വീണാ ജോര്‍ജിന് ഫോണ്‍ അലര്‍ജി, ശൈലജ ടീച്ചറിന്റെ കാലത്തെ നല്ലപേരുപോയി; സിപിഐ
പത്തനംതിട്ട: ആരോഗ്യ വകുപ്പ് മന്ത്രി വീണാജോർജിനെതിരെ വിമർശനവുമായി സിപിഐ. വീണാ ജോർജിന് ഫോൺ അലർജിയാണെന്ന് സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ പൊതുചർച്ചയിൽ വിമർശനം ഉയർന്നു. ഔദ്യോഗിക നമ്പരിൽ വിളിച്ചാലും ഫോൺ എടുക്കില്ല. ആരോഗ്യവകുപ്പിൽ മന്ത്രിക്ക് നിയന്ത്രണം ഇല്ലെന്നും ശൈലജ ടീച്ചറിൻറെ കാലത്തെ നല്ലപേരു പോയെന്നും പ്രതിനിധികൾ വിമർശിച്ചു.
മന്ത്രി വിളിച്ചാൽ ഫോണെടുക്കില്ലെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ജില്ലാ സമ്മേളനത്തിലും ഈ ആരോപണം സിപിഐ ആവർത്തിച്ചു. ജില്ലയിലെ എൽഡിഎഫ് യോഗങ്ങളിൽ വേണ്ട വിധത്തിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും രാഷ്ട്രീയ വിഷയങ്ങളിൽ പോലും ശരിയായ ചർച്ചകൾ നടക്കുന്നില്ലെമന്നും പ്രശ്‌നങ്ങളോടുള്ള മുഖ്യ പാർട്ടികളുടെ സമീപനമാണ് ഇതിന് കാരണമെന്നും വിമർശനം ഉണ്ട്.

കോന്നി എം.എൽ.എ കെ.യു ജനീഷ് കുമാറിനെയും സമ്മേളനത്തിൽ വിമർശിച്ചു.സിപിഐയെ അവഗണിച്ചാണ് കോന്നിയിൽ സിപിഎം മുന്നോട്ട് പോകുന്നത്. എംഎൽഎയ്ക്ക് സിപിഐയോട് വിരോധമാണെന്നുമാണ് ആരോപണങ്ങൾ. എംഎൽഎയുടെ പെരുമാറ്റം മുന്നണിക്ക് ചേരുന്നതല്ലെന്നും സമ്മേളനത്തിൽ വിലിരുത്തി.
അങ്ങാടിക്കൽ കൊടുമൺ സംഘർഷത്തിൽ കുറ്റക്കാർക്കെതിരായ നടപടിയെടുക്കുന്നതിൽ സിപിഎം വാക്ക് പാലിച്ചില്ലെന്ന് എന്നും സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സി.പി.എം സ്വീകരിച്ചത് ഏകപക്ഷീയ നിലപാടാണ് സംഘർഷത്തിന് കാരണം എന്നും മുന്നണിയെന്ന നിലയിൽ ഒരു സീറ്റ് പോലും ലഭിക്കതിരുന്നതിനാലാണ് സിപിഐ ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്നും സംഘടനാ റിപ്പോർട്ടിൽ പറയുന്നു.
ചിറ്റയം ഗോപകുമാറും വീണാ ജോർജും തമ്മിലുള്ള തർക്കം സംഘടനയ്ക്ക് നാണക്കേടായെന്നും വിമർശനം ഉയർന്നു. സംഘടനാ റിപ്പോർട്ടിൽ സിപിഎമ്മിനും രൂക്ഷ വിമർശനം ഉണ്ട്. എൽ.ഡി.എഫ് ജില്ലായോഗങ്ങളിൽ കൂടിയാലോചന ഇല്ല. ജനീഷ് കുമാർ എംഎൽഎ സിപിഐയോട് ശത്രുതാ മനോഭാവത്തിലാണ് പെരുമാറുന്നത്. അങ്ങാടിക്കലിൽ സിപിഐ പ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ നടപടിയുണ്ടായില്ലെന്നും വിമർശനമുണ്ട്.












Click it and Unblock the Notifications