16 മിനിറ്റിനിടെ റയലിന് കിട്ടിയത് രണ്ടടി!! എന്നിട്ടും വീണില്ല സിദാന്റെ കുട്ടികള്‍..ഇനി ലക്ഷ്യം കിരീടം

  • Written By:
Subscribe to Oneindia Malayalam

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ സ്‌പെയിന്‍-ഇറ്റലി ഫൈനലിന് അരങ്ങോരുങ്ങി. രണ്ടാം പാദ സെമി ഫൈനലില്‍ നഗരവൈരികളായ അത്‌ലറ്റികോ മാഡ്രിഡിനോട് തോറ്റെങ്കിലും നിലവിലെ ജേതാക്കള്‍ കൂടിയായ റയല്‍ മാഡ്രിഡ് ഫൈനലിലേക്കു ടിക്കറ്റെടുത്തു. ഇറ്റാലിയന്‍ ജേതാക്കളായ യുവന്റസാണ് കലാശപ്പോരില്‍ റയലിനെ കാത്തിരിക്കുന്നത്.

മികച്ച തുടക്കം

ഉജ്ജ്വലമായാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ അത്‌ലറ്റികോ തുടങ്ങിയത്. 16 മിനിറ്റാവുമ്പോഴേക്കും അത്‌ലറ്റികോ 2-0ന്റെ ലീഡ് നേടി. ഇനിയൊരു ഗോള്‍ കൂടി നേടിയാല്‍ ഇരുപാദങ്ങളിലുമായി സ്‌കോര്‍ 3-3. 12ാം മിനിറ്റില്‍ ഇസ്‌കോയും 16ാം മിനിറ്റില്‍ അന്റോണിയോ ഗ്രീസ്മാനുമാണ് അത്‌ലറ്റികോയ്ക്കുവേണ്ടി നിറയൊഴിച്ചത്.

ഇസ്‌കോ രക്ഷിച്ചു

മല്‍സരത്തില്‍ ഒരു ഗോള്‍ കൂടി നേടി അത്‌ലറ്റികോ ഒപ്പമെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് റയലിന്റെ മറുപടി കണ്ടത്. ഒന്നാംകുതി അവസാനിക്കാന്‍ മൂന്നു മിനിറ്റ് ബാക്കിനില്‍ക്കെ ഇസ്‌കോയിലൂടെ റയല്‍ ഗോള്‍ തിരിച്ചടിച്ചു. ഇതോടെ അത്‌ലറ്റികോയുടെ തിരിച്ചുവരവ് സാധ്യതകള്‍ കൂടുതല്‍ അകലത്തിലായി.

ഇരുപാദങ്ങളിലുമായി 4-2

ഹോംഗ്രൗണ്ടായ സാന്റിയാഗോ ബെര്‍നാബുവില്‍ നടന്ന ആദ്യപാദത്തില്‍ നേടിയ 3-0ന്റെ തകര്‍പ്പന്‍ വിജയമാണ് റയലിന് തുണയായത്. ഇരുപാദങ്ങളിലുമായി 4-2ന്റെ ആധികാരിക വിജയവുമായി ചാംപ്യന്‍മാര്‍ മറ്റൊരു ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു.

നാലു വര്‍ഷത്തിനിടെ മൂന്നാമത്തേത്

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ റയലിന്റെ മൂന്നാമത്തെ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ കൂടിയാണിത്. 2014, 16 വര്‍ഷങ്ങളിലെ ഫൈനലുകളില്‍ റയല്‍ വിജയകിരീടമണിഞ്ഞിരുന്നു.

അത്‌ലറ്റികോയ്ക്ക് രക്ഷയില്ല

ചാംപ്യന്‍സ് ലീഗില്‍ അത്‌ലറ്റികോയ്ക്ക് നിരന്തരം വഴിമുടക്കുകയാണ് റയല്‍. കഴിഞ്ഞ നാലു സീസണുകളിലും റയലിനെതിരേ കളിച്ചപ്പോള്‍ അത്‌ലറ്റികോ പരാജയം നേരിട്ടിരുന്നു.

യുവന്‍റസിന്‍റെ വരവ്

തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് യുവന്‍റസ് വീണ്ടുമൊരിക്കല്‍ കൂടി ചാംപ്യന്‍സ് ലീഗിന്‍റെ ഫൈനലില്‍ ഇടംനേടിയത്. ഇരുപാദങ്ങളിലായി നടന്ന സെമിയില്‍ ഫ്രഞ്ച് ടീം മൊണാക്കോയെ യുവന്‍റസ് 4-1ന് മൊണാക്കോയെ തരിപ്പണമാക്കുകയായിരുന്നു. ക്വാര്‍ട്ടറില്‍ കിരീടഫേവറിറ്റുകളായ ബാഴ്സലോണയെ യുവന്‍റസ് നാണംകെടുത്തിയിരുന്നു. 2015ലെ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ബാഴ്സയോടേറ്റ തോല്‍വിക്ക് യുവന്‍റസ് കണക്കുതീര്‍ക്കുകയായിരുന്നു.

ചരിത്രത്തിനരികെ റയല്‍

ഫൈനലിലെത്തിയതോടെ പുതിയൊരു റെക്കോര്‍ഡിന് തൊട്ടരികിലാണ് ഇതിഹാസതാരം സിനദിന്‍ സിദാന്‍ പരിശീലിപ്പിക്കുന്ന റയല്‍. തുടര്‍ച്ചയായി രണ്ടു വട്ടം ചാംപ്യന്‍സ് ലീഗ് കിരീടം ചൂടുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡാണ് റയലിനെ കാത്തിരിക്കുന്നത്.

ഫൈനല്‍ ജൂണില്‍

ഫുട്‌ബോള്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചാംപ്യന്‍സ് ലീഗിന്റെ കലാശപ്പോര് ജൂണിലാണ്. ജൂണ്‍ നാലിന് ഇംഗ്ലണ്ടിലെ കാര്‍ഡിഫിലാണ് യൂറോപ്യന്‍ ചാംപ്യന്‍മാരെ കണ്ടെത്താനുള്ള ഫൈനല്‍.

അന്ന് റയല്‍

1997നു ശേഷം റയലും യുവന്റസും ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ആദ്യമായി മുഖാമുഖം വരുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. അന്നു ഏകപക്ഷീയമായ ഒരു ഗോളില്‍ റയല്‍ യുവന്റസിനെ മറികടക്കുകയായിരുന്നു.

എത്തിപ്പിടിക്കാനാവാതെ റയല്‍

ചാംപ്യന്‍സ് ലീഗില്‍ മറ്റൊരു ടീമിനും എത്തിപ്പിടിക്കാനാവാതെ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് റയല്‍. ചാംപ്യന്‍സ് ലീഗിലെ എക്കാലത്തെയും മികച്ച ടീമെന്ന റെക്കോര്‍ഡ് ഇതിനകം റയല്‍ സ്വന്തം പേരിലാക്കിയിട്ടുണ്ട്. 11 യൂറോപ്യന്‍ കിരീടങ്ങളാണ് റയലിന്റെ ഷെല്‍ഫിലുള്ളത്. ഏഴു കിരീടങ്ങളുമായി ഇറ്റാലിയന്‍ വമ്പന്‍മാരായ എസി മിലാനാണ് രണ്ടാംസ്ഥാനത്ത്.

English summary
Real madrid beats atletico madrid in uefa champions league semi final.
Please Wait while comments are loading...