കിംഗ്‌സ് കപ്പില്‍ ബാഴ്‌സക്കും റയലിനും ക്വാര്‍ട്ടര്‍, നാടകീയതകള്‍ക്കൊടുവിലാണ് ഇവരുടെ മുന്നേറ്റം!!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മാഡ്രിഡ്: സ്പാനിഷ് കിംഗ്‌സ് കപ്പില്‍ ബാഴ്‌സലോണക്ക് പിന്നാലെ റയല്‍മാഡ്രിഡും ക്വാര്‍ട്ടര്‍ ഫൈനലില്‍. സെവിയ്യയുടെ തട്ടകത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്ന റയല്‍ തകര്‍പ്പന്‍ സമനിലയുമാണ് മുന്നേറിയത്. 3-1ന് പിറകിലായിരുന്ന റയല്‍ ഇഞ്ചുറി ടൈമിലെ മൂന്നാം മിനുട്ടില്‍ ബെന്‍സിമയുടെ ഗോളില്‍ 3-3 ന് തോല്‍വി ഒഴിവാക്കി.

ഇതോടെ ഇരുപാദത്തിലുമായി 6-3ന് മുന്നിലെത്തുകയായിരുന്നു സിദാന്റെ ടീം. സെല്‍റ്റ വിഗോ, എയ്ബര്‍ ക്ലബ്ബുകളും ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. സെല്‍റ്റ വിഗോ ഇരുപാദത്തിലുമായി 6-2ന് വലന്‍സിയയെ കീഴടക്കിയപ്പോള്‍ എയ്ബര്‍ ഇരുപാദത്തിലുമായി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഒസാസുനയെ തോല്‍പ്പിച്ചു.

റയല്‍40@അജയ്യര്‍

റയല്‍40@അജയ്യര്‍

സ്പാനിഷ് ഫുട്‌ബോളില്‍ പരാജയമറിയാതെ നാല്‍പത് മത്സരം പൂര്‍ത്തിയാക്കി റയല്‍മാഡ്രിഡ് റെക്കോര്‍ഡ് സൃഷ്ടിച്ചു. സെവിയ്യക്കെതിരെ തോല്‍വിയെ മുഖാമുഖം കണ്ടതിന് ശേഷമായിരുന്നു റയലിന്റെ ഐതിഹാസിക തിരിച്ചുവരവ്. പത്താം മിനുട്ടില്‍ ഡാനിലോയുടെ സെല്‍ഫ് ഗോളില്‍ റയല്‍ പിറകിലായി. ആദ്യപകുതിയില്‍ 1-0ന് സെവിയ്യക്ക് ലീഡ്. നാല്‍പ്പത്തെട്ടാം മിനുട്ടില്‍ അസെന്‍ഷ്യോ റയലിന് സമനില സമ്മാനിച്ചു (1-1). അമ്പത്തിമൂന്നാംമിനുട്ടില്‍ ജോവെറ്റിചും എഴുപത്തേഴാം മിനുട്ടില്‍ ഇബോറയും സെവിയ്യയെ 3-1ന് മുന്നിലെത്തിച്ചു. 2015 ഏപ്രിലില്‍ ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മന്‍ ക്ലബ്ബായ വൂള്‍സ്ബര്‍ഗിനോട് തോറ്റതിന് ശേഷം റയലിതാ തോല്‍ക്കാന്‍ പോകുന്നു ! എണ്‍പത്തിമൂന്നാം മിനുട്ടില്‍ സെര്‍ജിയോ റാമോസ് പെനാല്‍റ്റി ഗോളില്‍ റയലിന് പ്രതീക്ഷ നല്‍കി (3-2). ഒരു ഗോള്‍ കൂടി നേടിയാല്‍ അജയ്യര്‍ എന്ന റെക്കോര്‍ഡ് നിലനിര്‍ത്താം. ഇഞ്ചുറി ടൈമില്‍ കരീം ബെന്‍സിമയുടെ ഗോളില്‍ റയല്‍ സമനിലയെടുത്തു, തുടരെ നാല്‍പതാം മത്സരത്തിലും അജയ്യരായി !

