ദുബായ്: കൊൽക്കത്തയിൽ അവസാനിച്ച ഒന്നാം ടെസ്റ്റിലെ മിന്നുന്ന പ്രകടനത്തിന്റെ പിൻബലത്തിൽ ക്യാപ്റ്റൻ വിരാട് കോലിക്കും സ്റ്റാർ ബൗളർ ഭുവനേശ്വർ കുമാറിനും ഐ സി സി റാങ്കിംഗിൽ മുന്നേറ്റം. ഓസ്ട്രേലിയൻ വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറെ പിന്തള്ളി അഞ്ചാം സ്ഥാനത്താണ് കോലി ഇപ്പോൾ. കൊൽക്കത്ത ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സില്‍ നേടിയ 104 റൺസാണ് കോലിയെ അഞ്ചാം സ്ഥാനത്തെത്തിച്ചത്. ഏകദിനത്തിലും ട്വന്റി 20യിലും ഒന്നാം റാങ്കിലാണ് വിരാട് കോലി ഇപ്പോൾ.
കൊൽക്കത്തയിൽ രണ്ടിന്നിംഗ്സുകളിലുമായി എട്ട് വിക്കറ്റ് വീഴ്ത്തി മാൻ ഓഫ് ദ മാച്ചായ ഭുവനേശ്വർ കുമാറാണ് ടെസ്റ്റ് റാങ്കിംഗിൽ നേട്ടമുണ്ടാക്കിയ മറ്റൊരു ഇന്ത്യക്കാരൻ. എട്ട് സ്ഥാനങ്ങൾ മുന്നോട്ട് കയറിയ ഭുവി ഇപ്പോൾ ഇരുപത്തിയൊമ്പതാം റാങ്കിലാണ്. ഭുവിയുടെ കരിയർ ബെസ്റ്റ് റാങ്കിംഗാണിത്. ഒന്നാം ഇന്നിംഗ്സിൽ നാലും രണ്ടാം ഇന്നിംഗ്സിൽ രണ്ടും വിക്കറ്റെടുത്ത മുഹമ്മദ് ഷമി ഒരു സ്ഥാനം മുന്നോട്ട് കയറി പതിനെട്ടാം റാങ്കിലെത്തി.
എന്നാല്‍ ഓള്‍റൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് റാങ്കിംഗ് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. ബൗളിംഗിൽ രണ്ട് സ്ഥാനം പിന്നോട്ട് പോയ ജഡേജ മൂന്നാം റാങ്കിലാണ് ഇപ്പോൾ. കൊൽക്കത്ത ടെസ്റ്റിന് മുമ്പ് ലോക ഒന്നാം റാങ്കിലായിരുന്നു ജഡ്ഡു. ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഇപ്പോള്‍ രണ്ടാം റാങ്കിലാണ് ജഡേജ. കൊൽക്കത്ത ടെസ്റ്റിൽ ആകെ രണ്ട് ഓവറുകളാണ് ജഡേജ എറിഞ്ഞത്. ശ്രീലങ്കയ്ക്കെതിരായ ബാക്കി രണ്ട് കളികളിൽ തിളങ്ങിയാൽ ജഡേജയ്ക്ക് ഒന്നാം സ്ഥാനത്ത് തിരിച്ചെത്താവുന്നതേയുള്ളൂ.