ട്രാന്‍സ് ജെന്‍ഡേഴ്‌സ് വോട്ട്: 2019 ലെ 100% നേട്ടം ആവർത്തിക്കാന്‍ പത്തനംതിട്ടയില്‍
പത്തനംതിട്ട: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗം 100 ശതമാനവും വോട്ട് ചെയ്ത സംസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളില്‍ ഒന്ന് പത്തനംതിട്ട. സംസ്ഥാന ചരിത്രത്തില്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ 100 ശതമാനം പേരെയും വോട്ട് ചെയ്യിപ്പിക്കാന്‍ കഴിഞ്ഞ ജില്ലകളില്‍ ഒന്നായും ഇതോടെ പത്തനംതിട്ട മാറി. ഒരു വോട്ടര്‍ മാത്രം ഉണ്ടായിരുന്ന മാവേലിക്കരയാണ് മറ്റൊരു മണ്ഡലം. ഇത്തവണയും 100 ശതമാനം തികയ്ക്കാനുള്ള ശ്രമത്തിലാണ് ജില്ല.
ആകെ മൂന്ന് വോട്ടായിരുന്നു ഈ വിഭാഗത്തില്‍ പത്തനംതിട്ട മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. കാഞ്ഞിരപ്പള്ളി, ആറന്‍മുള, അടൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും ഓരോരുത്തര്‍ വീതമാണ് ഉണ്ടായിരുന്നത്. ഇവര്‍ക്ക് സുഗമമായി പോളിംഗ് ബൂത്തിലെത്തി വോട്ടിംഗ് പ്രക്രിയയുടെ ഭാഗമാകാന്‍ സ്വീപ് പ്രവര്‍ത്തനങ്ങള്‍ക്ക് അന്ന് കഴിഞ്ഞിരുന്നു. ഇത്തവണ ലോക്‌സഭാ മണ്ഡലത്തില്‍ ആകെ ഏഴ് പേരാണ് ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇക്കുറിയും ഈ വിഭാഗത്തിന്റെ 100 ശതമാനം വോട്ടിംഗ് ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സ്വീപ് നടത്തിവരുന്നു.

അതേസമയം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ വോട്ടര്‍മാര്‍ കുറവുള്ള മണ്ഡലങ്ങളില്‍ ഒന്ന് കൂടിയാണ് പത്തനംതിട്ട. ഏറ്റവും കുറവ് വയനാടില്‍ ആയിരുന്നു. ഒരാള്‍. പക്ഷേ വോട്ട് ചെയ്തില്ല. ആലപ്പുഴയിലും കാസര്‍കോടും രണ്ട് വീതം വോട്ടര്‍മാര്‍. കാസര്‍കോട് ഒരാള്‍ വോട്ട് ചെയ്തപ്പോള്‍ ആലപ്പുഴയില്‍ ആരും വോട്ട് ചെയ്തില്ല. മലപ്പുറത്തും ഇടുക്കിയിലും മൂന്ന് വീതംപേര്‍; ഇടുക്കിയില്‍ ഒരാള്‍ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായപ്പോള്‍ മലപ്പുറത്ത് ആരും വോട്ട് ചെയ്യാന്‍ എത്തിയില്ല.
മറ്റ് മണ്ഡലങ്ങളില്‍ 2019 ല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടതും വോട്ടുചെയ്തതുമായ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗക്കാരുടെ വിവരം ചുവടെ:
കണ്ണൂര്‍: 5, 1
വടകര: 18, 1
കോഴിക്കോട്: 15, 6
പൊന്നാനി: 6, 1
പാലക്കാട്: 5, 1
ആലത്തൂര്‍: 4, 2
തൃശൂര്‍: 17, 5
ചാലക്കുടി: 8, 6
എറണാകുളം: 13, 6
കോട്ടയം: 8, 3
കൊല്ലം: 8, 4
ആറ്റിങ്ങല്‍: 14, 4
തിരുവനന്തപുരം: 34, 15.
ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തെ പ്രത്യേക വിഭാഗമായി പരിഗണിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം നല്‍കാന്‍ തുടങ്ങിയത് 2019 മുതലാണ്. അന്ന് രാജ്യത്തൊട്ടാകെ ഇതിനായി വ്യാപക പ്രചരണവും നല്‍കിയിരുന്നു. സംസ്ഥാനത്താകെ 174 പേരാണ് അന്ന് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തത്. ഇതില്‍ 62 പേര്‍ പോളിംഗ് ബൂത്തിലെത്തുകയും ചെയ്തു. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ ചേര്‍ത്തതും പോളിംഗ് ചെയ്യിപ്പിച്ചതുമായ ലോക്‌സഭാ, നിയമസഭാ മണ്ഡലം തിരുവനന്തപുരം ആയിരുന്നു.












Click it and Unblock the Notifications