മാഞ്ചസ്റ്ററിന്റെയും ബാഴ്‌സയുടെയും ഇതിഹാസപ്പോരാട്ടം, കൈയ്യടി നേടിയത് റൊണാള്‍ഡീഞ്ഞോ മാജിക്, ജയിച്ചത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: ബാഴ്‌സലോണയുടെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും ഇതിഹാസതാരങ്ങള്‍ ഒരിക്കല്‍ കൂടി ഗതകാല സ്മരണകള്‍ അയവിറക്കാന്‍ പന്ത് തട്ടി. മാന്ത്രിക സ്പര്‍ശങ്ങള്‍ തന്നില്‍ നിന്ന് ചോര്‍ന്ന് പോയിട്ടില്ലെന്ന് തെളിയിച്ച് ബാഴ്‌സയുടെ ബ്രസീലിയന്‍ മജീഷ്യന്‍ റൊണാള്‍ഡീഞ്ഞോ ഇതിഹാസനിരയിലെ നക്ഷത്രത്തിളക്കമായി മാറി. പക്ഷേ, മത്സരം 3-1ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തട്ടിയെടുത്തു. സെപ്തംബറില്‍ മാഞ്ചസ്റ്ററിന്റെ തട്ടകമായ ഓള്‍ഡ്ട്രഫോര്‍ഡില്‍ മത്സരത്തിന്റെ രണ്ടാം പാദം നടക്കും.

ബാഴ്‌സയുടെ തട്ടകമായ നൗകാംപിലായിരുന്നു ആദ്യ പാദ മത്സരം. ചാരിറ്റി ആവശ്യാര്‍ഥമാണ് മത്സരം സംഘടിപ്പിച്ചത്. ഇതിഹാസ നിരയില്‍ റൊണാള്‍ഡീഞ്ഞോയെ കൂടാതെ റിവാള്‍ഡോ, എഡ്ഗാര്‍ ഡേവിഡ്‌സ്, ഡൈ്വറ്റ് യോര്‍ക്ക്, കാറെല്‍ പൊബോസ്‌കി, പാട്രിക് ക്ലൈവര്‍ട്, ബ്രൗണ്‍, നദാല്‍ എന്നിവരെല്ലാം ഉണ്ടായിരുന്നു. മുപ്പത്തേഴാം വയസിലും എതിരാളികളെ കബളിപ്പിക്കുന്ന പന്തടക്കവുമായി റൊണാള്‍ഡീഞ്ഞോയാണ് കളം നിറഞ്ഞത്.

ronaldinho

പതിമൂന്നാം മിനുട്ടില്‍ ലീഡെടുത്ത മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കളിയുടെ ഒഴുക്കിന് വിപരീതമായിട്ട് അമ്പത്താറാം മിനുട്ടില്‍ പൊബോസ്‌കിയിലൂടെ മാഞ്ചസ്റ്റര്‍ രണ്ടാം ഗോളും നേടി. ഡ്വയിറ്റിന്റെ ത്രൂപാസില്‍ പാര്‍ക് വലത് വിംഗില്‍ നിന്ന് നല്‍കിയ ക്രോസ് ബോളാണ് പൊബോസ്‌കിയുടെ മുന്നിലെത്തിയത്. ഫസ്റ്റ്‌ടൈം ഷോട്ട് ബാഴ്‌സ ഡിഫന്‍ഡര്‍മാരുടെ കാലുകളില്‍ തട്ടി വലയില്‍ കയറി. റൊണാള്‍ഡീഞ്ഞോയുടെ ഒറ്റയാന്‍ നീക്കം ബോക്‌സിന് പുറത്ത് വെച്ച് തടയപ്പെട്ടതിന് ഫ്രീകിക്ക്.

അറുപതാം മിനുട്ടില്‍ കിക്കെടുത്തത് റിവാള്‍ഡോ. പന്ത് നേരിയ വ്യത്യാസത്തിന് പുറത്തേക്ക് പോയപ്പോള്‍ റൊണാള്‍ഡീഞ്ഞോക്കും റിവാള്‍ഡോക്കും നിരാശയല്ല, ചിരിയാണ് വന്നത്. അടുത്ത കിക്ക് നോക്കാം എന്ന മട്ടില്‍ റൊണോയുടെ തമാശ. എഴുപത്തേഴാം മിനുട്ടില്‍ ഡ്വെയിറ്റ് യോര്‍ക്കിന്റെ ലോംഗ് റേഞ്ചറില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 3-0ന് മുന്നില്‍. അപ്പോള്‍ മാത്രമാണ് റോണോയുടെ മുഖത്ത് നിരാശ പടര്‍ന്നത്. കാരണം, മനോഹരമായ എത്രയെത്ര നീക്കങ്ങളാണ് റൊണാള്‍ഡീഞ്ഞോ നടത്തിയത്. അരഡസന്‍ ഗോളിന് ജയിക്കേണ്ട മത്സരത്തില്‍ ഫിനിഷിംഗിലെ പോരായ്മ കാരണം ബാഴ്‌സ പിറകിലായി. തൊണ്ണൂറാം മിനുട്ടില്‍ ബാഴ്‌സ ഒരു ഗോള്‍ മടക്കി മുഖം രക്ഷിച്ചത്.

പക്ഷേ, കളിയിലെ താരം മറ്റാരുമല്ല, റോണോ തന്നെ. മാഞ്ചസ്റ്ററിന്റെ ജെസ്‌പെറിനെ വീഴ്ത്തിക്കളഞ്ഞ ഒരു റോണോ നീക്കത്തിനാണ് ഏറ്റവും കൈയ്യടി ലഭിച്ചത്. സ്വീഡിഷ് താരത്തിന്റെ കാലുകള്‍ക്കിടയിലൂടെ പന്ത് തള്ളിവിട്ട് റൊണാള്‍ഡീഞ്ഞോ തിരിഞ്ഞോടിയപ്പോള്‍ ഗ്രൗണ്ടില്‍ ഒപ്പം കളിച്ചവര്‍ പോലും ഒന്നമ്പരന്നു. നൗകാംപ് പഴയ പടക്കുതിരയുടെ ഓര്‍മകളിലേക്ക് മടങ്ങിപ്പോയി ആ ഒറ്റ നീക്കത്തില്‍. സോഷ്യല്‍ മീഡിയയില്‍ ഈ നീക്കം വൈറലാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പുതിയ തലമുറയിലെ താരം ആന്റണി മാര്‍ഷ്വല്‍ റൊണാള്‍ഡീഞ്ഞോയുടെ ഈ മാജിക്കിനെ വാഴ്ത്തിക്കൊണ്ട് പോസ്റ്റിട്ടു കഴിഞ്ഞു.

English summary
Barcelona legend Ronaldinho destroys Man Utd legend
Please Wait while comments are loading...