സഹീർ ഖാന്റെ ബൗളിംഗ് കോച്ച് സ്ഥാനം തെറിച്ചു, പകരം ഭരത് അരുൺ.. കളിച്ചത് പുതിയ കോച്ച് രവി ശാസ്ത്രി?

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കോച്ചായി ഭരത് അരുണിനെ നിശ്ചയിച്ചതായി റിപ്പോർട്ട്. പുതിയ പരിശീലകൻ രവി ശാസ്ത്രിയുടെ താൽപര്യപ്രകാരമാണ് ഭരത് അരുണിന്റെ നിയമനം എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ബൗളിംഗ് ഇതിഹാസം സഹീർ ഖാനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കോച്ചായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബി സി സി ഐ പിന്നീട് ഈ തീരുമാനം മാറ്റി.

54 കാരനായ ഭരത് അരുൺ മുമ്പ് ഇന്ത്യയുടെ ബൗളിംഗ് കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്. 2014 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയുടെ ബൗളിംഗ് കോച്ചായിരുന്നു അരുൺ. ഈ മാസം അവസാനം തുടങ്ങാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തോടെ അരുൺ ഇന്ത്യൻ ടീമിനൊപ്പം ചേരും എന്നാണ് റിപ്പോർട്ടുകൾ. ആർ ശ്രീധർ, സഞ്ജയ് ബംഗാർ എന്നിവർ ടീമിന്റെ ഫീൽഡിങ്, ബാറ്റിംഗ് കോച്ചുമാരായി ടീമിനൊപ്പം ഉണ്ട്.

zaheer-khan

നേരത്തെ, ബി സി സി ഐ ഉപദേശക സമിതി സഹീർ ഖാനെ ബൗളിംഗ് കോച്ചായും രാഹുൽ ദ്രാവിഡിനെ ബാറ്റിംഗ് കോച്ചായും നിശ്ചയിച്ചിരുന്നു. എന്നാൽ ഇന്ത്യൻ ടീമിനൊപ്പം പരമാവധി 150 ദിവസം മാത്രമേ ഒരു വർഷം ചെലവഴിക്കാൻ പറ്റൂ എന്ന് സഹീർ ഖാൻ അറിയിക്കുകയായിരുന്നു. ഫുൾ ടൈം ബൗളിംഗ് കോച്ചാണെങ്കിൽ വർഷം 250 ദിവസമെങ്കിലും ടീമിനൊപ്പം ചെലവഴിക്കേണ്ടതുണ്ട്.

ഈ സാഹചര്യത്തിലാണ് ഭരത് അരുൺ ഇന്ത്യൻ ടീമിന്റെ ബൗളിംഗ് കോച്ചായി എത്തുന്നത്. നേരത്തെ രവി ശാസ്ത്രി ഇന്ത്യൻ ടീം ഡയറക്ടറായിരുന്ന സമയത്ത് ബൗളിംഗ് കോച്ചായിരുന്നു ഭരത് അരുൺ. അരുണിനെ ഇന്ത്യന്‍ ക്യാംപിൽ എത്തിക്കാൻ രവി ശാസ്ത്രിക്ക് നേരത്തെ താൽപര്യമുണ്ടായിരുന്നു എന്നും റിപ്പോർട്ടുണ്ട്.

English summary
Bharat Arun returning as India's bowling coach, claim reports
Please Wait while comments are loading...