മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യൂറോപ ലീഗ് ചാമ്പ്യന്‍മാര്‍, താരമായി മൗറിഞ്ഞോ

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

സ്‌റ്റോക്ക്‌ഹോം: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യൂറോപ ലീഗ് ചാമ്പ്യന്‍മാര്‍. യുവനിരയുമായി യൂറോപ്പിനെ വിസ്മയിപ്പിച്ച അയാക്‌സിനെ ഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇംഗ്ലീഷ് ക്ലബ്ബിന്റെ കിരീടജയം.

ഗോളുകള്‍....

ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയും അര്‍മേനിയന്‍ താരം ഹെന്റിക് മഹിതരിയാനുമാണ് ഗോളുകള്‍ നേടിയത്. പതിനെട്ടാം മിനുട്ടില്‍ പോഗ്ബയുടെ ഷോട്ട് ഡിഫഌക്ടഡായി വലയില്‍ കയറുകയായിരുന്നു. നാല്‍പ്പത്തെട്ടാം മിനുട്ടില്‍ മഹിതരിയാന്‍ സ്‌കോര്‍ ചെയ്തു. യൂറോപ ലീഗയില്‍ അര്‍മേനിയക്കാരന്റെ ആറാം ഗോളായിരുന്നു ഫൈനലില്‍ കണ്ടത്.

വെയിന്‍ റൂണിയുടെ വിട പറയല്‍...

മാഞ്ചസ്റ്ററിന്റെ ഇതിഹാസ താരം വെയിന്‍ റൂണി അവസാന നിമിഷമാണ് കളത്തിലിറങ്ങിയത്. അന്റോണിയോ വലന്‍സിയ ക്യാപ്്റ്റന്റെ ആംബാന്‍ഡ് റൂണിക്ക് കൈമാറി. കിരീടവിജയത്തോടെ റൂണിക്ക് വിടപറയാനുള്ള അവസരമൊരുക്കലായിട്ടാണ് ഇതിനെ കാണുന്നത്. അടുത്ത സീസണില്‍ റൂണി മറ്റൊരു ക്ലബ്ബിലായിരിക്കും.

മാഞ്ചസ്റ്ററിന് യൂറോപ്പില്‍ എല്ലാ കിരീടങ്ങളുമായി...

യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളിലെ എല്ലാ ചാമ്പ്യന്‍ഷിപ്പും ജയിച്ച ടീമുകളുടെ ഗണത്തിലായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. അയാക്‌സ്, ചെല്‍സി, യുവെന്റസ്, ബയേണ്‍ മ്യൂണിക് ക്ലബ്ബുകളാണ് ചാമ്പ്യന്‍സ് ലീഗും യൂറോപ ലീഗും നേടിയവരുടെ കൂട്ടത്തിലുള്ളത്. മുമ്പത്തെ യുവേഫ കപ്പാണ് യൂറോപ ലീഗായി മാറിയത് എന്ന് മാത്രം.

ഹൊസെ മൗറിഞ്ഞോയുടെ റെക്കോര്‍ഡ്..

യൂറോപ്പിലെ നാല് മേജര്‍ ടൂര്‍ണമെന്റുകളും ജയിച്ച പരിശീലകനായി ഹൊസെ മൗറിഞ്ഞോ. എഫ് സി പോര്‍ട്ടോ, ഇന്റര്‍മിലാന്‍ ക്ലബ്ബുകള്‍ക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് നേടിയിട്ടുണ്ട് മൗറിഞ്ഞോ.

പോഗ്ബയുടെ ഫോം...

ലോക റെക്കോര്‍ഡ് ട്രാന്‍സ്ഫറില്‍ മാഞ്ചസ്റ്റര്‍യുനൈറ്റഡിലെത്തിയ പോള്‍ പോഗ്ബ അതിനൊത്ത നിലവാരം കാണിക്കുന്നില്ലെന്ന വിമര്‍ശം ഉയര്‍ന്നിരുന്നു. എന്നാല്‍, യൂറോപ ലീഗ് ഫൈനലില്‍ പോഗ്ബ നിറഞ്ഞാടി. ആദ്യ ഗോള്‍ പോഗ്ബയുടെ പ്രതിഭ അറിയിക്കുന്നതായി.

അയാക്‌സിന് അഭിമാനിക്കാം..

1996ന് ശേഷം ആദ്യമായിട്ടാണ് അയാക്‌സ് യൂറോപ്പില്‍ ഫൈനല്‍ കളിക്കുന്നത്. ആറ് അണ്ടര്‍ 21 താരങ്ങളുമായിട്ടാണ് അയാക്‌സ് ഫൈനല്‍ കളിക്കാനിറങ്ങിയത്. യൂറോപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ടീമുമായി ഡച്ച് ക്ലബ്ബ് നടത്തിയ കുതിപ്പ് അവിസ്മരണീയം. യൂറോപ്പിലെ ഏറ്റവും മികച്ച പരിശീലകന്റെ ടീമിന് മുന്നിലാണ് പരാജയപ്പെട്ടതെന്ന് ഓര്‍ത്ത് അയാക്‌സിന് ആശ്വസിക്കാം, അഭിമാനിക്കാം.

ഫൈനലില്‍ തോല്‍ക്കാത്ത മൗറിഞ്ഞോ..

യൂറോപ്പില്‍ നാല് ഫൈനലിലും മൗറിഞ്ഞോ ജയംകണ്ടു. 2003 ല്‍ എഫ് സി പോര്‍ട്ടോക്കൊപ്പം യുവേഫ സൂപ്പര്‍ കപ്പ്, 2004 ല്‍ ചാമ്പ്യന്‍സ് ലീഗ്. 2010 ല്‍ ഇന്റര്‍മിലാനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കി. ഇപ്പോഴിതാ യൂറോപ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് നേടിക്കൊടുത്തിരിക്കുന്നു.

അയാക്‌സിനെതിരെ നൂറ് ശതമാനം..

അയാക്‌സിനെതിരെ മൗറിഞ്ഞോയുടെ ടീം ഏഴ് തവണയാണ് കളിച്ചത്. ഏഴിലും മൗറിഞ്ഞോക്കായിരുന്നു ജയം.

ആദ്യം ഗോളടിച്ചാല്‍.....

സീസണില്‍ ആദ്യം ഗോളടിച്ച ഒരു മത്സരത്തിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തോറ്റിട്ടില്ല. എതിര്‍ടീമിന് തിരിച്ചുവരാന്‍ സാധിക്കാത്ത വിധം മൗറിഞ്ഞോ ഒരുക്കുന്ന തന്ത്രം അത്രമേല്‍ ഫലം കണ്ടുവെന്നാണ് കണക്കുകള്‍ അടിവരയിടുന്നത്..

ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും..

യൂറോപലീഗ് ജേതാവായതോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് റൗണ്ടിലേക്ക് യോഗ്യത നേടി. പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്.

English summary
manchester united beat ajax and win europa league title
Please Wait while comments are loading...