കൊല്‍ക്കത്തന്‍ ഡെര്‍ബിയില്‍ ബഗാനോ ഈസ്റ്റ് ബംഗാളോ? സെന്‍ ബുദ്ധിയും ട്രെവര്‍ ടാക്റ്റിക്‌സും കാണാം!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: ഐ ലീഗ് സീസണിലെ ആദ്യ കൊല്‍ക്കത്ത ഡെര്‍ബിയില്‍ ഞായറാഴ്ച വൈകീട്ട് മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാള്‍ എഫ് സിയും ഏറ്റുമുട്ടും. സിലിഗുരിയിലാണ് മത്സരം. 97 വര്‍ഷത്തെ ഡെര്‍ബി ചരിത്രം പറയാനുണ്ട് കൊല്‍ക്കത്തന്‍ ക്ലബ്ബുകള്‍ക്ക്. ഒരു ലക്ഷത്തിനടുത്ത് കാണികളെ ഉള്‍ക്കൊള്ളുന്ന സാള്‍ട്ട് ലേക്ക് സ്റ്റേഡിയം അണ്ടര്‍ 17 ലോകകപ്പ് ആവശ്യാര്‍ഥം അടച്ചിട്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ സിലിഗുരി സ്റ്റേഡിയത്തിന് പുറത്തായിരിക്കും പകുതിയിലേറെ കാണികളും. ആവേശത്തിന് അതിരില്ലാത്ത ഇന്ത്യന്‍ ഫുട്‌ബോളിലെ ക്ലബ്ബ് പോരാട്ടമാണിത്. തോല്‍ക്കുന്നത് ഇരുക്ലബ്ബുകള്‍ക്കും അഭിമാന പ്രശ്‌നമാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇരുക്ലബ്ബുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഈസ്റ്റ്ബംഗാളിനായിരുന്നു ജയം. ഇത്തവണ കണക്ക് തീര്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ മോഹന്‍ ബഗാന് വലിയ ക്ഷീണമാകും.

1997 ഫെഡറേഷന്‍ കപ്പ് സെമിഫൈനലില്‍ ഈസ്റ്റ് ബംഗാളും ബഗാനും കളിച്ചത് ക്ലാസിക് ആയിരുന്നു. മത്സരം 4-1ന് ഈസ്റ്റ്ബംഗാള്‍ ജയിച്ചു. അമല്‍ ദത്തയുടെ ഡയമണ്ട് ശൈലിയില്‍ മുന്നേറിയ ബഗാനെ ബൈച്ചുംഗ് ബൂട്ടിയയുടെ ഈസ്റ്റ്ബംഗാള്‍ മറിച്ചിടുകയായിരുന്നു. എന്നാല്‍, കഴിഞ്ഞ കുറച്ച് കാലങ്ങളായി കൊല്‍ക്കത്ത ഡെര്‍ബി വലിയ ആവേശം നല്‍കാറില്ല. തോല്‍ക്കാതിരിക്കാന്‍ വേണ്ടിയുള്ള സുരക്ഷിത ഗെയിമാണ് ഇരുടീമുകളും പയറ്റുന്നതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത്തവണ പക്ഷേ, പ്രതീക്ഷക്ക് വകയുണ്ട്. ഈസ്റ്റ്ബംഗാളിന് തന്ത്രമൊരുക്കുന്നത് ട്രെവര്‍ മോര്‍ഗനും ബഗാന് കളിയൊരുക്കുന്നത് സന്‍ജോയ് സെനുമാണ്.

