മുന്നാറിലേക്ക് ടൂർ പോയവരില്‍ ഉന്നത ഉദ്യോഗസ്ഥരും: ചിത്രങ്ങള്‍ പുറത്ത്, റിപ്പോർട്ട് തേടി കളക്ടർ
സംഭവത്തില്‍ ഇടപെട്ട റവന്യൂ മന്ത്രി ഇന്നലെ തന്നെ ജില്ലാ കളക്ടറില്‍ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസില്‍ നിന്നും കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദ സഞ്ചാരത്തിന് പോയ ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ പുറത്ത്. തഹസില്‍ദാരും ഡെപ്യൂടി തഹസില്‍ദാർമാരും സംഘത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഓഫീസിലെ 23 ജീവനക്കാർ അവധിക്ക് അപേക്ഷ നൽകിയും 21 പേർ അവധി എടുക്കാതെയുമാണ് വിനോദ യാത്രയ്ക്ക് പോയത്. സംഭവത്തില്‍ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ശേഷം ശക്തമായ നടപടിയുണ്ടാവുമെന്ന് റവന്യൂ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഓഫീസ് സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച യാത്രയ്ക്കായി 3000 രൂപ വീതം ഓരോരുത്തരും നൽകിയിരുന്നു. ആകെ 63 ജീവനക്കാരുള്ള ഓഫീസില്‍ നിന്നും 44 പേരും കഴിഞ്ഞ ദിവസം ഹാജരായിരുന്നില്ല. സംഭവത്തിൽ മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ തഹസിൽദാരോട് വിശദീകരണം തേടി. ജില്ലാ കളക്ടർ ഓഫീസിൽ ഹാജരാവാത്ത മുഴുവൻ ജീവനക്കാരുടെയും വിവരങ്ങൾ അടിയന്തിരമായി നൽകാനാണ് നിർദേശം. അതേസമയം ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലും വിമർശനം ശക്തമാണ്.
കൈക്കൂലിയും അഴിമതിയും തെളിവുകളോടെ പിടിച്ചാൽപോലും താൽക്കാലിക സസ്പെൻഷനിലോ സ്ഥലംമാറ്റത്തിലോ അവസാനിക്കുന്ന രീതിയാണ് ഇവിടെയുള്ളത്, അതിന് അപ്പുറത്തുള്ള നടപടിക്ക് ആർക്കും ധൈര്യമില്ലെന്നുമാണ് രജീഷ് പാലവില എന്നയാള്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

വിവിധ വകുപ്പുകളുടെ മാതാവെന്നാണ് റവന്യു വകുപ്പിന് നൽകിയിരിക്കുന്ന വിശേഷണം. കേരളത്തിന്റെ സാമൂഹിക ജീവിതവുമായി ഇത്രയേറെ ബന്ധപെട്ടു കിടക്കുന്ന മറ്റൊരു സർക്കാർ വകുപ്പും ഉണ്ടാവില്ല. അതിൽ ജനങ്ങൾ ഏറ്റവുമധികം ആശ്രയിക്കുന്ന സ്ഥാപനങ്ങളാണ് വില്ലേജ് ഓഫീസും താലൂക്ക് ഓഫീസുകളും. ഒരു വില്ലേജ് ഓഫിസിലോ താലൂക്ക് ഓഫീസിലോ കയറാതെ ഒരു പൗരജീവിതം തന്നെ രാജ്യത്ത് അസാദ്ധ്യമാണ് എന്ന് ആലങ്കാരികമായി പറയാം. അത്രയേറെ ആവശ്യങ്ങളുമായി ആളുകൾ കയറിയിറങ്ങുന്ന ഇടങ്ങളാണ് അത്. വരുമാന സർട്ടിഫിക്കറ്റിന് മുതൽ പ്രകൃതി ദുരന്ത ദുരിതാശ്വാസത്തിന് വരെ ആളുകൾ ചെല്ലേണ്ടയിടം.
