Get Updates
Get notified of breaking news, exclusive insights, and must-see stories!

തങ്ക അങ്കി ഘോഷയാത്ര: പൂജാ സമയക്രമത്തിൽ മാറ്റം, ശബരിമലയില്‍ നാളെ കൂടുതല്‍ നിയന്ത്രണങ്ങള്‍

പത്തനംതിട്ട: തങ്ക അങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ട് ശബരിമലയില്‍ നാളെ കൂടുതല്‍ നിയന്ത്രണങ്ങള്‍. പൂജാ സമയക്രമത്തിൽ മാറ്റം ഉള്ള സാഹചര്യത്തിൽ ഭക്തരെ നിലയ്ക്കൽ നിന്നു പമ്പയിലേക്ക് കടത്തിവിടുന്നതിന് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ 26 ന് ഉച്ചപൂജയ്ക്കുശേഷം വൈകിട്ട് 5 മണിക്കായിരിക്കും ശബരിമല നട തുറക്കുന്നതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. സാധാരണ ഉച്ചപൂജയ്ക്കു ശേഷം മൂന്നു മണിക്കാണ് ശബരിമല നട തുറക്കുന്നത്.

26 ന് രാവിലെ 11 മണി വരെ നിലയ്ക്കൽ എത്തുന്ന അയ്യപ്പഭക്തരുടെ വാഹനങ്ങളേ പമ്പയിലേക്ക് കടത്തിവിടു. ഇതിന് ശേഷം എത്തുന്നവരെ രണ്ട് മണിക്ക് ശേഷം മാത്രമേ പ്രവേശനമുണ്ടാകൂ. അതുകൊണ്ട് തന്നെ 11 മണി കഴിഞ്ഞ് എത്തുന്നവർക്ക് മൂന്നുമണിക്കൂർ എങ്കിലും നിലയ്ക്കൽ തന്നെ തുടരേണ്ടി വരുമെന്നാണ് പൊലീസ് അറിയിപ്പ്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്.

thanka-anki

ശബരിമലയിൽ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്ര സന്നിധിയിൽനിന്ന് കഴിഞ്ഞ ദിവസം പുറപ്പെട്ടു. 23 ന് രാവിലെ 7 മണിക്ക് ആണ് തങ്ക അങ്കി ആറൻമുള ക്ഷേത്രത്തിൽ നിന്ന് പുറത്തേക്ക് എടുത്തത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ്. പ്രശാന്ത്, ബോർഡ് അംഗങ്ങളായ ജി.സുന്ദരേശൻ , അഡ്വ.എ.അജികുമാർ , ദേവസ്വം സെക്രട്ടറി ജി.ബൈജു , ദേവസ്വം കമ്മീഷണർ സി.എൻ. രാമൻ
ദേവസ്വം ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയർ ചടങ്ങിൽ സംബന്ധിച്ചു.

വിവിധസ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി തങ്കയങ്കി ഘോഷയാത്ര 26 ന് ഉച്ചയോടെ പമ്പയിൽ എത്തിച്ചേരും അവിടെ വിശ്രമിച്ച ശേഷം സന്നിധാനത്തേക്ക് തിരിക്കുന്ന ഘോഷയാത്ര വൈകുന്നേരം 5.30 ന് ശരംകുത്തിയിൽ എത്തിച്ചേരും. ശരംകുത്തിയിൽ ദേവസ്വം ബോർഡ് നൽകുന്ന ഔദ്യോഗിക സ്വീകരണത്തിനു ശേഷം 6.15 ന് തങ്ക അങ്കി പേടകം ശബരിമല അയ്യപ്പ സന്നിധിയിൽ എത്തിക്കും.

കൊടിമര ചുവട്ടിലും തങ്ക അങ്കിയ്ക്ക് വരവേൽപ്പ് നൽകും.6.30 ന് തങ്കയങ്കി ചാർത്തിയുള്ള മഹാദീപാരാധന നടക്കും. 27നാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ. 10.30 നും 11.30 നും മദ്ധ്യേയാണ് മണ്ഡല പൂജ നടക്കുക.27 ന് രാത്രി അടക്കുന്ന ക്ഷേത്ര നട ഡിസംബർ 30 ന് വൈകുന്നേരം 5 മണിക്ക് മകരവിളക്ക് ഉൽസവത്തിനായി തുറക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+