മെസിയുടെ ഫ്രീകിക്കില്‍ ബാഴ്‌സ കുതിപ്പ്

മെസിയുടെ ഫ്രീകിക്കില്‍ ബാഴ്‌സ കുതിപ്പ്

അത്‌ലറ്റിക്കോ ബില്‍ബാവോയെ ഹോംഗ്രൗണ്ടില്‍ നടന്ന രണ്ടാം പാദത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബാഴ്‌സലോണ കരുത്തറിയിച്ച് കോപ ഡെല്‍ റേയില്‍ കുതിച്ചത്. ആദ്യ പാദം 2-1 ന് തോറ്റ ബാഴ്‌സ പുറത്താകലിന്റെ വക്കിലായിരുന്നു. എന്നാല്‍, ഇരുപാദത്തിലുമായി 4-3ന് മുന്നില്‍കയറി ബാഴ്‌സ തങ്ങളുടെ പവര്‍ കുറഞ്ഞു പോയിട്ടില്ലെന്ന് തെളിയിച്ചു.

ആദ്യ പാദത്തിലെ തോല്‍വിയോടെ അട്ടിമറി മണത്ത ബാഴ്‌സലോണ ടീം ഫിഫ ബെസ്റ്റ് പ്ലെയര്‍ പുരസ്‌കാര ചടങ്ങ് ഉപേക്ഷിച്ച് പൂര്‍ണമായും രണ്ടാം പാദ മത്സരത്തിനുള്ള തയ്യാറെടുപ്പുകളില്‍ മുഴുകി. മുപ്പത്തഞ്ചാം മിനുട്ടില്‍ ലൂയിസ് സുവാരസിന്റെ ഗോളില്‍ ബാഴ്‌സ ആത്മവിശ്വാസം സംഭരിച്ചു. നാല്‍പ്പത്തെട്ടാം മിനുട്ടില്‍ നെയ്മറിന്റെ പെനാല്‍റ്റി ഗോളില്‍ ബാഴ്‌സ വാനോളം ഉയര്‍ന്നു. ഇതോടെ, ഇരുപാദ സ്‌കോര്‍ 3-2 ആയി, ബാഴ്‌സ മേധാവിത്വം സ്ഥാപിച്ചു. എന്നാല്‍, അമ്പത്തൊന്നാം മിനുട്ടില്‍ സബോറിറ്റ് ടെക്‌സിഡോറിന്റെ ഗോള്‍ ബില്‍ബാവോക്ക് തിരിച്ചുവരവൊരുക്കി. വിലപ്പെട്ട എവേ ഗോളിലൂടെ ഇരുപാദ സ്‌കോര്‍ 3-3 ആക്കി.

എഴുപത്തെട്ടാം മിനുട്ടില്‍ മനോഹരമായ ഫ്രീകിക്ക് ഗോളില്‍ മെസി ബാഴ്‌സക്ക് വിജയം സമ്മാനിച്ചു.

ഗോള്‍ നില (കോപ ഡെല്‍ റേ)

ഗോള്‍ നില (കോപ ഡെല്‍ റേ)

സെല്‍റ്റ വിഗോ 2-1 വലന്‍ഷ്യ (ഇരുപാദ സ്‌കോര്‍ 6-2)

എയ്ബര്‍ 0-0 ഒസാസുന (ഇ. സ്‌കോര്‍ 0-0)

സെവിയ്യ 3-3 റയല്‍ മാഡ്രിഡ് (ഇ. സ്‌കോര്‍ 3-6)

ബാഴ്‌സലോണ 3-1 ബില്‍ബാവോ (ഇ. സ്‌കോര്‍ 4-3)

വിയ്യാറയല്‍ 1-1 റയല്‍ സോസിഡാഡ് (ഇ.സ്‌കോര്‍ 2-4)

കൊര്‍ഡോബ 1-2 അല്‍സോര്‍സന്‍ (ഇ.സ്‌കോര്‍ 1-2)

അലാവ്‌സ് 1-1 ഡിപ്പോര്‍ട്ടീവോ (ഇ.സ്‌കോര്‍ 3-3)

English summary
Barcelona and Real Madrid progress to the Copa del Rey quarter-finals
Please Wait while comments are loading...