ടോണ്ടന്: ഐ പി എല്‍ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ് ഉടമ വിജയ് മല്യ തലയില്‍ കൈവെച്ച് നില്‍ക്കുന്നുണ്ടാകണം. ഈ ഫോം ക്രിസ് ഗെയ്ല് കുറച്ച് നേരത്തെ പുറത്തെടുത്തിരുന്നെങ്കില്‍ എട്ടാമത് ഐ പി എല്‍ കിരീടം ബാംഗ്ലൂരിന്റെ അലമാരിയില്‍ ഇരുന്നേനെ. വിശ്വസിക്കാന്‍ പ്രയാസമാണ്. സോമര്‍സെറ്റിന് വേണ്ടി ഈ സീസണില്‍ മൂന്നേ മൂന്ന് മത്സരങ്ങള്‍ കളിച്ച ഗെയ്ലിന്റെ റണ്‍നേട്ടം 328 ലെത്തി. പുറത്തായത് ഒരേയൊര് തവണ മാത്രം.
കെന്റിനെതിരെ ക്രിസ് ഗെയ്ല് പുറത്താകാതെ 151 റണ്‍സടിച്ചിട്ടും സോമര്‍സെറ്റ് തോറ്റുപോയിരുന്നു. എന്നാല്‍ ഇത്തവണ തോല്ക്കാന് ഗെയ്ല് തയ്യാറായിരുന്നില്ല. ഹാംപ്ഷെയറിനെതിരെ 85 റണ്‍സോടെ പുറത്താകാതെ നിന്ന ഗെയ്ല് സോമര്‍സെറ്റിനെ വിജയത്തിലെത്തിച്ചു. സ്കോര്‍ ഹാംപ്ഷെയര്‍ മൂന്ന് വിക്കറ്റിന് 167, സോമര്‍സെറ്റ് രണ്ട് വിക്കറ്റിന് 173.
നാറ്റ്വെസ്റ്റ് ട്വന്റി 20 ലീഗില്‍ സ്വപ്നതുല്യമായ ഫോമിലാണ് ക്രിസ് ഗെയ്ല് കളിക്കുന്നത്. താരതമ്യേന ചെറിയ വിജയലക്ഷ്യം തേടിയിങ്ങിയ സോമര്‍സെറ്റിന് വേണ്ടി ഗെയ്ല് 85 റണ്‍സെടുക്കാന്‍ ഗെയ്ലിന് വേണ്ടിവന്നത് വെറും 49 പന്തുകള്‍. അതില്‍ എട്ട് സിക്സുകളും ആറ് ഫോറുകളും. ക്രിസ് ഗെയ്ല് തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹാംപ്ഷെയറിന് 3 വിക്കറ്റിന് 167 റണ്‍സിലെത്താനേ പറ്റിയുള്ളൂ. 64 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വിന്‍സാണ് അവരുടെ ടോപ് സ്കോറര്‍. സോമര്‍സെറ്റിന് വേണ്ടി ക്രിസ് ഗെയ്ലിന് പുറമേ അര്‍ധസെഞ്ചുറിയോടെ ട്രെഗോയും തിളങ്ങി. ട്രെഗോ 34 പന്തില്‍ 51 റണ്‍സെടുത്തു.