തിരുവല്ലയിൽ അച്ഛനേയും അമ്മയേയും വെട്ടിക്കൊന്നു, മകൻ പോലീസ് കസ്റ്റഡിയിൽ
തിരുവല്ല: പത്തനംതിട്ട തിരുവല്ലയില്‍ മകന്‍ അച്ഛനേയും അമ്മയേയും വെട്ടിക്കൊന്നു. ആശാരിപ്പറമ്പില്‍ കൃഷ്ണന്‍ കുട്ടി, ഭാര്യ ശാരദ എന്നിവരാണ് കൊല്ലപ്പെട്ടത്. തിരുവല്ല നാട്ടട സ്വദേശികളാണ്. മകന്‍ കൊച്ചുമോന്‍ എന്ന് വിളിക്കുന്ന അനില്‍ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വെട്ടേറ്റ കൃഷ്ണന്‍ കുട്ടിയും ശാരദയും രക്തം വാര്‍ന്ന് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. കൊലപാതകത്തിനുളള കാരണം വ്യക്തമല്ല. രാവിലെ 9 മണിയോട് കൂടി വീട്ടില്‍ വെച്ചാണ് കൊലപാതകം. അനിലും അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

കൃഷ്ണന്‍ കുട്ടിയുടേയും ശാരദയുടേയും കഴുത്തിനാണ് വെട്ടേറ്റത്. അച്ഛനേയും അമ്മയേയും ആക്രമിച്ച ശേഷം ആയുധവുമായി വീട്ടിലും പരിസരത്തും അനില്‍ കുമാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇത് കാരണം വെട്ടേറ്റ് കിടന്ന രണ്ട് പേരുടേയും സമീപത്ത് പോകാനോ അവരെ ആശുപത്രിയിലേക്ക് മാറ്റാനോ നാട്ടുകാര്‍ക്ക് സാധിച്ചില്ല. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് പോലീസ് എത്തിയെങ്കിലും അനിലിനെ കീഴ്‌പ്പെടുത്താന്‍ സാധിച്ചില്ല.
തുടര്‍ന്ന് പുളിക്കീഴില്‍ നിന്ന് കൂടുതല്‍ പോലീസുകാരെ വിളിച്ച് വരുത്തിയാണ് അനിലിനെ കസ്റ്റഡിയിലെടുത്തത്. അനില്‍ മദ്യലഹരിയിലായിരുന്നോ എന്നത് വ്യക്തമല്ല. മാത്രമല്ല ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടോ എന്നതും പരിശോധിച്ച് വരികയാണ്. അനിലിനും മാതാപിതാക്കള്‍ക്കും ഇടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് കൃഷ്ണന്‍ കുട്ടിയും ഭാര്യയും അടുത്തിടെ വാടക വീട്ടിലേക്ക് മാറി താമസിച്ചിരുന്നു.
മാത്രമല്ല മകനെതിരെ ഇവര്‍ വധശ്രമത്തിന് നേരത്തെ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. രണ്ട് ദിവസം മുന്‍പ് ഇവര്‍ വാടകവീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് തിരിച്ച് എത്തി. പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ത്ത ശേഷം അനില്‍ തന്നെയാണ് അച്ഛനേയും അമ്മയേയും വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്. കൊലപാതകം നടത്താന്‍ പെട്ടെന്നുണ്ടായ പ്രകോപനം എന്താണെന്ന് പോലീസ് അന്വേഷിക്കുകയാണ്. കൃഷ്ണന്‍ കുട്ടി-ശാരദ ദമ്പതികള്‍ക്ക് അനില്‍ കുമാര്‍ അടക്കം മൂന്ന് മക്കളാണ് ഉളളത്.












Click it and Unblock the Notifications