ഫുട്‌ബോളിന്റെ ടെന്‍ഷനും ക്ഷീണവുമകറ്റാന്‍ മെസിയും സുവാരസും കളിക്കുന്നത് ലുഡോ ബോര്‍ഡ്!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മാഡ്രിഡ്: ലോകത്തെ വമ്പന്‍ ഫുട്‌ബോള്‍ ക്ലബ്ബാണ് ബാഴ്‌സലോണ. ലോകഫുട്‌ബോളിലെ മിന്നും താരങ്ങളായ ലയണല്‍ മെസിയും നെയ്മറും സുവാരസും ഇനിയെസ്റ്റയുമൊക്കെ ഒരുമിക്കുന്ന ക്ലബ്ബ്. വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന മത്സരങ്ങള്‍, വിദേശ യാത്രകള്‍, പരസ്യ പ്രോഗ്രാമുകള്‍, ഇതിനൊക്കെ പുറമെ യൂനിസെഫുമായ സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍. ബാഴ്‌സയിലെ കളിക്കാര്‍ക്ക് എന്നും തിരക്കോട് തിരക്ക് തന്നെ. ഇതിനിടെ വീണു കിട്ടുന്ന നിമിഷങ്ങളില്‍ അവര്‍ മാനസികോല്ലാസം കിട്ടുവാന്‍ വേണ്ടി എന്തൊക്കെയാകും ചെയ്യുന്നുണ്ടാവുക?

എളുപ്പത്തില്‍ പറയാന്‍ സാധിക്കും. പാര്‍ട്ടികളില്‍ പങ്കെടുക്കും. ബാറുകളില്‍ നൃത്തം ചവിട്ടി അര്‍മാദിക്കും. പക്ഷേ, ഇങ്ങനെ ചിന്തിക്കുന്നവരോട് ബാഴ്‌സയുടെ ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ഇവാന്‍ റാകിറ്റിച്ചിന് പറയാനുള്ളത് മറ്റൊന്നതാണ്. മെസിയും താനുമൊന്നും പാര്‍ട്ടികള്‍ക്ക് പോകാറില്ല. പരമാവധി ബാറുകളിലെ ആഘോഷ പരിപാടികളെല്ലാം ഉപേക്ഷിക്കും. കൂടുതല്‍ നേരവും ചെലവഴിക്കുന്നത് റൂമിനുള്ളില്‍ ! അതിശയിച്ചു പോകും റൂമിനുള്ളില്‍ എന്ത് മാനസികോല്ലാസം കിട്ടാനാണ്.

barcelona-fc

അതിനാണ് ലുഡോ ബോര്‍ഡ്. കോടികള്‍ മൂല്യമുള്ള കളിക്കാരാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ബാഴ്‌സലോണ കളിക്കാര്‍ക്ക് ഫുട്‌ബോള്‍ കഴിഞ്ഞാല്‍ പിന്നെ അടുത്ത കളി ലുഡോ ബോര്‍ഡ് ഗെയിമാണ്. മെസിയും സുവാരസും തന്നെയാണേ്രത ഇതിലും മുന്‍നിരയില്‍. അത്രക്കിഷ്ടമാണത്രേ ബാഴ്‌സ ടീം അംഗങ്ങള്‍ക്ക് ലുഡോ കളിക്കാന്‍. മണിക്കൂറുകള്‍ തന്നെ ഇതിന് മാറ്റിവെക്കും. യാത്രയിലും ലുഡോ ബോര്‍ഡ് കരുതും. കുറച്ച് നേരം കിട്ടിയാല്‍ അപ്പോള്‍ ലുഡോ കളിയായി എല്ലാവരും കൂടി.

എന്നാല്‍, ഇതിനൊരു പതിവ് സംഘമുണ്ടത്രേ ബാഴ്‌സയില്‍. പെപെ കോസ്റ്റ, മെസി, സുവാരസ്, മഷെറാനോ ഇവര്‍ ഒരു ടീമില്‍. ആന്ദ്രെ ഇനിയെസ്റ്റ, സെര്‍ജിയോ ബുസ്‌ക്വുറ്റ്‌സ്, ജോര്‍ഡി അല്‍ബ പിന്നെ ഈ സത്യം വെളിപ്പെടുത്തിയ റാകിറ്റിച്ചും ചേര്‍ന്നാല്‍ രണ്ടാം ടീമായി.

പെപ് ഗോര്‍ഡിയോള ബാഴ്‌സലോണ വിടുന്ന സീസണിലാണ് ലുഡോ ഗെയിം കളിക്കാന്‍ താരങ്ങള്‍ ആരംഭിക്കുന്നത്. മനസിന് ഇത്രയധികം ആനന്ദം നല്‍കുന്ന ഗെയിംവേറെയില്ലെന്നാണ് റാകിറ്റിചിന്റെ വിദഗ്ധാഭിപ്രായം. ഇയര്‍ ഫോണ്‍ ചെവിയില്‍ തിരുകിവെച്ച് പാട്ടും കേട്ട് നടക്കുന്നതിനേക്കാള്‍ ആനന്ദം ലുഡോബോര്‍ഡ് നല്‍കുമെന്നും റാകിറ്റിച് പറയുന്നു. അടുത്തിടെ ഖത്തറിലേക്ക് യാത്ര പോയപ്പോള്‍ ആറ് മണിക്കൂറാണ് ബാഴ്‌സ താരങ്ങള്‍ ഒറ്റയിരുപ്പില്‍ ലുഡോ കളിച്ചു തിമിര്‍ത്തത്.

ആളുകളുടെ വിചാരം ഞങ്ങള്‍ വലിയ ഫുട്‌ബോള്‍ താരങ്ങളല്ലേ, വലിയ വലിയ പാര്‍ട്ടികളില്‍ പങ്കെടുത്തും അര്‍മാദിച്ചും നടക്കുന്ന ആഡംബര ജീവിതം നയിക്കുന്നവരാണെന്നാണ്. എന്നാല്‍ നേരെ തിരിച്ചാണ്. ഞങ്ങളെല്ലാം കുടുംബനാഥന്‍മാരാണ്. മെസിയും സുവാരസും ഏറ്റവും കൂടുതല്‍ നേരം കുടുംബത്തോടൊപ്പമാണ്. ബാഴ്‌സയിലെ ഭൂരിഭാഗം താരങ്ങളും കുടുംബത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്. പാര്‍ട്ടികള്‍ക്ക് പോകാറില്ല. കഴിഞ്ഞ ദിവസംസുവാരസിന്റെ മുപ്പതാം പിറന്നാളിന് ഞങ്ങളെല്ലാം പോയിരുന്നു. സമ്മാനങ്ങള്‍ നല്‍കി. രാത്രിഭക്ഷണം അവിടെ നിന്ന് കഴിച്ച് തമാശകളൊക്കെ പങ്കിട്ടാണ് പിരിഞ്ഞത് - റാകിറ്റിച് ബാഴ്‌സയിലെ താരങ്ങളുടെ ജീവിത നിമിഷങ്ങള്‍ പങ്കുവെക്കുന്നു.

English summary
barca-players spend hours playing board game Ludo during away trips
Please Wait while comments are loading...