അത്തരമൊരു താലൂക്ക് ഓഫീസിലാണ് ജീവനക്കാർ കൂട്ട അവധിയെടുത്ത് ,ചിലർ ഔദ്യോഗികമായി അവധി രേഖപ്പെടുത്താതെപോലും വിനോദയാത്രയ്ക്ക് പോയ വാർത്ത വരുന്നത്. കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ടത്തോടെ അവധിയിലായത് കാരണം ദുരിതത്തിലായ അനവധി മനുഷ്യരുണ്ട്.
സഹപ്രവർത്തകർ ഒത്തുചേർന്ന് ഒരു വിനോദയാത്രയ്ക്ക് പോകുന്നതൊക്കെ സന്തോഷകരമായ കാര്യങ്ങളാണ്. എന്നാൽ തിരക്കുപിടിച്ച ഒരു സർക്കാർ സ്ഥാപനത്തിൽ അത്തരം യാത്രകൾക്ക് പറ്റിയ സമയവും സന്ദർഭവും സമാന്തര സജ്ജീകരണങ്ങളുമൊക്കെ ശ്രദ്ധാപൂർവ്വം ചെയ്യാതെ കൂട്ടത്തോടെ ജീവനക്കാർ വിനോദയാത്രക്ക് പോകുമ്പോൾ ചെകിടത്ത് അടികൊണ്ടപോലെ നിൽക്കുന്നത് ജനങ്ങളാണ്. ഉദ്യോഗസ്ഥരുടെ നിരുത്തരവാദമായ ഈ പ്രവൃത്തിക്ക് 'വിശദീകരണം തേടലും' 'താക്കീതു'മൊക്കെയായി 'കർശന നടപടികൾ ' ഒക്കെ അവസാനിക്കുമെന്ന് അറിയാത്തവരല്ല ഇവിടുത്തെ ജനത.
കൈക്കൂലിയും അഴിമതിയും തെളിവുകളോടെ പിടിച്ചാൽപോലും താൽക്കാലിക സസ്പെൻഷനിലോ സ്ഥലംമാറ്റത്തിലോ അവസാനിക്കുന്ന രീതിയാണ് ഇവിടെയുള്ളത്. അതിനുമപ്പുറം എന്തെങ്കിലും ചെയ്യാൻ ഏതെങ്കിലും സർക്കാർ പുറപ്പെട്ടാൽ വിറപ്പിക്കാൻ കഴിയുന്ന സർവ്വീസ് സംഘടനകളുണ്ടിവിടെ. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമെന്ന ആ പൂച്ചയ്ക്ക് മണികെട്ടാൻ മാത്രം ഇവിടെ ആർക്കും ധൈര്യമുണ്ടാവില്ല. വികസന പ്രവർത്തനങ്ങളെയും ജനകീയ പദ്ധതികളെയും നയങ്ങളെയുമൊക്കെ അങ്ങേയറ്റം ജനവിരുദ്ധമാക്കുന്നതിൽ ഒരുകൂട്ടം സർക്കാർ ജോലിക്കാരുടെ കർമ്മവിമുഖത ഒന്നാമത്തെ പ്രതിയാണ്!
സർക്കാർ ജീവനക്കാരുടെ ഉല്ലാസയാത്രയോട് അനുഭാവത്തോടെ സംസാരിക്കാൻ പൊതുജനങ്ങളെ തടയുന്ന ഘടകം സർക്കാർ ഓഫീസുകളിൽ നിന്ന് അവർക്ക് കിട്ടിയ തിക്തമായ അനുഭവങ്ങളല്ലാതെ മറ്റൊന്നുമല്ല.
കൂട്ടത്തോടെ അവധിയെടുത്താൽ ഇവിടെ ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ലെന്ന് ജീവനക്കാർക്കറിയാം.ആ ധൈര്യമൊന്നുമാത്രമാണ് കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ വിനോദയാത്രയിലെ അംഗസംഖ്യയുടെ വലിപ്പം കാണിക്കുന്നത്.












Click it and Unblock the Notifications