ക്യാരറ്റ് എടുത്ത് കഴിക്കരുതെന്ന് പറഞ്ഞു, തർക്കം: റാന്നിയില്‍ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തി
പത്തനംതിട്ട: റാന്നിയെ നടുക്കി പച്ചക്കറി വ്യാപാരിയുടെ കൊലപാതകം. ക്യാരറ്റ് എടുത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനൊടുവിലാണ് പച്ചക്കറി വ്യാപാരിയായ അനില്‍കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ കരിംകുട്ടി സ്വദേശി ഇടത്തൻ എന്ന് വിളിക്കുന്ന പ്രദീപ് ഉൾപ്പെടെ രണ്ട് പേരെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു.
പച്ചക്കറി വാങ്ങാനെത്തിയ പ്രതികളുമായി ക്യാരറ്റിന്റെ വിലയെച്ചൊല്ലി തർക്കമുണ്ടായിരുന്നു. ഇതിനിടയില്‍ ഇവർ ക്യാരറ്റ് എടുത്ത് കഴിക്കുകയും ചെയ്തു. ക്യാരറ്റിന് വില കൂടുതലാണെന്നും വെറുതെ എടുത്ത് കഴിക്കരുതെന്നും കടയിലെ ജീവനക്കാരിയായ മഹാലക്ഷ്മി പറഞ്ഞു. ഇതോടെ മദ്യലഹരിയിലായ പ്രതികള്‍ കൂടുതല്‍ പ്രകോപിതരാകുകയായിരുന്നു.

കടയില്‍ നിന്നും പുറത്തേക്ക് പോയ ഇവർ പെട്ടെന്ന് തന്നെ വടിവാളുമായി തിരികെ എത്തി മഹാലക്ഷ്മിയെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടയാന്‍ കടയുടമയായ അനില്‍കുമാർ ശ്രമിച്ചു. ഒടുവില്‍ അനില്‍ കുമാറിനെ കടയില്‍ നിന്നും വലിച്ചിറക്കി വെട്ടുകയായിരുന്നുവെന്നാണ് ജീവനക്കാരി പറയുന്നത്. അനിൽകുമാർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
സംഭവം കഴിഞ്ഞ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതികളെ പൊലീസ് പിടികൂടി. പ്രതികൾ മറ്റ് നിരവധി കേസുകളിലും പ്രതികളാണ്.അക്രമത്തില്‍ കടയിലെ ജീവനക്കാരിയായ മഹാലക്ഷ്മിക്കും അവരുടെ ഭർത്താവിനും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ പരിക്ക് ഗുരുതരമല്ല.












Click it and Unblock the Notifications