പന്തിനെ പറപ്പിച്ച് മറ്റൊരു പന്ത്!! കൂടെ സഞ്ജുവും.... ഡെവിള്‍സ് ഡാ, ഗുജറാത്തിന്റെ ചീട്ട് കീറി

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഐപിഎല്ലില്‍ തങ്ങള്‍ക്ക് ഇത്തവണ ഒരു സാധ്യയതയുമില്ലെന്ന് പ്രവചിച്ചവര്‍ക്ക് കളിക്കളത്തില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ മറുപടി. ഗുജറാത്ത് ലയണ്‍സിനെ ഏഴു വിക്കറ്റിനു കശാപ്പ് ചെയ്ത് ഡെല്‍ഹി നോക്കൗട്ട് റൗണ്ട് സാധ്യതകള്‍ സജീവമാക്കി. ബാറ്റിങ് വെടിക്കെട്ട് കണ്ട മല്‍സരത്തില്‍ ആകെ പിറന്നത് 422 റണ്‍സാണ്. 11 മല്‍സരങ്ങളില്‍ എട്ടിലും തോറ്റതോടെ ഗുജറാത്തിന്റെ നോക്കൗട്ട്‌റൗണ്ട് പ്രതീക്ഷകള്‍ അവസാനിച്ചു.

ഗുജറാത്തിനെതിരായ ജയത്തോടെ ഡെല്‍ഹി പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്തേക്കുയര്‍ന്നു. 10 മല്‍സരങ്ങളില്‍ നിന്നു നാലു ജയവും ആറു തോല്‍വിയുമടക്കം ഡെല്‍ഹിക്കു എട്ടു പോയിന്റാണുള്ളത്. ഒരു മല്‍സരം കൂടുതല്‍ കളിച്ച ഗുജറാത്ത് മൂന്നു ജയവും എട്ടു തോല്‍വിയുമുള്‍പ്പെടെ ആറു പോയിന്‍റോടെ തൊട്ടു താഴെയാണ്.

മുന്‍നിര തകര്‍ന്നിട്ടും....

ആദ്യം ബാഫറ്റ് ചെയ്ത ഗുജറാത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 10 റണ്‍സാവുമ്പോഴേക്കും രണ്ടു വിക്കറ്റുകള്‍ അവര്‍ക്കു നഷ്ടമായി. എന്നാല്‍ പിന്നീട് ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയും ദിനേഷ് കാര്‍ത്തികും ക്രീസില്‍ ഒന്നിച്ചതോടെ ഗുജറാത്ത് കത്തിക്കയറി. 12 ഓവറില്‍ 133 റണ്‍സാണ് ഈ ജോടി വാരിക്കൂട്ടിയത്. റെയ്‌ന 77 റണ്‍സുമായി ടോപ്‌സ്‌കോററായപ്പോള്‍ കാര്‍ത്തിക് 65 റണ്‍സെടുത്തു.

മികച്ച സ്‌കോര്‍

നിശ്ചിത ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഏഴു വിക്കറ്റിന് 208 റണ്‍സെന്ന വിജയിക്കാവുന്ന സ്‌കോര്‍ ഗുജറാത്ത് നേടിയിരുന്നു. ടി ട്വന്റിയില്‍ പിന്തുടര്‍ന്ന് ജയിക്കാന്‍ എളുപ്പമുള്ള സ്‌കോറായിരുന്നില്ല ഇത്. 43 പന്തില്‍ റെയ്‌ന അഞ്ചു ബൗണ്ടറികളും നാലു സിക്‌സറും പായിപ്പിച്ചപ്പോള്‍ കാര്‍ത്തിക് 34 പന്തില്‍ അഞ്ചു വീതം ബൗണ്ടറികളും സിക്‌സറും നേടി. 19 പന്തില്‍ നാലു ബൗണ്ടറികളോടെ 27 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചും ഗുജറാത്തിന്റെ സ്‌കോറിങിന് വേഗം കൂട്ടി.

