ബഗാന്‍റെ കോട്ടയും തകരാതെ കാത്തു!! പിന്നാലെയെത്തി പുരസ്കാരവും.....വെല്‍ഡണ്‍ അനസ്

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഇന്ത്യന്‍ ഫുട്‌ബോളിലെ റോബര്‍ട്ടോ കാര്‍ലോസ് ആയി മാറുകയാണ് മലയാളത്തിന്റെ സ്വന്തം ഡിഫന്റര്‍ അനസ് എടത്തൊടിക. 2016ലെ ഐഎസ്എല്ലില്‍ അവിസ്മരണീയ പ്രകടനം നടത്തിയ അനസ് ഇപ്പോഴിതാ ഐ ലീഗിലും തന്റെ മികവ് തെളിയിച്ചു. സമാപിച്ച ഐ ലീഗിലെ മികച്ച ഡിഫന്റര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചത് അനസിനാണ്.

മോഹന്‍ ബഹാന്‍ താരം

ഐ ലീഗില്‍ മോഹന്‍ ബഗാന്റെ പ്രതിരോ നിരയിലായിരുന്നു അനസിന്റെ സ്ഥാനം. ടൂര്‍ണമെന്റിലെ 18 കളികളില്‍ നിന്നു ബഗാന്‍ വഴങ്ങിയത് 12 ഗോളുകള്‍ മാത്രമാണ്. ഇതിനു ബഗാനെ സഹായിച്ചത് പ്രതിരോധത്തില്‍ പാറപോലെ ഉറച്ചുനിന്ന അനസായിരുന്നു. ഇതു തന്നെയാണ് താരത്തെ പുരസ്‌കാരത്തിന് അവകാശിയാക്കിയത്. നൈജീരിയന്‍ താരമായ എസ്സേ കിങ്‌സ്‌ലിയെ മറികടന്നാണ് അനസ് മികച്ച ഡിഫന്ററായി തിരഞ്ഞെടുക്കപ്പെട്ടത്.

മലപ്പുറത്തിന്റെ മുത്ത്

കേരളത്തിലെ ബ്രസീലായ മലപ്പുറത്തു നിന്നാണ് അനസ് ഇന്ത്യന്‍ ഫുട്‌ബോളിലെ മുന്‍നിര ഡിഫന്ററെന്ന നിലയിലേക്കു വളര്‍ന്നുവന്നത്. മലപ്പുറത്തിന്റെ അണ്ടര്‍ 14 ടീമിലൂടെയാണ് അനസ് ഫുട്‌ബോളിലേക്കു ചുവടുവയ്ക്കുന്നത്.

വഴിത്തിരിവ്

മഞ്ചേരി എന്‍എസ്എസ് കോളേജിലെത്തിയതാണ് അനസിന്റെ കരിയറില്‍ വഴിത്തിരിവായത്. അനസെന്ന താരത്തിലെ ഫുട്‌ബോളറെ തേച്ചിമിനുക്കിയെടുത്തത് ഇവിടെയുള്ള പരിശീലനമാണ്. പി എം സുധീര്‍ കുമാറിന്റെ ശിക്ഷണവും അനസിന്റെ വളര്‍ച്ച വേഗത്തിലാക്കി.

ഓട്ടോ ഡ്രൈവറായി

കേരളത്തില്‍ നിന്നു അക്കാലത്ത് ഐ ലീഗിലോ രണ്ടാം ഡിവിഷന്‍ ലീഗിലോ ഒരു ടീമു പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അനസിന് ശരിയായൊരു പ്ലാറ്റ്‌ഫോമും ലഭിച്ചില്ല. ഈ കാലഘട്ടത്തില്‍ ജീവിതം മുന്നോട്ട് നീക്കാനായി താരം ഓട്ടോറിക്ഷ ഡ്രൈവറുടെ കുപ്പായവുമണിഞ്ഞു. ഓട്ടോയോടിച്ച് കിട്ടുന്ന പണം കൊണ്ട് കുടുംബത്തെ സഹായിക്കുന്നതോടൊപ്പം തന്റെ മോഹമായ ഫുട്‌ബോളിനെയും അനസ് ഒപ്പം നിര്‍ത്തി. പരിശീലനത്തിന് സമയം കണ്ടെത്താനും അനസ് കുടുംബപ്രാരാബ്ധങ്ങള്‍ക്കിടെ ശ്രമിച്ചിരുന്നു.

ഒടുവില്‍ ആ ദിവസം വന്നു

2007ലാണ് അനസിന്റെ കരിയറിലെ ആ സുവര്‍ണമുഹൂര്‍ത്തമെത്തി. ഇന്റര്‍ കോളേജിയേറ്റ് മല്‍സരത്തില്‍ കളിക്കുന്നതിനിടെ അനസിനെ മുന്‍ ദേശീയ താരവും ദേശീയ അണ്ടര്‍ 19 ടീം ഗോള്‍കീപ്പിങ് കോച്ചുമായ ഫിറോസ് ഷെരീഫ് ശ്രദ്ധിച്ചു. അനസിന്റെ കഴിവില്‍ മതിപ്പ് തോന്നിയ അദ്ദേഹം മുംബൈ എഫ്‌സിയുടെ ട്രയല്‍സിനായി ക്ഷണിക്കുകയായിരുന്നു.

 മുംബൈ ടീമില്‍

ട്രയല്‍സില്‍ അനസിന്റെ മികച്ച പ്രകടനം മുംബൈ കോച്ച് ഡേവിഡ് ബൂത്തിനെ ആകര്‍ഷിച്ചു. തുടര്‍ന്ന് അദ്ദേഹം അനസിനെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ആ സീസണില്‍ മുംബൈയെ ഐ ലീഗിലേക്കു തിരിച്ചുകൊണ്ടുവരുന്നതില്‍ പങ്കുവഹിക്കാന്‍ അനസിനു കഴിഞ്ഞു. തുടര്‍ന്നു താരവുമായി മുംബൈ മൂന്നു വര്‍ഷത്തേക്കു കരാര്‍ നീട്ടി. പിന്നീട് പൂനെ എഫ്‌സിക്കൊപ്പവും അനസ് മിന്നുന്ന പ്രകടനം നടത്തി.

ഐഎസ്എല്ലില്‍

ഐ ലീഗിലെ മികച്ച പ്രകടനം ഗ്ലാമര്‍ ടൂര്‍ണമെന്റായ ഐഎസ്എല്ലിലും അനസിനെയെത്തിച്ചു. 2015ലാണ് അനസ് ഡല്‍ഹി ഡൈനാമോസിലെത്തുന്നത്. പിന്നീട് കഴിഞ്ഞ വര്‍ഷവും താരം ഡൈനാമോസിന്റെ പ്രതിരോധത്തിലെ അവിഭാജ്യഘടകമായി. ടീമിനായി ഇതുവരെ 23 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള അനസ് ഒരു ഗോളും നേടി. 2016ലെ ഐഎസ്എല്ലില്‍ രണ്ടു വട്ടം മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം അനസ് സ്വന്തമാക്കിയിട്ടുണ്ട്.2017 മാര്‍ച്ച് 22ന് ഇന്ത്യന്‍ ടീമിലേക്കും അനസിനു വിളിവന്നു.

English summary
Malayalee footballer anas edathodika awarded as best defender in I league.
Please Wait while comments are loading...