ജീവിതാചരണ രീതിയിലാണ് സനാതന ധർമം പുലരുന്നത് : സ്വാമി പ്രഭാകരാനന്ദ സരസ്വതി
ചെറുകോൽപ്പുഴ: ഈശ്വരാരാധന നിലനിൽക്കുന്ന ജീവിതാചരണ രീതിയിലാണ് സനാതന ധർമം പുലരുന്നതെന്ന് ദേശീയ സന്യാസി സഭ ജനറൽ സെക്രട്ടറി സ്വാമി പ്രഭാകരാനന്ദ സരസ്വതി. അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുപരിഷതിൽ ഇന്നലെനടന്ന രാത്രിയോഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ ആദ്ധ്യാത്മിക ശാസ്ത്രത്തിന്റെ അടിത്തറയാണ് ഓരോ മനുഷ്യജനനവും.
ഒരേ തത്വത്തിന്റെ വിവിധ അനുഷ്ടാനങ്ങളാണ് നമ്മുടെ ജീവിതങ്ങൾ. മനുഷ്യന്റെ ജീവിതകാലഘട്ടമായ 120 വയസിനെ ധർമം, അർത്ഥം, കാമം, മോക്ഷം എന്നീ നാല് പുരുഷാർത്ഥങ്ങളായാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്. ഈശ്വര സാക്ഷാത്കാര മാർഗത്തിലൂടെ ആയുസ് നീട്ടിയെടുക്കാൻ സാധിക്കും. മനുഷ്യർ എല്ലാവരും ആശ്രമവാസികളാണ്. ഭഗവാനെ തേടാനുള്ള ആ ശ്രമങ്ങളാണ് നാം നടത്തേണ്ടത്.

ഓരോ കുടുംബവും ഓരോ ആശ്രമങ്ങളാകണം. അനേകം മതങ്ങൾ ചേർന്ന ധർമമാണ് സനാതന ധർമം. ഇതിന്റെ അടിസ്ഥാനം 18 തത്വങ്ങളാണ്. നാല് വേദങ്ങളുടെയും പ്രഖ്യാപനങ്ങളാണ് സനാതന ധർമത്തിൽ ചൂണ്ടിക്കാട്ടുന്നത്. നവഗ്രഹങ്ങളിലും 27 നക്ഷത്രങ്ങളിലും പെട്ട് മനുഷ്യൻ ദുഃഖിക്കുമ്പോൾ ഈശ്വരനെ തേടുന്നതാവണം അടിസ്ഥാനപരമായ തത്വം. ഋഷീശ്വരനായ വേദവ്യാസനാണ് സനാതന ധർമത്തിന്റെ അടിസ്ഥാന ഗുരു. അദ്ദേഹത്തിന്റെ ജന്മദിനത്തിലാണ് നാം ഗുരുപൂർണിമ ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications