പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വെരി.റവ. അപ്രേം റമ്പാന്‍ നിര്യാതനായി: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ വൈദികന്‍

  • By Desk
Google Oneindia Malayalam News

മൈലപ്ര: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ വൈദികനും മൈലപ്ര മാര്‍ കുര്യാക്കോസ് ആശ്രമം മുന്‍ സുപ്പീരിയറുമായിരുന്ന വെരി.റവ. അപ്രേം റമ്പാന്‍ (100) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച മൂന്നിന് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ മൈലപ്ര മാര്‍ കുര്യാക്കോസ് ആശ്രമ ചാപ്പലില്‍.

കോന്നി പുന്നൂരേത്ത് പരേതരായ കൊച്ചുകോശി - റാഹേലമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: പരേതരായ പി,കെ. മാത്തുക്കുട്ടി (തിരുവനന്തപുരം), ഫാ.പി.കെ. സ്‌കറിയ, പി.കെ. ജോര്‍ജ്, മറിയാമ്മ, ചിന്നമ്മ, തങ്കമ്മ, കുഞ്ഞമ്മ, കുഞ്ഞൂഞ്ഞമ്മ.

ramban-1

1946 ഓഗസ്റ്റ് 16ന് ശെമ്മാശനായി. 1948 ജൂണ്‍ 29നു വൈദികനും 1987 സെപ്റ്റംബര്‍ 29ന് റമ്പാനുമായി. തുമ്പമണ്‍ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ വികാരി, അട്ടച്ചാക്കല്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ അധ്യാപകന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. കിഴക്കന്‍ മലയോര മേഖലയില്‍ നിരവധി ദേവാലയങ്ങളുടെ സ്ഥാപക വികാരിയായിരുന്നു. നൂറാം വയസിലും കര്‍മനിരതനായിരുന്നുവെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. കുര്‍ബാനകളിലും സഭാവേദികളിലും മുടങ്ങാതെ പങ്കെടുത്തിരുന്നു. ഭൗതികശരീരം ഇന്ന് രണ്ടിന് പത്തനംതിട്ട ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയില്‍ നിന്നും വിലാപയാത്രയായി എടുത്ത് കുമ്പഴ വഴി മൈലപ്ര ആശ്രമത്തില്‍ പൊതുദര്‍ശനത്തിനായി എത്തിക്കും.


വിശ്വാസത്തില്‍ അടിപതറാതെയുള്ള ജീവിതക്രമം

കോന്നി: പുന്നുരേത്ത് പി.വി. കൊച്ചുകോശിയുടെയും റാഹേലമ്മയുടെയും മകനായി 1919 മാര്‍ച്ച് 25നു ജനനം. പരിശുദ്ധ ദൈവമാതാവിനോടുള്ള വചനിപ്പ് പെരുന്നാള്‍ സഭ ആഘോഷിക്കുന്ന ദിവസമായിരുന്നു അത്. മരണംവരെയും പരിശുദ്ധ അമ്മയോടുള്ള ഭക്തിയും മധ്യസ്ഥതയും നഷ്ടപ്പെടാതെ അദ്ദേഹത്തിനുണ്ടായിരുന്നു. കോന്നി താഴം എംഎസ്്‌സി എല്‍പിഎസിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് പത്തനംതിട്ട കാതോലിക്കേറ്റ് സ്‌കൂളില്‍ പഠിച്ചു.

ജീവിതത്തിന്റെ പ്രാരാബ്ധങ്ങള്‍ ഏറെ നിറഞ്ഞുനിന്നിരുന്ന ഒരു കാലഘട്ടത്തില്‍ വിശ്വാസത്തില്‍ അടിപതറാതെയുള്ള ജീവിതക്രമം ചെറുപ്പം മുതല്‍ അദ്ദേഹം രൂപപ്പെടുത്തിയെടുത്തു. മൈലപ്രയിലെ പി.ഇ. മാത്യൂസ് റമ്പാന്റെ ജീവിതം നന്നേ ആകര്‍ഷിച്ചു. ചെറുപ്രായത്തില്‍ തന്നെ മാത്യൂസ് റമ്പാന്റെ ശിഷ്യത്വം സ്വീകരിച്ചു. മൈലപ്ര മാര്‍ കുര്യാക്കോസ് ആശ്രമത്തിലെ അംഗവുമായി. അട്ടച്ചാക്കല്‍ സ്‌കൂളില്‍ അധ്യാപകനായി. ഇതോടെ സാമൂഹിക ബന്ധത്തിന് ഊര്‍ജ്ജമായി. അനേകം പേരെ ശിഷ്യരായി അദ്ദേഹത്തിനു ലഭിച്ചു. വൈദികനായതോടെ മലയോര മേഖലയിലെ നിരവധി ദേവാലയങ്ങളുടെ ചുമതല ലഭിച്ചു. സൗകര്യങ്ങള്‍ പരിമിതമായിരുന്ന കാലഘട്ടത്തില്‍ ദേവാലയങ്ങളുടെ സ്ഥാപനം, പുനരുജ്ജീവനം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ പതിപ്പിച്ചു. വാഹനസൗകര്യങ്ങളോ വഴിയോ ഇല്ലാത്ത പ്രദേശത്തു കാല്‍നടയായി സഞ്ചരിച്ച് പ്രവര്‍ത്തിച്ചു. അനേകരെ ആത്മീയമായി സ്വാധീനിക്കാനും ഇതിലൂടെ കഴിഞ്ഞു.

ചെറുപ്പം മുതല്‍ ആര്‍ജ്ജിച്ചെടുത്ത ജീവിതചര്യയാണ് നൂറു വയസ് പിന്നിട്ടപ്പോഴും റമ്പാച്ചനെ കര്‍മനിരതനാക്കിയിരുന്നത്. എല്ലാദിവസവും പുലര്‍ച്ചെ നാലിന് എഴുന്നേല്‍ക്കും. വര്‍ഷങ്ങളായി ആശ്രമത്തില്‍ പുലര്‍ച്ചെയുള്ള മണി മുഴക്കുന്നത് അദ്ദേഹമാണ്. ഇതു കേട്ടുകൊണ്ടാണ് ചെറുപ്രായക്കാരുള്‍പ്പെടെ ഉണരുന്നത്. കണ്ണടയില്ലാതെ അവസാനസമയങ്ങള്‍ വരെയും വായിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കേഴ് വിക്കും കുഴപ്പമുണ്ടായിരുന്നില്ല. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും സ്വയം കുര്‍ബാന അര്‍പ്പിക്കുമായിരുന്നു. കഴിയുമെങ്കില്‍ എല്ലാ ദിവസവും കുര്‍ബാനയില്‍ സഹകാര്‍മികനാകും. ബുധനും വെള്ളിയും ഉപവാസം ശീലമായിരുന്നു. വായനയ്ക്കും മുടക്കമുണ്ടായിരുന്നില്ല.


അധ്യാപകനായിരിക്കുമ്പോള്‍ ഒഴിവുസമയത്തെ പ്രധാന ജോലി കൃഷിയായിരുന്നു. അധ്യാപനത്തില്‍ നിന്നു വിരമിച്ചതോടെ ആശ്രമവളപ്പില്‍ കൃഷി തുടങ്ങി. കൃഷി തന്റെ ആരോഗ്യത്തെ ഏറെ സ്വാധീനിച്ചിരുന്നുവെന്ന് റമ്പാച്ചന്‍ പറയുമായിരുന്നു. മുറ തെറ്റാതെയുള്ള യാമപ്രാര്‍ഥനയും ശക്തിപ്രദാനമായി.

English summary
Very reva. Aprem ramban passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X