ജര്‍മനിയുടെ ബി ടീം വന്‍കരാ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി, അടുത്ത ലോകകപ്പിലും ജര്‍മനി തന്നെ

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: ലോകഫുട്‌ബോളിലെ വന്‍കരാ ചാമ്പ്യന്‍മാരുടെ പോരില്‍ ജര്‍മനിക്ക് കിരീടം. ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനലില്‍ ചിലിയെ മറുപടിയില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ലോകചാമ്പ്യന്‍മാരായ ജര്‍മനി അവസാന ചിരി തങ്ങളുടേതാക്കിയത്. ലാര്‍സ് സ്റ്റിന്‍ഡലാണ് വിജയഗോള്‍ നേടിയത്.

ജര്‍മനിയുടെ കന്നി ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് നേട്ടമാണിത്. 2005 ല്‍ മൂന്നാം സ്ഥാനത്തെത്തിയതാണ് ഇതിന് മുമ്പത്തെ മികച്ച പ്രകടനം. ചിലിയും കന്നി കിരീടമായിരുന്നു ലക്ഷ്യമിട്ടത്. ആദ്യന്തം പൊരുതിക്കളിച്ച ചിലി അവസാന മിനുട്ടില്‍ ഫ്രീകിക്ക് നേടിയെടുത്താണ് ജര്‍മനിയെ വിറപ്പിച്ചത്. എന്നാല്‍ മികച്ച പ്രതിരോധംതീര്‍ത്ത് ജോക്വം ലോയുടെ ജര്‍മന്‍ യുവനിര ലീഡ് നഷ്ടപ്പെടുത്തിയില്ല.

3-4-3 ശൈലിയാണ് ജര്‍മനി സ്വീകരിച്ചത്. ഗോള്‍ വല കാത്തത് ടെര്‍സ്റ്റിഗനാണ്. ജിന്റര്‍, മുസ്താഫി, റുഡിഗര്‍, കിമിച്, റുഡി, ഗോറെസ്‌ക, ഹെക്ടര്‍, സ്റ്റിന്‍ഡല്‍, വെര്‍നര്‍, ഡ്രാക്‌സലര്‍ എന്നിങ്ങനെയാണ് ജര്‍മന്‍ ലൈനപ്പ്.

Fifa Confederation Cup

4-1-2-1-2 ശൈലിയിലാണ് ചിലി കളിച്ചത്. ബ്രാവോ ഗോള്‍ കീപ്പര്‍. ഇസ്ല, യാറ, മെദെല്‍, ബ്യുസിയോര്‍, മാര്‍സലോ ഡയസ്, അരാംഗ്വുസ്, ഹെര്‍നാണ്ടസ്, വിദാല്‍, സാഞ്ചസ്, വര്‍ഗാസ് എന്നിവരാണ് ചിലിയുടെ ആദ്യ ലൈനപ്പില്‍.

മത്സരത്തിന്റെ ഒഴുക്കിന് വിപരീതമായിട്ടായിരുന്നു ജര്‍മനിയുടെ ഗോള്‍. ഇരുപതാം മിനുട്ടില്‍ ലാര്‍സ് സ്റ്റിന്‍ഡലാണ് ഗോള്‍ നേടിയത്. ചിലി സെന്റര്‍ ഡിഫന്‍ഡര്‍ മാര്‍സലോ ഡയസിന്റെ ഭീമന്‍ അബദ്ധമാണ് ഗോളില്‍ കലാശിച്ചത്. അവസാന ഡിഫന്‍ഡറായ മാര്‍സലോ രണ്ട് ജര്‍മന്‍ മുന്നേറ്റ താരങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പന്ത് നിയന്ത്രണത്തില്‍ നിന്നകന്നു. സ്റ്റന്‍ഡലിനെ മാര്‍സലോ കബളിപ്പിച്ചെങ്കിലും പറന്നെത്തിയ ടിമോ വെര്‍നര്‍ പന്ത് തട്ടിയെടുത്ത് ഗോളി ബ്രാവോയെ കീഴടക്കി സ്റ്റിന്‍ഡലിന് പാസ് ചെയ്തു. ഒഴിഞ്ഞു കിടന്ന പോസ്റ്റിലേക്ക് സ്റ്റിന്‍ഡല്‍ സാവകാശം പന്ത് തട്ടി വിട്ടു (1-0).

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ ചിലി പൊരുതിക്കളിക്കുകയും അതിന് തടയിടാന്‍ ജര്‍മനി വര്‍ധിത വീര്യത്തോടെ കളിക്കുകയും ചെയ്തതോടെ മത്സരം ആവേശകരമായി. പലപ്പോഴും കൈയ്യാങ്കളിയിലേക്ക് വഴിമാറുകയും ചെയ്തു ആവേശം. അമ്പത്തൊമ്പതാം മിനുട്ടില്‍ ജര്‍മനിയുടെ ജോഷ്വ കിമിചും ചിലിയുടെ ആര്‍തുറോ വിദാലും തമ്മിലുണ്ടായ ഉന്തും തള്ളും സംഘര്‍ഷത്തിനിടയാക്കി. റഫറി രണ്ട് പേര്‍ക്കും മഞ്ഞക്കാര്‍ഡ് കാണിച്ചു.

English summary
Germany overcame chile and win fifa confederations cup
Please Wait while comments are loading...