കാര്യവട്ടത്ത് കളി കാര്യമാവും... കോലിക്കൂട്ടവും കിവികളുമെത്തി, ക്രിക്കറ്റ് ലഹരിയില്‍ തലസ്ഥാനം

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കൊച്ചിയുടെ ആധിപത്യം തകര്‍ത്ത് തിരുവനന്തപുരവും ക്രിക്കറ്റ് ലഹരിയിലേക്ക്. മൂന്നു പതിറ്റാണ്ടിനു ശേഷം വിരുന്നെത്തിയ അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരത്തെ ഇരുകൈയും നീട്ടി സ്വീകരിക്കാനൊരുങ്ങുകയാണ് തലസ്ഥാന നഗരി. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ട്വന്റി ട്വന്റി പരമ്പരയിലെ നിര്‍ണായകമായ മൂന്നാമത്തെ മല്‍സരം ചൊവ്വാഴ്ച നടക്കും.

കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് ഈ സൂപ്പര്‍ പോരാട്ടത്തിനു ആതിഥേയത്വം വഹിക്കുക. മല്‍സരത്തിനു മുന്നോടിയായി ഇരുടീമുകളും കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി.

ടീമുകളെത്തിയത് രാത്രി

ടീമുകളെത്തിയത് രാത്രി

രാത്രി 11.30 ഓടെയാണ് പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ ഇന്ത്യ, ന്യൂസിലന്‍ഡ് ടീമിലെ താരങ്ങള്‍ തിരുവനന്തപുരത്ത് എത്തിയത്. ഏറെ വൈകി വിമാനത്താവളത്തില്‍ എത്തിയിട്ടും ടീമിനു ലഭിച്ച വരവേല്‍പ്പില്‍ ഒട്ടും കുറവുണ്ടായിരുന്നില്ല. നിരവധി ആരാധകരാണ് ടീമുകളെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയത്.

താമസം കോവളത്ത്

താമസം കോവളത്ത്

കോവളത്തുള്ള റാവിസ് ലീല ഹോട്ടലിലാണ് ഇരുടീമുകള്‍ക്കും താമസസൗകര്യമൊരുക്കിയിരുന്നത്. വിമാനത്താവളത്തില്‍ നിന്നും താരങ്ങള്‍ നേരെ ഹോട്ടലിലേക്ക് പോവുകയായിരുന്നു. തിങ്കളാഴ്ച പരിശീലനത്തിന് എത്തുമെന്നാണ് ഇരുടീമും നേരത്തേ അറിയിച്ചിരുന്നതെങ്കിലും അതു വേണ്ടെന്നു വച്ചുവെന്നതാണ് പുതിയ വിവരം. തുടര്‍ച്ചയായ മല്‍സരങ്ങളും യാത്രകളും ടീമംഗങ്ങളെ തളര്‍ത്തിയതിനെ തുടര്‍ന്നാണിത്.

30 വര്‍ഷത്തിനു ശേഷം

30 വര്‍ഷത്തിനു ശേഷം

30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് തിരുവനന്തപുരത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരം അരങ്ങേറുന്നത്. ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-ട്വന്റി പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും കളി കൂടിയാണിത്. ഇരുടീമും ഓരോ കളി വീതം ജയിച്ച് ഒപ്പമായതിനാല്‍ ഫൈനലിനു തുല്യമാണ് തലസ്ഥാനത്തു നടക്കുന്ന ഈ മല്‍സരം.

തിരുവനന്തപുരത്തെ അവസാന മല്‍സരം

തിരുവനന്തപുരത്തെ അവസാന മല്‍സരം

1988 ജനുവരി 25നാണ് തിരുവനന്തപുരത്ത് അവസാനമായി ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരം അരങ്ങേറിയത്. അന്ന് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലായിരുന്നു ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മല്‍സരം. കളിയില്‍ കപില്‍ ദേവിന്റെ കീഴില്‍ ഇറങ്ങിയ ഇന്ത്യയെ വിവിയന്‍ റിച്ചാര്‍ഡ്‌സ് നയിച്ച വിന്‍ഡീസ് ഒമ്പതു റണ്‍സിനു പരാജയപ്പെടുത്തുകയായിരുന്നു. ഈ കളിക്കു മുമ്പ് ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന മല്‍സരം ഇവിടെ ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും മഴയെ തുടര്‍ന്നു ഉപേക്ഷിക്കുകയായിരുന്നു.

 മല്‍സരം രാത്രി ഏഴിന്

മല്‍സരം രാത്രി ഏഴിന്

രാത്രി ഏഴു മണിക്കാണ് ഇന്ത്യ-കിവീസ് മല്‍സരം ആരംഭിക്കുന്നത്. മല്‍സരത്തോട് അനുബന്ധിച്ച് ചൊവ്വാഴ്ച വൈകീട്ട് മൂന്നു മുതല്‍ രാത്രി 11 വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. മല്‍സരം കാണാനെത്തുന്നവരുടെ വാഹനങ്ങള്‍ മാത്രമേ കഴക്കൂട്ടം-ശ്രീകാര്യ ദേശീയ പാതയിലൂടെ പകല്‍ മൂന്നു മുതല്‍ കടത്തിവിടുകയുള്ളൂ.

English summary
India-New zealand teams arrives in trivandrum for cricket match.
Please Wait while comments are loading...