ഇലന്തൂര്‍ കാവുണര്‍ന്നു .... കളം ഉണര്‍ത്താന്‍ നാളെ മുതല്‍ കോലങ്ങളുടെ വരവായ്
ഇലന്തൂര്‍: കുംഭ നിലാവിന്റെ നിറവില്‍ ഇലന്തൂരിന്റെ പടേനിക്കാലം നാളെ മുതല്‍ കളം നിറയും. ഓലച്ചൂട്ടില്‍ കൊട്ടിവിളിച്ചിറക്കിയ കുന്നിലമ്മയെ കുടിയിരുത്തിയ പടേനിക്കളത്തിലേക്ക് ഇലന്തൂര്‍ പടേനിഗ്രാമത്തിന്റെ വിവിധ കരകളില്‍ നിന്നും കോലങ്ങളുടെ വരവാകും. ഇലന്തൂര്‍ ദേശത്തിന്റെ ഉത്സവമാമാങ്കത്തിന് തിരശീല ഉയരുകയായി. നാളെ രാവിലെ 8.30 നും 9.45 നും മദ്ധ്യേ ശുംഭമുഹൂര്‍ത്തത്തില്‍ താഴമണ്‍മഠം ബ്രഹ്മശ്രീകണ്ഡര് രാജീവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് ചടങ്ങോടെ 10 ദിവസം നീണ്ടു നില്‍ക്കുന്ന തിരുവുത്സത്തിന് തുടക്കമാവും.
കഴിഞ്ഞ വ്യശ്ച്ചികത്തില്‍ തിരിതെളിഞ്ഞ ഇലന്തൂര്‍ പടേനികളരിയില്‍ കോലം തുള്ളല്‍, പടേനിപ്പാട്ട്, തപ്പ് മേളം, കോലമെഴുത്ത്, പടേനി വിനോദം എന്നിവയെപ്പറ്റിയുള്ള അറിവുകള്‍ പ്രഗല്‍ഭരായ ആശാന്‍മാര്‍ പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കി. പമ്പാനദിയ്ക്ക് അക്കരെയിക്കരെ തെക്കന്‍ വടക്കന്‍ ശൈലികളില്‍ തെക്കന്‍ ശൈലി പിന്‍തുടരുമ്പോളും ഇലന്തൂര്‍ പടേനിക്ക് തലമുറകളായി പകര്‍ന്നു കിട്ടിയ തനതുശൈലി നഷ്ടപ്പെടാതെ ഇന്നും സൂക്ഷിയ്ക്കുന്നു. മറ്റു പടേനിക്കരകളെ അപേക്ഷിച്ച് ചടുലമായ പാട്ടും ചുവടുകളും ഇലന്തൂര്‍ പടേനിയെ വേറിട്ട് നിര്‍ത്തുന്നു. ഒന്നാം പടേനി ദിവസമായ നാളെ മണ്ണുംഭാഗം കരയുടെ വഴിപാട് കോലങ്ങള്‍ നാഗരാജപുരം ക്ഷേത്രത്തിന് സമീപത്ത് തയ്യാറാക്കിയ കോലപുരയില്‍ നിന്നും ചൂട്ട്കറ്റ വെളിച്ചത്തില്‍ വാദ്യമേളങ്ങളുടേയും താലപ്പൊലിയുടേയും അകമ്പടിയോടെ കോലം എതിരേല്പ് നടക്കും.

രാത്രി 10 മണിയോടെ ക്ഷേത്രത്തില്‍ എത്തുന്ന കൂട്ടകോലങ്ങളെ കളത്തില്‍ കാപ്പൊലിച്ച് തപ്പ് കാച്ചി കൊട്ടുന്നതോടെ കോലങ്ങളുടെ വരവാകും.ഇലന്തൂരിന്റെ എട്ട് പടേനി രാവുകള്‍ക്ക് വെളിച്ചമേകാന്‍ ആയിരക്കണക്കിന് ചൂട്ടു കറ്റകളാണ് കരവാസികള്‍ തയ്യാറാക്കി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മൂന്നു മാസമായി ഇലന്തൂര്‍ ദേശത്തിലെ ഭവനങ്ങളില്‍ സൂക്ഷിച്ച് വച്ചിരുന്ന ചൂട്ടുകള്‍ കരവാസികള്‍ ശേഖരിച്ച് ചൂട്ടുകളാക്കി മാറ്റിക്കൊണ്ടിരിയ്ക്കുകയാണ്. ദേവിയുടെ മുമ്പിലെ വിളക്കായ കത്തിച്ച ചൂട്ടുകറ്റകള്‍ കയ്യലേന്തി ചൂട്ടു വെളിച്ചത്തില്‍ കോലം എതിരേല്ക്കുന്നത്ത് കോലം വഴിപാട് പോലെ തന്നെ ശ്രേഷ്ടമാണെന്നാണ് കരക്കാരുടെ വിശ്വാസം












Click it and Unblock the Notifications