സൂപ്പര്‍ ഡെവിള്‍സ്

മലയാളി താരങ്ങളായ സഞ്ജു സാംസണും കരുണ്‍ നായരുമാണ് ഡെല്‍ഹിക്കായി ഓപ്പണ്‍ ചെയ്തത്. ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു കരുണ്‍. 12 റണ്‍സോടെ കരുണ്‍ പെട്ടെന്നു പുറത്തായെങ്കിലും സഞ്ജു തകര്‍ത്തു കളിച്ചു. 31 പന്തില്‍ ഏഴു സിക്‌സറടക്കം സഞ്ജു നേടിയത് 61 റണ്‍സാണ്.

എന്തൊരു ബാറ്റിങ്

സഞ്ജുവിന്റെ ബാറ്റിങ് കണ്ട് ഞെട്ടിയവര്‍ അതിനേക്കാള്‍ വലിയ അദ്ഭുതമാണ് പിന്നീട് കണ്ടത്. മൂന്നാമനായി ക്രീസിലത്തിയ റിഷഭ് പന്ത് ഗുജറാത്തിനെ നാണംകെടുത്തുകയായിരുന്നു. കേവലം 43 പന്തില്‍ ആറു ബൗണ്ടറികളും ഒമ്പതു സിക്‌സറുമടക്കം പാന്ത് 97 റണ്‍സ് വാരിക്കൂട്ടി. അര്‍ഹിച്ച സെഞ്ച്വറി പന്തിനു നഷ്ടമായെങ്കിലും കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സാണ് താരം പുറത്തെടുത്തത്. പന്തിന്റെ വിലപ്പെട്ട വിക്കറ്റ് മലയാളി പേസര്‍ ബാസില്‍ തമ്പിക്കായിരുന്നു.

അനായാസം ഡെല്‍ഹി

സഞ്ജുവും പന്തും കത്തിപ്പടര്‍ന്നപ്പോള്‍ ഗുജറാത്ത് പല്ല് കൊഴിഞ്ഞ സിംഹങ്ങളായി മാറി. 209 റണ്‍സെന്ന വിജയലക്ഷ്യത്തിലെത്താന്‍ ഡെല്‍ഹിക്കു വേണ്ടിവന്നത് 17.3 ഓവര്‍ മാത്രമാണ്. 15 പന്തുകള്‍ അപ്പോഴും ബാക്കി. ഇത്രയും വലിയ സ്‌കോറിലേക്ക് എത്താന്‍ ഡെല്‍ഹിക്കു വെറും മൂന്നു വിക്കറ്റ് മാത്രമേ നഷ്ടപ്പെടുത്തേണ്ടിവന്നുള്ളൂ.

സിക്‌സറില്‍ റെക്കോര്‍ഡ്

സിക്‌സറില്‍ പുതിയൊരു റെക്കോര്‍ഡും ഈ മല്‍സരത്തില്‍ കണ്ടു. സീസണില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പിറന്ന ഐപിഎല്‍ മല്‍സരമെന്ന റെക്കോര്‍ഡാണ് ഡെല്‍ഹി-ഗുജറാത്ത് മല്‍സരം സ്വന്തമാക്കിയത്. 31 സിക്‌സറുകളാണ് ഈ മല്‍സരത്തില്‍ കണ്ടത്. ഇതില്‍ 20ഉം ഡെല്‍ഹിയുടെ വകയായിരുന്നു.

പന്ത് മോശമെങ്കില്‍ ശിക്ഷിക്കും

പന്ത് മോശമാണെങ്കില്‍ താന്‍ ശിക്ഷിക്കുക തന്നെ ചെയ്യുമെന്ന് കളിയിലെ ഹീറോയായ റിഷഭ് പന്ത് പറഞ്ഞു. മല്‍സരശേഷം സംസാരിക്കുകയായിരുന്നു മാന്‍ ഓഫ് ദി മാച്ച് കൂടിയായ പന്ത്. ബൗളര്‍ മോശം പന്താണ് എറിയുന്നതെങ്കില്‍ പുറത്താവുമോയെന്ന് ഭയന്ന് ഞാന്‍ അടിക്കാതിരിക്കില്ല. അത്തരം പന്തുകളെ തീര്‍ച്ചായും ശിക്ഷിക്കും.

English summary
Delhi beats Gujarat in ipl match.
Please Wait while comments are loading...