പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ് 19: മാനദണ്ഡങ്ങള്‍ പാലിച്ച് വീട്ടിലും ചികിത്സയാകാം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

Google Oneindia Malayalam News

പത്തനംതിട്ട: ലക്ഷണങ്ങളില്ലാത്ത കോവിഡ് 19 രോഗികള്‍ക്ക് നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വീടുകളില്‍ തന്നെ ചികിത്സ നല്‍കാന്‍ കഴിയുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എ.എല്‍. ഷീജ അറിയിച്ചു. പത്തനംതിട്ടയില്‍ ഇപ്രകാരം 50 ഓളം കോവിഡ് രോഗികളായ ആരോഗ്യപ്രവര്‍ത്തകര്‍ ചികിത്സയില്‍ ഉണ്ട്. ക്ലിനിക്കല്‍ മാനദണ്ഡങ്ങളും സാമൂഹിക പശ്ചാത്തലവും വീട്ടില്‍ വച്ചുളള ചികിത്സയ്ക്ക് ഉതകുന്ന രീതിയില്‍ ആണെങ്കില്‍ മാത്രമേ ഇപ്രകാരമുളള ചികിത്സയ്ക്ക് അനുവാദം ലഭിക്കുവെന്ന് മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

വീട്ടില്‍ വെച്ചുളള ചികിത്സക്കുളള മാനദണ്ഡങ്ങള്‍ രോഗിയുടെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും വീട്ടിനുളളില്‍ തയാറാക്കിയിട്ടുണ്ടെന്ന് ചികിത്സിക്കുന്ന പിഎച്ച്‌സി ഡോക്ടര്‍ക്ക് ബോധ്യപ്പെടണം. രോഗിക്ക് രോഗലക്ഷണങ്ങളോ മറ്റ് രോഗങ്ങളോ ഉണ്ടാകരുത്. ഗര്‍ഭിണികള്‍, നവജാത ശിശുവും അമ്മയും, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ തുടങ്ങിയവര്‍ക്ക് ഗൃഹ ചികിത്സ അനുവദിക്കുകയില്ല. രോഗിക്ക് നല്ല മാനസികാവസ്ഥയും, റൂം ഐസൊലേഷനില്‍ ഇരിക്കാന്‍ സ്വയം സന്നദ്ധതയും ഉണ്ടാകേണ്ടതാണ്. മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെടുകയാണെങ്കില്‍ സ്വയം സന്നദ്ധത വ്യക്തമാക്കി കൊണ്ട് രോഗി ഒരു സത്യവാങ്മൂലം നല്‍കണം.

corna

രോഗിയെ പരിചരിക്കുന്നതിനായി ആരോഗ്യമുളള ഒരാള്‍ വേണം.
രോഗി 12 വയസില്‍ താഴെയുളള കുട്ടിയാണെങ്കില്‍ കുട്ടിയോടൊപ്പം മാതാപിതാക്കളില്‍ ആരെങ്കിലും/ മറ്റൊരു വ്യക്തി കൂടിയോ റൂം ഐസൊലേഷനില്‍ പ്രവേശിക്കണം. ഈ അവസരത്തില്‍ ആരോഗ്യമുളള മൂന്നാമതൊരാള്‍ ഇവരുടെ പരിചരണത്തിനായി ഉണ്ടാവണം. പ്രാദേശിക ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥരും ചേര്‍ന്ന് രോഗിയുടെ സാമൂഹിക പശ്ചാത്തലവും ഭൗതിക സൗകര്യങ്ങളും പരിശോധിച്ച് ബോധ്യപ്പെടണം.

രോഗി ശ്രദ്ധിക്കേണ്ടത് എന്തൊക്കെ

ദിവസേന സമീകൃതാഹാരം കഴിക്കുക. ആവശ്യത്തിന് കുടിക്കാനുളള ചൂടു വെളളവും മറ്റ് പാനീയങ്ങളും കുടിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. മതിയായ വിശ്രമവും രാത്രിയില്‍ ഏഴ്- എട്ട് മണിക്കൂര്‍ ഉറക്കവും ഉറപ്പു വരുത്തുക. പനി, ചുമ, ക്ഷീണം വിശപ്പില്ലായ്മ, ശ്വാസ തടസം, മൂക്കും ചുണ്ടും നീലനിറത്തില്‍ കാണപ്പെടുക, പേശീവേദന, തൊണ്ട വേദന, രുചിയും മണവും നഷ്ടപ്പെടുക, വയറിളക്കം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ രോഗലക്ഷണങ്ങള്‍ എന്തെങ്കിലും പ്രകടമാകുന്നുണ്ടോയെന്ന് ദിവസേന ശ്രദ്ധിക്കുക.

റെഡ് ഫ്ളാഗ് ലക്ഷണങ്ങള്‍ ആയ സ്ഥലകാലബോധം നഷ്ടപ്പെടുന്ന അവസ്ഥ, ശ്വാസം കിട്ടാത്ത അവസ്ഥ, നെഞ്ചുവേദന, മയക്കം, രക്തം തുപ്പുക, അമിതമായ ക്ഷീണം, ബോധക്ഷയം, അസാധാരണമായ നെഞ്ചിടിപ്പ് എന്നിവ അനുഭവപ്പെട്ടാല്‍ എത്രയും പെട്ടെന്ന് ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുക.

