ബംഗ്ലാദേശിനെ ഇന്ത്യ എറിഞ്ഞ് ചുരുട്ടിക്കളഞ്ഞു.. പടുകൂറ്റൻ ജയം.. അതും 240 റണ്‍സിന്!!!

  • Posted By:
Subscribe to Oneindia Malayalam

ലണ്ടൻ: ഐ സി സി ചാമ്പ്യൻസ് ട്രോഫി സന്നാഹമത്സരത്തിൽ അയൽക്കാരായ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് പടുകൂറ്റൻ ജയം. 240 റൺസിനാണ് ഇന്ത്യ ബംഗ്ലാ കടുവകളെ തുരത്തിവിട്ടത്. ജയിക്കാൻ 325 റൺസിന്റെ വന്മല കേറാനിറങ്ങിയ ബംഗ്ലാദേശ് 23.5 ഓവറിൽ വെറും 84 റൺസിന് ഓളൗട്ടായി. 240 റൺസിന്റെ തോൽവി. സ്കോർ ഇന്ത്യ 7 വിക്കറ്റിന് 324, ബംഗ്ലാദേശ് 84 ഓളൗട്ട്.

കൂറ്റൻ വിജയലക്ഷ്യം തേടിയിറങ്ങിയ ബാംഗ്ലാദേശിനെ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ തുടക്കം മുതൽ വരച്ച വരയിൽ നിർത്തി. ബംഗ്ലാ നിരയിൽ ആകെ മൂന്ന് പേരാണ് രണ്ടക്കം കണ്ടത്. 24 റൺസെടുത്ത മെഹ്ദി ഹസനാണ് അവരുടെ ടോപ് സ്കോറര്‍. സുൻസാമുൽ ഇസ്ലാം 18ഉം മുഷ്ഫിക്കർ റഹീം 13ഉം റൺസെടുത്തു. എട്ട് പേർ രണ്ടക്കം കാണാതെ പുറത്തായി.

cricket

ലണ്ടൻ കെന്നിങ്ടൺ ഓവലിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമായിരുന്നു കളിയുടെ ഹൈലൈറ്റ്. അഞ്ചോവർ വീതം പന്തെറിഞ്ഞ ഭുവനേശ്വർ കുമാറും ഉമേഷ് യാദവും ചേർന്ന് ആറ് പേരെ പുറത്താക്കി. അശ്വിൻ, ജഡേജ, പാണ്ഡ്യ, ഭുമ്ര എന്നിവർ ചേർന്ന് ബാക്കി വന്ന നാല് വിക്കറ്റുകൾ പങ്കിട്ടു. തട്ടിയും മുട്ടിയും 84 ൽ എത്തിയപ്പോഴേക്കും ബാംഗ്ലേദശിന്റെ വെടിതീർന്നു.

നേരത്തെ ഓപ്പണർ ശിഖർ ധവാൻ മധ്യനിര ബാറ്റ്സ്മാൻ ദിനേശ് കാർത്തികിന്റെയും ഓൾറൗണ്ടർ ഹർദീക് പാണ്ഡ്യ എന്നിവരുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോറിൽ എത്തിയത്. ദിനേശ് കാർ‌ത്തിക് 94 റൺസെടുത്ത് റിട്ടയർ ചെയ്തപ്പോൾ ഹർദീക് പാണ്ഡ്യ പുറത്താകാതെ 80 റൺസടിച്ചു. നിശ്ചിത 50 ഓവറിൽ ഇന്ത്യ ഏഴ് വിക്കറ്റിന് 324 റൺസാണടിച്ചത്. നേരത്തെ ആദ്യ സന്നാഹ മത്സരത്തിൽ ന്യൂസിലൻഡിനെതിരെയും ഇന്ത്യ ജയിച്ചിരുന്നു.

English summary
Champions Trophy Warm-up Match: India beat Bangldesh.
Please Wait while comments are loading...