്തെ വിനയന്റെ സംവിധാനത്തില്‍ സിജു വില്‍സന്‍ നായകനായെത്തിയ 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍നിന്ന് താന്‍ പാടിയ ഗാനം ഒഴിവാക്കി എന്ന ആരോപണവുമായും പന്തളം ബാലന്‍ രംഗത്തെത്തിയിരുന്നു. താന്‍ ദളിതനായിത് കൊണ്ടാണ് ഒന്ന് അറിയിക്കുക പോലും ചെയ്യാതെ തന്റെ പാട്ട് സിനിമയില്‍ നിന്ന് നീക്കം ചെയ്തത് എന്നായിരുന്നു പന്തളം ബാലന്‍ പറഞ്ഞത്.












Click it and Unblock the Notifications