രക്തത്തിലെ ഓക്സിജന്റെ അളവ് കൈവിരല്‍ തുമ്പില്‍ നിന്നും അറിയാന്‍ പറ്റുന്ന തരത്തിലുളള ഫിംഗര്‍ പള്‍സ് ഓക്സിമീറ്റര്‍ വാങ്ങാന്‍ കഴിയുമെങ്കില്‍ അത് ഉപയോഗിച്ച് ദിവസേന ഓക്സിജന്‍ സാച്വറേഷന്‍ ( എസ്.പി.ഒ.2) സ്വയം പരിശോധിക്കേണ്ടതാണ്. സ്വയം നിരീക്ഷണത്തിലൂടെ ലഭിക്കുന്ന ( എസ്.പി.ഒ.2) അളവും ദിവസേനയുളള രോഗലക്ഷണങ്ങളും ഒരു ഡയറിയില്‍ കൃത്യമായി രേഖപ്പെടുത്തുക. ആരോഗ്യ പ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെടുമ്പോഴും ടെലി കണ്‍സള്‍ട്ടേഷന്‍ നടത്തുമ്പോഴും പൂര്‍ണമായും അവരോട് സഹകരിക്കുക.

ഡോക്ടറുടെ സേവനം എങ്ങനെയാണ് ലഭ്യമാകുന്നത്.

ദിവസേന ഫോണിലൂടെ സമീപ പ്രദേശത്തുളള ആരോഗ്യ സ്ഥാപനത്തിലെ ഡോക്ടറുടെയും ടീമിന്റെയും സേവനം ലഭ്യമാകും. ഒരു ചെക്ക് ലിസ്റ്റിന്റെ സഹായത്തോടെ രോഗിയുടെ വിശദാംങ്ങള്‍ (രോഗലക്ഷണങ്ങള്‍, എസ്.പി.ഒ.2, മാനസിക പ്രശ്നങ്ങള്‍, സാമൂഹിക പ്രശ്നങ്ങള്‍ ) ദിവസേന ചോദിച്ചറിയുന്നു. മാനസിക പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ജില്ലാ മാനസികാരോഗ്യ പരിപാടിയുമായി ബന്ധപ്പെട്ട സ്റ്റാഫിനെ അറിയിച്ചു സേവനം ലഭ്യമാക്കുന്നു. സാമൂഹിക പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഉത്തരവാദിത്തപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അറിയിച്ച് മേല്‍ നടപടികള്‍ കൈകൊളളണം.

രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നുവെങ്കില്‍ എന്താണ് ചെയ്യുന്നത്

പ്രകടമാകുന്ന രോഗലക്ഷണത്തിന്റെ സ്വഭാവം അനുസരിച്ച്് സിഎഫ്എല്‍ടിസിയിലേക്കോ, കോവിഡ് ആശുപത്രിയിലേക്കോ ചികിത്സക്കായി രോഗിയെ മാറ്റുന്നതായിരിക്കും. ഇതിനായി പ്രത്യേക ആംബുലന്‍സ് സൗകര്യം സജ്ജീകരിച്ചിട്ടുണ്ട്. രോഗിക്ക് ആശയ വിനിമയം നടത്തുന്നതിനായി ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആരോഗ്യ കേന്ദ്രത്തിലെ കണ്‍ട്രോള്‍ റൂം നമ്പര്‍, ജില്ലാ മെഡിക്കല്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂം നമ്പര്‍ എന്നിവ നല്‍കും.

പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പള്‍സ് ഓക്സിമീറ്റര്‍ ചൂണ്ടു വിരലില്‍ ഘടിപ്പിക്കുന്നതാണ് നല്ലത്. ആറു മുതല്‍ പത്ത് സെക്കന്‍ഡ് വരെ പള്‍സ് ഓക്സിമീറ്റര്‍ വിരല്‍ അനക്കാതെ വച്ചാല്‍ മാത്രമേ റീഡിംഗ് ശരിയായി ലഭിക്കൂ. പള്‍സ് ഓക്സിമീറ്റര്‍ വിരലില്‍ ഘടിപ്പിച്ച ശേഷം ഓണാക്കാം. രക്തത്തിലെ ഓക്സിജന്റെ അളവ് (എസ്.പി.ഒ.2) സാധാരണ നിലയില്‍ 95-100 ഇടയിലായിരിക്കണം. 94 ല്‍ താഴെയായാല്‍ ഉടന്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. പള്‍സ് നിരക്ക് മുതിര്‍ന്ന ആള്‍ക്കാരില്‍ സാധാരണ അവസ്ഥയില്‍ 60 നും 100 നും ഇടക്കാണ്. കുട്ടികളില്‍ 75-140 നും ഇടക്ക് ആയിരിക്കും. വിരലില്‍ ഘടിപ്പിച്ച ശേഷം ഓക്സിമീറ്റര്‍ അമര്‍ത്തരുത്. നഖത്തിന് കേടുളളവര്‍, നെയില്‍ പോളിഷ് ഉപയോഗിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് പള്‍സ് ഓക്സിമീറ്ററില്‍ ശരിയായ റീഡിംഗ് കിട്ടില്ല. കുട്ടികളിലും ചിലപ്പോള്‍ റീഡിംഗ് ശരിയാകണമെന്നില്ല. വിശ്രമ വേളയില്‍ അസാധാരണമായ വിധം നാഡി സ്പന്ദനം ഉയര്‍ന്നാല്‍ ശ്രദ്ധിക്കണം.

English summary
Treatment can also be done at home by following covid guidelines; says medical officer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X