ഇന്ത്യയ്ക്ക് ഒരിക്കല്‍ക്കൂടി ചാമ്പ്യന്‍സ് ട്രോഫി സമ്മാനിക്കാന്‍ യുവരാജ് സിങ്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ചാമ്പ്യന്‍സ് ട്രോഫി നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് ഒരിക്കല്‍ക്കൂടി ചാമ്പ്യന്‍പട്ടം സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് യുവരാജ് സിങ്. ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാന്‍ 11 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് യുവരാജ് എത്തുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിക്കാന്‍ മുന്‍നിരയിലുണ്ടായ ഈ ഓള്‍റൗണ്ടറുടെ ലക്ഷ്യം ഇന്ത്യയെ ജേതാക്കളാക്കുകയാണ്.

ഫോമില്ലായ്മയെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടിരുന്ന യുവരാജ് മികച്ചഫോമിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ഒരു മത്സരത്തില്‍ 150 റണ്‍സ് നേടിയ താരം താന്‍ മികച്ച ശാരീരികക്ഷമതയിലാണെന്നും തെളിയിച്ചു. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യ ജേതാക്കളായത് യുവരാജിന്റെ മികവിലാണ്.

yuvraj-singh

പ്രധാന ടൂര്‍ണമെന്റില്‍ കളിക്കാന്‍ ഒരിക്കല്‍ക്കൂടി അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് യുവരാജ് പറഞ്ഞു. ഇന്ത്യയ്ക്കുവേണ്ടി മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ച് ട്രോഫി നിലനിര്‍ത്താനാണ് ശ്രമിക്കുക. ഐസിസി ടൂര്‍ണമെന്റില്‍ ശക്തരായ ടീമുകളെയാണ് നേരിടേണ്ടത്. ഇന്ത്യ ടൂര്‍ണമെന്റില്‍ കളിക്കാന്‍ സജ്ജരായെന്നും യുവരാജ് പറഞ്ഞു.

ബ്രിട്ടന്‍ ഇത്തരമൊരു ടൂര്‍ണമെന്റിന് എന്തുകൊണ്ടും യോജിച്ച സ്ഥലമാണ്. ഇന്ത്യയില്‍ കളിക്കുന്ന അനുഭവമായിരിക്കും ബ്രിട്ടനിലുണ്ടാവുക. അത്രയധികം ഇന്ത്യന്‍ ആരാധകര്‍ ബ്രിട്ടനിലുണ്ടെന്നും യുവരാജ് പറഞ്ഞു. ജൂണ്‍ ഒന്നുമുതലാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. വിരാട് കോലിയുടെ നേതൃത്വത്തില്‍ ശക്തരായ നിരയാണ് ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ടൂര്‍ണമെന്റില്‍ കളിക്കാനൊരുങ്ങുന്നത്.


English summary
ICC Champions Trophy: Yuvraj Singh eyes history as India aim to defend title
Please Wait while comments are loading...