സ്വാമി ചാറ്റ് ബോട്ട്:നടതുറപ്പ്, പൂജാസമയം തുടങ്ങി ശബരിമലയിലെ എല്ലാ വിശേഷങ്ങളും അറിയാം: ആറു ഭാഷകളിൽ ലഭ്യം
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ വിശേഷങ്ങള്‍ അറിയാന്‍ ഇനിമുതല്‍ സ്വാമി ചാറ്റ് ബോട്ടും. തീർത്ഥാടന അനുഭവം വർധിപ്പിക്കുന്നതിനായി പത്തനംതിട്ട ജില്ലാ ഭരണ സംവിധാനം നിർമ്മിക്കുന്ന 'സ്വാമി ചാറ്റ് ബോട്ട് ' എ ഐ അസ്സിസ്റ്റന്റിന്റെ ലോഗോ അനാവരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നടതുറപ്പ്, പൂജാസമയം തുടങ്ങിയ ക്ഷേത്ര കാര്യങ്ങളും വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഭക്തർക്ക് ഇതിലൂടെ ലഭ്യമാകുന്നതായിരിക്കും.
ആറ് ഭാഷകളില്‍ ലഭ്യം
സ്മാർട്ട് ഫോൺ ഇന്റർഫേസിലൂടെ അക്‌സസ് ചെയ്യാവുന്ന സ്വാമി ചാറ്റ് ബോട്ട് ഇംഗ്ലീഷ്,ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ആറു ഭാഷകളിൽ സമഗ്ര സേവനം ഉറപ്പ് വരുത്തുന്നു. പോലീസ്, വനം തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ സേവനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്ന സ്വാമി ചാറ്റ് ബോട്ടിലൂടെ അപകട രഹിതവും കൃത്യവുമായ തീർത്ഥാടന അനുഭവം ഭക്തർക്ക് ഉറപ്പ് വരുത്താനാകും.

ആധുനികമായ ഈ ഡിജിറ്റൽ സംവിധാനത്തിന്റെ പ്രവർത്തനത്തിലൂടെ ശബരിമല യാത്ര കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമാക്കി സേവനങ്ങൾ ഭക്തർക്ക് എത്രയും വേഗം എത്തിക്കാനാവുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി എസ് കാർത്തികേയൻ, ദേവസ്വം ബോർഡ് സെക്രട്ടറി ടി വി അനുപമ, തിരുവല്ല സബ് കളക്ടർ സുമിത് കുമാർ താക്കൂർ, പത്തനംതിട്ട കളക്ടർ പ്രേം കൃഷ്ണൻ എസ്, മൂത്തൂറ്റ് ചീഫ് മാനേജർ സുബ്രമണ്യൻ എസ്, ടെക്നിക്കൽ സപ്പോർട്ട് ബ്ലസൻ കുര്യൻ തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
എരുമേലി പാർക്കിങ്
അതേസമയം, ശബരിമല തീർഥാടകർക്ക് എരുമേലി ചെറിയമ്പലത്തിന് സമീപം വാഹന പാർക്കിങ് സൗകര്യം ഏർപ്പെടുത്തി സംസ്ഥാന ഭവനനിർമാണ ബോർഡ്. കേരള സംസ്ഥാന ഭവനനിർമാണ ബോർഡിന്റെ ഉടമസ്ഥതയിൽ എരുമേലി ചെറിയമ്പലത്തിന് സമീപമുള്ള സ്ഥലത്താണ് പാർക്കിങ് സംവിധാനം ഒരുക്കിയിരിക്കുന്നത്. എരുമേലിയിൽ രാജ്യാന്തരനിലവാരത്തിലുള്ള ഡിവോഷണൽ ഹബ്ബ് നടപ്പാക്കുന്നതിനുള്ള പദ്ധതികൾ ഭവനനിർമാണ ബോർഡ് ആവിഷ്‌കരിച്ചിട്ടുണ്ട്.
മൂന്നു ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ പ്രാരംഭഘട്ടമായാണ് മിതമായ നിരക്കിൽ വാഹനപാർക്കിങ് സൗകര്യം ഒരുക്കുന്നത്. താൽക്കാലിക ടോയ്‌ലറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. രണ്ടാംഘട്ടത്തിൽ ഭക്ഷണശാലകൾ, റിഫ്രഷ്‌മെന്റ് സെന്റർ, കഫെറ്റീരിയ, ടോയ്‌ലറ്റ് എന്നിവയും മൂന്നാംഘട്ടത്തിൽ ഗസ്റ്റ് ഹൗസ്, കോട്ടേജുകൾ, ഡോർമെറ്ററി, അനുബന്ധ കെട്ടിടങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.












Click it and Unblock the Notifications