കൊളംബോയിലും റണ്‍മലയുയര്‍ത്തി ഇന്ത്യ...'തലയറുത്തു'!! ഇനി ലങ്കാദഹനം!!

  • Written By:
Subscribe to Oneindia Malayalam

കൊളംബോ: ഒന്നാം ടെസ്റ്റിനു സമാനമായി രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ശ്രീലങ്കയ്‌ക്കെതിരേ റണ്‍മലയുയര്‍ത്തി ടീം ഇന്ത്യ. രണ്ടാംദിനം ഒമ്പത് വിക്കറ്റിന് 622 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിനു ഡിക്ലയര്‍ ചെയ്ത് ഇന്ത്യ ലങ്കയെ വെല്ലുവിളിച്ചു. മറുപടിയില്‍ തുടക്കത്തില്‍ തന്നെ രണ്ടു വിക്കറ്റ് പിഴുത് ഇന്ത്യ ലങ്കാദഹനത്തിന്റെ സൂചനകള്‍ നല്‍കിക്കഴിഞ്ഞു. രണ്ടാം ദിനം കളി നിര്‍ത്തിയപ്പോള്‍ രണ്ട് വിക്കറ്റിന് 50 റണ്‍സെന്ന പരിതാപകരമായ നിലയിലാണ് ആതിഥേയര്‍. ഓപ്പണര്‍മാരെയാണ് ഇന്ത്യ മടക്കി അയച്ചത്. എട്ടു വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്ക് 572 റണ്‍സ് കൂടി വേണം.

1

മൂന്നു വിക്കറ്റിന് 344 റണ്‍സെന്ന നിലയില്‍ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്കുവേണ്ടി വാലറ്റമുള്‍പ്പെടെ എല്ലാവരും ഉജ്ജ്വല പ്രകടനമാണ് നടത്തിയത്. 133 റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോററായത്. 132 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയും ഇന്ത്യന്‍ നിരയില്‍ സെഞ്ച്വറിയോടെ കസറി. രവീന്ദ്ര ജഡേജ (70*), വൃധിമാന്‍ സാഹ (67), ആര്‍ അശ്വിന്‍ (54) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് ഇന്ത്യന്‍ സ്‌കോര്‍ 600 കടത്തിയത്. ഇന്ത്യയുടെ റണ്ണൊഴുക്കിന് അല്‍പ്പമെങ്കിലും തടയിട്ടത് രംഗന ഹെരാത്താണ്. നാലു വിക്കറ്റാണ് താരം വീഴ്ത്തിയത്. ഒരു വര്‍ഷത്തിനിടെ ഒമ്പതാം തവണയാണ് ഇന്ത്യ ടെസ്റ്റില്‍ 500നു മുകളില്‍ സ്‌കോര്‍ ചെയ്യുന്നത്.

2

ഗോളില്‍ നടന്ന ആദ്യ ടെസ്റ്റിനു സമാനമാണ് ഈ ടെസ്റ്റും. അന്ന് ഒന്നാമിന്നിങ്‌സില്‍ 600 റണ്‍സ് നേടാന്‍ ഇന്ത്യക്കായിരുന്നു. തുടര്‍ന്ന് ലങ്ക 291ന് പുറത്തായെങ്കിലും അവരെ ഫോളോഓണ്‍ ചെയ്യിക്കാതെ ബാറ്റിങിനിറങ്ങി കൂറ്റന്‍ വിജയലക്ഷ്യം ഇന്ത്യ അവര്‍ക്കു മുന്നില്‍ വയ്ക്കുകയായിരുന്നു. ഒടുവില്‍ 304 റണ്‍സിന്റെ ആധികാരിക ജയവും ഇന്ത്യ സ്വന്തമാക്കി. കൊളംബോ ടെസ്റ്റിലും പ്രകടനം ആവര്‍ത്തിച്ചാല്‍ മൂന്നു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യയുടെ പോക്കറ്റിലാവും.

English summary
India makes huge score in colombo test
Please Wait while comments are loading...