ഉത്തപ്പ ഉദിച്ചപ്പോള്‍ സൂര്യാസ്തമയം!! കൊല്‍ക്കത്തയുടെ 'ഗംഭീര' കുതിപ്പ്, പട്ടികയില്‍ തലപ്പത്ത്

  • Written By:
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്മാരും മുന്‍ ജേതാക്കളും തമ്മിലുള്ള പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു ജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 17 റണ്‍സിനാണ് കൊല്‍ക്കത്ത തകര്‍ത്തുവിട്ടത്. ഈ ജയത്തോടെ ഗൗതം ഗംഭീര്‍ നയിക്കുന്ന കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു.

ഉജ്ജ്വലം ഉത്തപ്പ

ഒരു കാലത്ത് ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമാവുകയും പിന്നീട് പിന്തള്ളപ്പെടുകയും ചെയ്ത. റോബിന്‍ ഉത്തപ്പയുടെ വെടിക്കെട്ട് ബാറ്റിങാണ് കൊല്‍ക്കത്തയുടെ ജയത്തിന് അടിത്തറയിട്ടത്. മൂന്നാമനായി ക്രീസിലെത്തിയ ഉത്തപ്പ 39 പന്തില്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുമടക്കം 68 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി.

മികച്ച സ്‌കോര്‍

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത മികച്ച സ്‌കോറാണ് പടുത്തുയര്‍ത്തിയത്. നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് അവര്‍ 172 റണ്‍സെടുത്തു. ഉത്തപ്പയെക്കൂടാതെ മനീഷ് പാണ്ഡെ 46 (35 പന്ത്, 3 ബൗണ്ടറി, 2 സിക്‌സര്‍) കൊല്‍ക്കത്ത ബാറ്റിങില്‍ മിന്നി.

പൊരുതി നോക്കി ഹൈദരാബാദ്

173 റണ്‍സെന്ന വിജയലക്ഷ്യം ഓസീസ് വെടിക്കെട്ട് ഓപണറും ഹൈദരാബാദ് ക്യാപ്റ്റനുമായ ഡേവിഡ് വാര്‍ണറുള്‍പ്പെടുന്ന ടീമിന് അപ്രാപ്യമായിരുന്നില്ല. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് പിഴുത കൊല്‍ക്കത്ത ഒരിക്കല്‍പ്പോലും ഹൈദരാബാദിനെ ജയത്തിലേക്ക് മുന്നേറാന്‍ അനുവദിച്ചില്ല. ആറു വിക്കറ്റിന് 155 റണ്‍സെടുക്കാനേ അവര്‍ക്കു കഴിഞ്ഞുള്ളൂ.

അര്‍ധസെഞ്ച്വറിയില്ല

വാര്‍ണര്‍, ശിഖര്‍ ധവാന്‍, യുവരാജ് സിങ് എന്നിവരടക്കമുള്ള സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ ടീമിലുണ്ടായിട്ടും ഹൈദരാബാദ് നിരയില്‍ ഒരാള്‍ക്കു പോലും അര്‍ധസെഞ്ച്വറി തികയ്ക്കാനായില്ല. വാര്‍ണറും യുവരാജും 26 റണ്‍സ് വീതമെടുത്ത് പുറത്താവുകയായിരുന്നു. ധവാന്‍ 23 റണ്‍സ് നേടി. ക്രിസ് വോക്‌സ് കൊല്‍ക്കത്തയ്ക്കായി രണ്ടു വിക്കറ്റ് വീഴ്ത്തി.

വീണ്ടും കുല്‍ദീപ്

കഴിഞ്ഞ സീസണിലെ ടൂര്‍ണമെന്റിന്റെ എലിമിനേറ്റര്‍ മല്‍സരത്തില്‍ ഹൈദരാബാദിന്റെ മൂന്നു വിക്കറ്റെടുത്ത കുല്‍ദീപ് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള ഗംഭീറിന്റെ തീരുമാനം പിഴച്ചില്ല. ടീമിന് ആദ്യ ബ്രേക് ത്രൂ നല്‍കിയത് കുല്‍ദീപായിരുന്നു. കുല്‍ദീപിന്റെ കറങ്ങിത്തിരിയുന്ന പന്തുകള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാവാതെ വാര്‍ണര്‍ (7) പുറത്താവുകയായിരുന്നു.

ഉത്തപ്പ കളിയിലെ താരം

തന്റെ അത്യുജ്വല ബാറ്റിങ് പ്രകടനത്തിലൂടെ കൊല്‍ക്കത്തയുടെ വിജയശില്‍പ്പിയായി മാറിയ ഉത്തപ്പയാണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. മൂന്നാം വിക്കറ്റില്‍ പാണ്ഡെയ്‌ക്കൊപ്പം 77 റണ്‍സിന്റെ കൂട്ടുകെട്ട് ഉത്തപ്പ പടുത്തുയര്‍ത്തിയിരുന്നു.

തലപ്പത്ത് കൊല്‍ക്കത്ത

ഹൈദരാബാദിനെതിരായ വിജയത്തോടെ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ കൊല്‍ക്കത്ത തലപ്പത്തേക്കു കയറി. നാലു മല്‍സരങ്ങളില്‍ നിന്നു മൂന്നു ജയവും ഒരു തോല്‍വിയുമടക്കം ആറു പോയിന്റാടെയാണ് കൊല്‍ക്കത്ത ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. നാലു പോയിന്റുള്ള ഹൈദരാബാദ് നാലാംസ്ഥാനത്താണ്.

English summary
Kolkata beats Hyderabad in Ipl match
Please Wait while comments are loading...