ileague

ബഗാനില്‍ പരിശീലകന്റെ റോള്‍ ഏറ്റെടുത്തതിന് ശേഷം സന്‍ജോസ് സെന്‍ 2015 ഐ ലീഗ് കിരീടം സ്വന്തമാക്കി. 4-2-3-1 ഫോര്‍മേഷനിലായിരുന്നു സെന്‍ ടീമിന്റെ ഒരുക്കിയത്. ഈ വര്‍ഷം 4-4-2 ഫോര്‍മേഷനിലാണ് ബഗാന്റെ കളി. സ്‌കോട്ടിഷ് സ്‌ട്രൈക്കര്‍ ഡാറില്‍ ഡഫിയും ജെജെ ലാല്‍പെഖുലയും സ്‌ട്രൈക്കര്‍മാരായി കളിക്കുന്നു. എന്നാല്‍, മധ്യനിരയില്‍ ഇനിയും വേണ്ടത്ര കരുത്താര്‍ജിക്കാന്‍ ബഗാന് സാധിച്ചിട്ടില്ല. രണ്ട് സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍മാരെ ശരിയാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് സെന്‍. സൗവിക്കും ബിക്രംജിത് സിംഗുമാണ് പന്ത് പിടിച്ചെടുത്ത് കളിക്കുന്നതില്‍ മിടുക്കര്‍. എന്നാല്‍ പ്രോണയ്, സെഹ്നാജ് എന്നിവരാണ് അറ്റാക്കിംഗ് മിഡ്ഫീല്‍ഡ് റോളില്‍ കൂടുതല്‍ മികച്ചത്. ഈ രണ്ട് വിഭാഗത്തില്‍ നിന്നും ഓരോ പേരെ സെന്‍ തിരഞ്ഞെടുക്കും. വിംഗുകളിലൂടെയുള്ള തുളച്ച് കയറല്‍ പരമപ്രധാനമാണ്. ഹെയ്തിയുടെ സോണി നോര്‍ദെയാണ് അനുയോജ്യനായ താരം. ഇന്ത്യന്‍ ഫുട്‌ബോളില്‍ നോര്‍ദെയുടെ വേഗമേറിയ നീക്കത്തെ പിടിച്ചുകെട്ടാന്‍ പോന്ന റൈറ്റ് ബാക്കുകള്‍ ഇല്ല.

ഈസ്റ്റ്ബംഗാള്‍ ട്രെവര്‍ മോര്‍ഗന് കീഴില്‍ 4-1-2-1-2 ഡയമണ്ട് ഫോര്‍മേഷനിലാണ് തന്ത്രം പയറ്റുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മെഹ്താബ് ഹുസൈനാണ് ടീമിന്റെ നട്ടെല്ല്. ഡീപ് മിഡ്ഫീല്‍ഡില്‍ നിന്ന് മെഹ്താബാണ് ഡയമണ്ട് ഗെയിമിന് നേതൃത്വം നല്‍കുക. ലെഫ്റ്റ് വിംഗില്‍ ലാല്‍റിന്‍ഡിക റാല്‍ട്ടെ ശ്രദ്ധാകേന്ദ്രമാണ്. വലത് വിംഗില്‍ നിന്ന് മികച്ച ക്രോസ്‌ബോളുകള്‍ നല്‍കാന്‍ നിഖില്‍ പൂജാരിയുണ്ടാകും.

ഫുള്‍ബാക്ക് നാരായണ്‍ ദാസ് പ്രതിരോധപ്പടക്ക് നേതൃത്വം നല്‍കും. ഇവാന്‍ ബുകെനിയ, എഡ്വാര്‍ഡോ ഫെറേറ, അനസ് എടത്തൊടിക്ക എന്നിവര്‍ കരിയറിലെ ആദ്യ കൊല്‍ക്കത്തന്‍ ഡെര്‍ബി കളിക്കാന്‍ തയ്യാറെടുക്കുകയാണ്.

ഐ ലീഗില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് പത്തൊമ്പത് പോയിന്റുള്ള ഈസ്റ്റ്ബംഗാള്‍ ഒന്നാം സ്ഥാനത്താണ്. ആറ് മത്സരങ്ങളില്‍ പതിനാറ് പോയിന്റെടുത്ത മോഹന്‍ ബഗാന്‍ മൂന്നാം സ്ഥാനത്താണ്. ഡെര്‍ബി ജയിച്ചാല്‍ ബഗാന് രണ്ടാം സ്ഥാനത്തേക്ക് കയറാം.

English summary
kolkata ready for i league super derby match
Please Wait while comments are loading...