മാഡ്രിഡ്: മുന്‍ ലോകകപ്പ് ചാംപ്യന്മാരായ സ്പെയിന് റഷ്യ 2018 ടൂര്‍ണമെന്റില്‍ നിന്നും പുറത്താകുമോ? ദേശീയ ഫുട്ബോള്‍ ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ അനാവശ്യമായി കൈകടത്തുന്ന പശ്ചാത്തലത്തിലാണ് ഫിഫ ഈ ഭീഷണി മുഴക്കിയത്.
ഫെഡറേഷന് എത്രയും പെട്ടെന്നു പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തേ പറ്റൂ. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് എയ്ഞ്ചര്‍ മാരിയ വില്ലര്‍ രാജിവെച്ചതിനെ തുടര്‍ന്ന് യുവാന്‍ ലാറയ്ക്കാണ് ഇപ്പോള്‍ പ്രസിഡന്റിന്റെ താത്കാലിക ചുമതല. എന്നാല്‍ ഫിഫയുടെ നിയമാവലി അനുസരിച്ച് ഈ താത്കാലിക സംവിധാനം തുടരുന്നതിനെ അംഗീകരിക്കാനാവില്ല.
ഇതിനു സമാനമായ സംഭവം കുവൈത്തിന്റെ കാര്യത്തിലും ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ആ രാജ്യത്തെ ഫുട്ബോള്‍ ടീമിന് ഏറെ കാലം അന്തര്‍ദേശീയ തലത്തില്‍ വിലക്ക് നേരിടേണ്ടി വരികയും ചെയ്തിരുന്നു. 2010ല്‍ സെപ് ബ്ലാറ്റര്‍ ഫെഡറേഷന്റെ ഉന്നത സ്ഥാനത്തിരിക്കുമ്പോഴും സമാനമായ അഴിമതി ആരോപണങ്ങള്‍ വന്നിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ തെളിയിക്കാന്‍ സാധിച്ചിരുന്നില്ല.
വിലക്ക് വന്നാല്‍ അത് സ്പാനിഷ് ക്ലബ്ബുകളെയും പ്രതികൂലമായി ബാധിക്കും. രാജ്യത്തിന് പുറത്ത് നടക്കുന്ന മത്സരങ്ങളിലൊന്നും ഈ ക്ലബ്ബുകള്‍ക്ക് പങ്കെടുക്കാനാകില്ല. ഫുട്ബോള്‍ ഫെഡറേഷന് തിരഞ്ഞെടുപ്പുമായി സര്‍ക്കാര്‍ പുറത്തിറക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് പലപ്പോഴും വില്ലനാകാറുള്ളത്. അതേ സമയം എല്ലാ സംഘടനകളും രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്ന നിലപാടാണ് സ്പാനിഷ് സര്‍ക്കാറിനുള്ളത്.