പന്തളത്തെ ഹോട്ടലില്‍ നിന്നും പിടിച്ചെടുത്ത് ഒരാഴ്ച പഴക്കമുള്ള ഇറച്ചി: പരിശോധന തുടരുന്നു
പത്തനംതിട്ട: പന്തളത്തെ ഹോട്ടലുകളില്‍ ഭക്ഷ്യ വകുപ്പിന്റെ വ്യാപക പരിശോധന. നിരവധി ഹോട്ടലികളില്‍ നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി. മെഡിക്കൽ മിഷൻ സമീപത്തെ ഹോട്ടലിൽനിന്ന് ഒരാഴ്ച പഴക്കമുള്ള ഇറച്ചിയാണ് പിടിച്ചെടുത്തത്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന മൂന്ന് ഹോട്ടൽ അടച്ചുപൂട്ടാനും നിർദേശിച്ചിട്ടുണ്ട്. പന്തളം നഗരസഭ ആരോഗ്യവിഭാഗമാണ് നഗരസഭയിലെ വിവിധ ഹോട്ടലുകളില്‍ കഴിഞ്ഞ ദിവസം രാവിലെ മുതല്‍ പരിശോധന ആരംഭിച്ചത്. അതേസമയം, നിരവധി പരാതികള്‍ ഉയർന്ന ചില ഹോട്ടലുകളില്‍ അധികൃതർ പരിശോധനയ്ക്കായി കയറിയില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.
മെഡിക്കൽ മിഷൻ ജങ്ഷന് സമീപത്തെ പേസ്ട്രി വേൾഡ് എന്ന ഹോട്ടലില്‍ നിന്നാണ് പഴകിയ ചിക്കൻ അൽ ഫാം, ഗോബി മഞ്ചൂരിയൻ എന്നിവ പിടിച്ചെടുത്ത്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പുഷ്പ കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ധന്യ, ഷഹന എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. വൃത്തിഹീനമായി പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കെതിരെ അടച്ച് പൂട്ടലുള്‍പ്പടേയുള്ള നടപടി ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, സംസ്ഥാന വ്യാപകമായി ഇന്നലെ 547 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. വൃത്തിഹീനമായി പ്രവർത്തിച്ച 18 സ്ഥാപനങ്ങളുടേയും ലൈസൻസ് ഇല്ലാതിരുന്ന 30 സ്ഥാപനങ്ങളുടേയും ഉൾപ്പെടെ 48 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്പ്പിച്ചു. 142 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ശക്തമായ പരിശോധന തുടരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് വലിയ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. 'നല്ല ഭക്ഷണം നാടിന്റെ അവകാശം' കാമ്പയിന്റെ ഭാഗമായി ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ മത്സ്യ, ഓപ്പറേഷൻ ജാഗറി, ഓപ്പറേഷൻ ഓയിൽ, ഓപ്പറേഷൻ ഹോളിഡേ തുടങ്ങിവ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി.
ഷവർമ മാർഗനിർദേശം പുറത്തിറക്കി. വിവിധ ഓപ്പറേഷനുകളിലൂടെ സംസ്ഥാനത്താകെ കഴിഞ്ഞ ജൂലൈ മുതൽ ഡിസംബർ വരെ 46,928 പരിശോധനകൾ നടത്തി. 9,248 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 97.60 ലക്ഷം രൂപ പിഴ ഈടാക്കി. നിയമ നടപടികളുടെ ഭാഗമായി 149 സ്ഥാപനങ്ങൾ അടപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിരന്തര ഇടപെടലിലൂടെ കഴിഞ്ഞ ആറു മാസ കാലയളവിനുള്ളിൽ 82,406 സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷനും 18,037 സ്ഥാപനങ്ങൾക്ക് ലൈസൻസും ലഭ്യമാക്കി.












Click it and Unblock the Notifications