ശബരിമലയിലേക്ക് ഇനി ആരും പ്ലാസ്റ്റിക്ക് ബോട്ടിലിൽ വെള്ളവുമായി വരേണ്ട: കുടിവെള്ള കിയോസ്കുകൾ റെഡി
പത്തനംതിട്ട: ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് കുടിവെള്ളം ഉറപ്പ് വരുത്താന്‍ വഴിനീളെ കിയോസ്ക്കുകൾ സ്ഥാപിച്ച് സംസ്ഥാന വാട്ടർ അതോറിറ്റി. പ്ലാസ്റ്റിക് കുപ്പികളിൽ കുടിവെള്ളം കൊണ്ടു വരേണ്ട സാഹചര്യമാണ് ഇതിലൂടെ അയ്യപ്പഭക്തർക്ക് ഒഴിവാകുകയാണ്. വഴികളില്‍ കുപ്പികള്‍ ഉപേക്ഷിക്കുന്നതിനുള്ള ശാശ്വത പരിഹാരം കൂടിയാണ് കുടിവെള്ള കിയോസ്കുകള്‍.
പമ്പ മുതൽ സന്നിധാനം വരെ 106 കുടിവെള്ള കിയോസ്ക്കുകളാണുള്ളത്. മണിക്കൂറിൽ 35000 ലിറ്റർ ആകെ ഉത്പാദനശേഷിയുള്ള ഒൻപത് ആർ ഓ പ്ലാന്റുകൾ ഇതിനായി സ്ഥാപിച്ചിട്ടുണ്ട് . പമ്പയിൽ മൂന്നും,അപ്പാച്ചിമേട് , മരക്കൂട്ടം , ശരംകുത്തി എന്നിവയ്ക്ക് പുറമെ നീലിമലയിൽ രണ്ടും സന്നിധാനത്തും ആർ ഓ പ്ലാന്റുകൾ പ്രവർത്തിക്കുന്നു. വിതരണം ഉറപ്പാക്കുന്നതിന് പമ്പയിൽ 6 ലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണി,നീലിമല ടോപ്പിലും അപ്പാച്ചിമേട്ടിലും രണ്ട് ലക്ഷം വീതം ശേഷിയുമുള്ള ടാങ്കുകളുമാണ് സ്ഥാപിച്ചിട്ടുള്ളത്.

ശരംകുത്തിയിൽ സ്‌ഥാപിച്ചിട്ടുള്ള 6 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കിൽ നിന്നാണ് ദേവസ്വംബോർഡിൻറെ ടാങ്കുകളിലേക്ക് ജലം നൽകുന്നത്. ക്വാളിറ്റി കൺട്രോളിനായി സന്നിധാനത്തും പമ്പയിലും പരിശോധന യൂണിറ്റുകൾ പ്രവർത്തിക്കുന്നു. ഒരു മണിക്കൂർ ഇടവിട്ടാണ് പരിശോധന. സ്ഥിരം ജീവനക്കാർക്ക് പുറമെ എൺപതോളം താത്കാലിക ജീവനക്കാരെയും വാട്ടർ അതോറിറ്റി മണ്ഡലകാലത്ത് ശബരിമലയിൽ നിയോഗിച്ചിട്ടുണ്ട്. പമ്പ, നിലയ്ക്കൽ, സന്നിധാനം തുടങ്ങിയ ഏതെങ്കിലും സ്ഥലത്ത് കുടിവെള്ളം കിട്ടാതെ വരികയോ മറ്റ് പരാതികൾ അറിയിക്കാനോ 04735 203360 എന്ന ഫോണിൽ വിളിക്കാവുന്നതാണെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.
അതേസമയം, വരി നിൽക്കുന്ന ഭക്തർക്കായി ബാരിക്കേടുകൾക്കിടയിലെ പൈപ്പിലൂടെ ചൂടുവെള്ളം എത്തിക്കാനുള്ള സംവിധാനവും സന്നിധാനത്ത് തയ്യാറാണ്. കിയോസ്‌കുകൾ വഴി ക്യൂ നിൽക്കുന്നവർക്ക് ചൂടുവെള്ളം നൽകാനും ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ശരംകുത്തി മുതൽ വലിയ നടപന്തൽ വരെ ചൂടുവെള്ള ലഭ്യത ഉറപ്പാക്കും. 2000 സ്റ്റീൽ ബോട്ടിലിൽ ചുക്കു വെള്ളം നിറച്ച് മലകയറുന്ന ഭക്തർക്ക് നൽകുന്നതിനുള്ള ക്രമീകരണം പൂർത്തിയായി. മലയിറങ്ങുമ്പോൾ ബോട്ടിൽ തിരികെ ഏൽപ്പിക്കണം. ഭക്തരുടെ സൗകര്യത്തിനായി സന്നിധാനം മുതൽ ശരംകുത്തി വരെ 60 ഓളം ചുക്ക് വെള്ള കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.
നിലവിൽ മണിക്കൂറിൽ 4000 ലിറ്റർ സംഭരണശേഷിയുള്ള ശരം കുത്തിയിലെ ബോയിലറിന്റെ ശേഷി പതിനായിരം ലിറ്റർ ആക്കി ഉയർത്തി. ആയിരം പേർക്ക് വിശ്രമിക്കാൻ ആവശ്യമായ ഇരിപ്പിടങ്ങളാണ് മരക്കൂട്ടം മുതൽ ഇത്തവണ ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. പമ്പയിൽ വനിതകൾക്കായി പ്രത്യേക വിശ്രമ കേന്ദ്രമുണ്ടാവും. വനിത ഫെസിലിറ്റേഷൻ സെന്ററിൽ 50 പേർക്കുള്ള സൗകര്യം കൂടി അധികമായി ഒരുക്കി.












Click it and Unblock the Notifications