പ്രായം കുറഞ്ഞ പ്രസിഡന്റ് രേഷ്മയ്ക്ക് വരൻ വർഗീസ് ബേബി മിന്നുചാർത്തും; വിവാഹം ഡിസംബർ 26ന് പ്രമാടത്ത്
കോന്നി: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻ്റ് രേഷ്മ മറിയം റോയ് വിവാഹിതയാകുന്നു. അരുവാപ്പുലം പഞ്ചായത്ത് ഉൾപ്പെടുന്ന ബ്ലോക്ക് ഡിവിഷനിലെ ജനപ്രതിനിധിയും സിപിഎം നേതാവുമായ വർഗീസ് ബേബിയാണ് വരൻ. നിലവിൽ അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റാണ് രേഷ്മ. ഡിസംബർ 26ന് വൈകീട്ട് നാലിന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ വർഗീസ് രേഷമയ്ക്ക് മിന്നുചാർത്തും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും വിവാഹ ചടങ്ങുകൾ.

അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയിലെത്തിയപ്പോഴാണ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻ്റ് എന്ന പ്രത്യേകതയുമായി രേഷ്മ വാർത്തകളിൽ നിറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇടതുമുന്നണി സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ തന്നെ രേഷ്മ രാഷ്ട്രീയ രംഗത്ത് പ്രശസ്തയാവുകയും ചെയ്തിരുന്നു.
ഷാലിന്‍... ഹോളിവുഡിലേക്കുള്ള പോക്കാണോ; എന്തൊരു മാസ് ലുക്കാണെന്ന് ആരാധകര്‍

തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ളവർക്ക് ഏറ്റവും കുറഞ്ഞ പ്രായപരിധി 21 വയസ്സാണ്. 2020 നവംബർ 19ന് ആയിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടിയിരുന്ന അവസാന തിയതി. നവംബർ 18ന് രേഷ്മയ്ക്ക് 21 വയസ് പൂർത്തിയായി. മത്സരിച്ച് വിജയിച്ച് പ്രായം കുറഞ്ഞ കൗൺസിലറായ രേഷ്മ പിന്നീട്, പ്രായം കുറഞ്ഞ പ്രസിഡന്‍റ് എന്ന സ്ഥാനത്തേക്കും എത്തുകയായിരുന്നു.

കോന്നി ബ്ലോക്ക് പഞ്ചായത്തിലെ അരുവാപ്പുലം ഡിവിഷൻ അംഗമായ വർഗീസ് ബേബിയുമായാണ് രേഷ്മയുടെ വിവാഹം നടക്കുക. പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻ്റിലുപരി രേഷ്മ സിപിഎമ്മിൻ്റെ അരുവാപ്പുലം ലോക്കൽ കമ്മിറ്റി അംഗവുമാണ്. വരൻ വർഗീസ് ബേബി സിപിഎം കോന്നി ഏരിയാ കമ്മിറ്റിയംഗവും രേഷ്മയുടെ പഞ്ചായത്ത് ഉൾപ്പെടുന്ന ബ്ലോക്ക് ഡിവിഷനിലെ ജനപ്രതിനിധിയുമാണ്.

ഇരുവരും ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കന്നിയങ്കത്തിൽ വിജയരഥത്തിലേറി നിർണായക ചുമതലകളിലെത്തിയവരാണ്. ഡിസംബർ 26ന് വൈകീട്ട് നാലിന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് വിവാഹ ചടങ്ങുകൾ. ഞായറാഴ്ചയാണ് വിവാഹ നിശ്ചയം നടന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും വിവാഹ ചടങ്ങുകൾ. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്ത് നിന്നുള്ള പ്രമുഖരും വിവാഹത്തിൽ പങ്കെടുത്ത് ഇരുവരെയും ആശീർവദിക്കാൻ അരുവാപ്പുലത്ത് എത്തിയേക്കും.












Click it and Unblock the Notifications