കെഎസ്ആർടിസിയിലെ പീഡന പരാതി: ബസ് ഡ്രൈവററെ സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കെ എസ് ആർ ടി സി സൂപ്പർ ഡീലക്സ് ബസ് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു. പത്തനംതിട്ടയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിലെ ഡ്രൈവർ ഷാജഹാനെയാണ് കെ എസ് ആർ ടി സി വിജിലന്‍സ് വിഭാഗത്തിന്റെ പ്രാഥമിക അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. ബെംഗ്ളൂരുവിൽ താമസിക്കുന്ന മലയാളി പെൺകുട്ടിയുടെ പരാതിയിലാണ് നടപടി. അതേസമയം കെ എസ് ആർ ടി സി അധികൃതർക്കല്ലാതെ പെണ്‍കുട്ടി ഇതുവരെ പൊലീസിന് പരാതി നല്‍കിയിട്ടില്ല.
പീഡന പരാതി ആയതിനാൽ പൊലീസിന് കൈമാറണോ എന്നതിൽ വ്യക്തത വരുത്താൻ നിയമോപദേശം തേടിയിരിക്കുകയാണ് കെ എസ് ആർ ടി സി. കുറ്റം കൃത്യം നടന്നത് കേരളത്തിന് പുറത്തായതിനാൽ അവിടുത്തെ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകേണ്ടത്. ആരോപണ വിധേയനായ ഷാജഹാനെതിരെ മുമ്പും സമാന പരാതികൾ കിട്ടിയതായി റിപ്പോർട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് പത്തനംതിട്ടയില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസില്‍ കോട്ടയത്ത് നിന്നായിരുന്നു പെണ്‍കുട്ടി കയറിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ബസ് കൃഷ്ണഗിരിയില്‍ എത്തിയപ്പോഴാണ് ഡ്രൈവറുടെ ഭാഗത്ത് നിന്നും മോശമായ പെരുമാറ്റം ഉണ്ടായതെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത് ജനല്‍ച്ചില്ല് നീക്കാനായി വിദ്യാര്‍ഥിനി ഡ്രൈവറുടെ സഹായം തേടി. ഈ സമയത്ത് ഡ്രൈവര്‍ ശരീരത്തില്‍ സ്പർഷിച്ചുവെന്നും പരാതിയില്‍ പറയുന്നു
ഡ്രൈവറുടെ ഭാഗത്ത് നിന്നും ഉണ്ടായ പെരുമാറ്റത്തിന്റെ ഞെട്ടലില്‍ അപ്പോള്‍ പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കുന്നുണ്ട്. പിന്നീട് ബാംഗ്ലൂരില്‍ എത്തിയതിന് ശേഷം കെ എസ് ആര്‍ ടി സി അധികൃതര്‍ക്ക് ഇ-മെയില്‍ വഴി പരാതി നല്‍കുകയായിരുന്നു. അതേസമയം വിദ്യാർത്ഥിനിയുടെ പരാതി തള്ളി ഷാജഹാനും നേരത്തെ രംഗത്ത് എത്തിയിരുന്നു. പരാതിക്കാരിയെ അറിയാം. ഇത്തരമൊരു പരാതിക്ക് പിന്നില്‍ മറ്റ് കാരണങ്ങളാണെന്നും നിരപരാധിത്വം അന്വേഷണത്തില്‍ തെളിയുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.
14 വർഷമായി കെ എസ് ആർ ടി സി സർവ്വീസിലുള്ളയാളാണ് ഞാന്‍. ഇന്നുവരെ എന്റെ പേരില്‍ പെണ്ണുകേസോ മറ്റു കേസുകളോ ആരും പറഞ്ഞിട്ടില്ല. 39 യാത്രക്കാരുള്ള ബസിലാണ് സ്ഥിരം പോകുന്നത്. ഞങ്ങള്‍ രണ്ടുപേരും ഡ്രൈവര്‍ കം കം കണ്ടക്ടറാണ്. ശനിയാഴ്ച വെളുപ്പിന് ഞാന്‍ ഡ്യൂട്ടിക്ക് പോയിട്ടില്ല. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ പ്രേരിതമായ കാരണങ്ങളുണ്ടെന്നുമായിരുന്നു ഷാജഹാന്റെ വിശദീകരണം.












Click it and Unblock the Notifications