ക്‌ഷേത്രപ്രവേശന വിളംബരം : 82ാം വാർഷികം വിപുലമായി ആഘോഷിക്കും സംഘാടക സമിതി രൂപീകരിച്ചു
പത്തനംതിട്ട: ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82ാം വാർഷികം ജില്ലയിൽ വിപുലമായി ആഘോഷിക്കും. അടൂരിൽ നവംബർ 10 മുതൽ 12 വരെ നടക്കുന്ന ആഘോഷ പരിപാടികൾ മന്ത്രി മാത്യു.ടി.തോമസ് ഉദ്ഘാടനം ചെയ്യും. ചിറ്റയം ഗോപകുമാർ എം എൽ എ അധ്യക്ഷത വഹിക്കും. പ്രഭാഷണം, ഡോക്യുമെന്ററി പ്രദർശനം, സെമിനാറുകൾ, സാംസ്കാരിക പരിപാടികൾ, എക്‌സിബിഷൻ എന്നിവ നടക്കും. ജില്ലാ ഭരണകൂടം, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സാംസ്കാരികം, പുരാവസ്തു, പുരാരേഖ വകുപ്പുകൾ സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. വിവിധ സാംസ്കാരിക സ്ഥാപനങ്ങൾ, ഗ്രന്ഥശാലാ പ്രസ്ഥാനം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയിലെ സംഘാടന ചുമതല ജലവിഭവ വകുപ്പ് മന്ത്രിക്കാണ്.
പരിപാടിയുടെ പ്രചണാർഥം വിദ്യാർഥികൾക്കായി ക്വിസ് മത്സരം, ചിത്രരചനാ മത്സരം എന്നിവ സംഘടിപ്പിക്കും. വാർഷികാഘോഷത്തിന്റെ ഭാഗമായി എല്ലാ താലൂക്കുകളിലും വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിളംബര ജാഥകൾ നവംബർ ഒമ്പതിന് സംഘടിപ്പിക്കും. ജില്ലയിലെ എല്ലാ ബിആർസികളിലും സമഗ്രശിക്ഷ അഭിയാന്റെ ആഭിമുഖ്യത്തിൽ നവംബർ എട്ടിന് നവോഥാന സദസ്സുകൾ സംഘടിപ്പിക്കും. രാഷ്ട്രീയ പാർട്ടികൾ, സാംസ്കാരിക സംഘടനകൾ, വിദ്യാർഥി സംഘടനകൾ, തൊഴിലാളി പ്രവർത്തകർ, സർവീസ് സംഘടനകൾ, ഗ്രന്ഥശാലകൾ എന്നിവരുടെ സഹകരണത്തോടെ വാർഷികാഘോഷത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പു വരുത്തും.

എക്‌സിബിഷനിലെ ചിത്രങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ ഫോട്ടോ ആൽബം പ്രദർശന വേദിയിൽ ചെറിയ തുക ഈടാക്കി ആവശ്യക്കാർക്ക് നൽകും. സുപ്രീം കോടതി വിധിയുടെ സംഗ്രഹം മലയാളത്തിൽ തയാറാക്കി വിതരണം ചെയ്യും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സ്‌പോൺസർ ചെയ്യുന്ന സാംസ്കാരിക പരിപാടികൾ മൂന്ന് ദിവസവും ഉണ്ടാവും.
പരിപാടിയുടെ വിജയത്തിനായി ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ അധ്യക്ഷ എന്നിവർ രക്ഷാധികാരികളായും ജില്ലാ കളക്ടർ ചെയർമാനായും ജില്ലാ ഇൻഫർമേഷൻ ഓഫീസർ കൺവീനറായും ജില്ലാതല സ്വാഗതസംഘം രൂപീകരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാംസ്കാരിക നായകർ, വിദ്യാർഥി സംഘടനാ പ്രതിനിധികൾ, തൊഴിലാളി പ്രവർത്തകർ, സർവീസ് സംഘടനാ പ്രതിനിധികൾ, ഗ്രന്ഥശാലാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ അംഗങ്ങളാണ്.












Click it and Unblock the Notifications