വാട്ട് എ മാച്ച്!! ഇതാണ് ക്രിക്കറ്റ്.....ഇഞ്ചോടിഞ്ച്, പടിക്കല്‍ കലമുടച്ച് മുംബൈ, പഞ്ചാബിന് ആശ്വാസം

  • Written By:
Subscribe to Oneindia Malayalam

മുംബൈ: ഇതാണ് ട്വന്റി ട്വന്റിയുടെ യഥാര്‍ഥ ആവേശം. ഐപിഎല്ലിലെ തന്നെ ഏറ്റവും ആവേശകരമായ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് പടിക്കല്‍ കലമുടച്ചു. എന്നാല്‍ ഇതു കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പ്ലേഓഫ് സാധ്യതകള്‍ കൂടുതല്‍ സജീവമാക്കി. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ത്രില്ലറില്‍ ഏഴു റണ്‍സിനാണ് പഞ്ചാബ് മുംബൈയെ മറികടന്നത്.

കൂറ്റന്‍ സ്‌കോര്‍

തോറ്റാല്‍ പുറത്താവുമെന്ന് ഉറപ്പുള്ളതിനാല്‍ രണ്ടും കല്‍പ്പിച്ചാണ് പഞ്ചാബ് ഇറങ്ങിയത്. വിജയം ഉറപ്പിക്കുന്ന സ്‌കോറും അവര്‍ പടുത്തുയര്‍ത്തി. നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ പഞ്ചാബ് നേടിയത് 230 റണ്‍സ്. ഓപ്പണര്‍ വൃധിമാന്‍ സാഹ കൊളുത്തിയ വെടിക്കെട്ടിന് മറ്റുള്ളവരും പിന്തുണയേകിയതോടെയാണ് പഞ്ചാബ് സ്‌കോര്‍ 230ലെത്തിയത്.

 സൂപ്പര്‍ സാഹ

ടെസ്റ്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ കൂടിയായ സാഹ താന്‍ മഹേന്ദ്രസിങ് ധോണിയുടെ യഥാര്‍ഥ പകരക്കാരന്‍ തന്നെയാണെന്ന് തെളിയിച്ചു. 55 പന്തില്‍ 11 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 93 റണ്‍സുമായി സാഹ പുറത്താവാതെ നിന്നു. ക്യാപ്റ്റന്‍ ഗ്ലെന്‍ മാക്‌സ് വെല്ലാണ് പഞ്ചാബിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 21 പന്തില്‍ അഞ്ചു സിക്‌സറിന്റെയും രണ്ടു ബൗണ്ടറികളുടെയും അകമ്പടിയോടെ താരം 47 റണ്‍സെടുത്തു. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (18 പന്തില്‍ 36), ഷോണ്‍ മാര്‍ഷ് (16 പന്തില്‍ 25) എന്നിവരും തിളങ്ങി.

ജസ്റ്റ് മിസ്സ്.....

231 റണ്‍സെന്നത് ടി ട്വന്റിയില്‍ പിന്തുടര്‍ന്നു വിജയിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള സ്‌കോറാണ്. എന്നിട്ടും മുംബൈ പ്രതീക്ഷ കൈവിടാതെ പൊരുതി നോക്കി. പക്ഷെ ജയത്തിനു തൊട്ടരികില്‍ വീഴാനായിരുന്നു അവരുടെ വിധി. ആറു വിക്കറ്റിന് 223 റണ്‍സില്‍ മുംബൈ കീഴടങ്ങി.

വിന്‍ഡീസ് വെടിക്കെട്ട്

രണ്ടു വിന്‍ഡീസ് താരങ്ങള്‍ നടത്തിയ തീപ്പൊരി ബാറ്റിങാണ് മുംബൈയെ അസാധ്യമെന്നു കരുതിയ വിജയലക്ഷ്യത്തിന് തൊട്ടരികിലെത്തിച്ചത്. ഓപ്പണര്‍ ലെന്‍ഡ്ല്‍ സിമ്മണ്‍സ് 32 പന്തില്‍ അഞ്ചു സിക്‌സറും നാലു ബൗണ്ടറികളുമടക്കം 59 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി. എന്നാല്‍ കൂടുതല്‍ കൈയടി നേടിയത് കിരോണ്‍ പൊള്ളാര്‍ഡായിരുന്നു. 24 പന്തില്‍ അഞ്ചു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം പൊള്ളാര്‍ഡ് 50 റണ്‍സുമായി പുറത്താവാതെ നിന്നു. പാര്‍ഥിവ് പട്ടേലാണ് (38) ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍.

അപവാദമായി മാക്‌സ്‌വെല്‍

പഞ്ചാബ് ബൗളിങില്‍ പന്തെറിഞ്ഞ ഏഴു പേരില്‍ ആറു താരങ്ങളും മുംബൈ ബാറ്റിങിന്റെ ചൂടറിഞ്ഞു. ഇതിനു അപവാദമായത് പഞ്ചാബ് ക്യാപ്റ്റന്‍ മാക്‌സ്‌വെല്ലായിരുന്നു. രണ്ടോവര്‍ എറിഞ്ഞ താരം എട്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത് സിമ്മണ്‍സിന്റെ വിലപ്പെട്ട വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു.

മോഹിത്തിന് നന്ദി

നിര്‍ണായകമായ അവസാന ഓവര്‍ പന്തെറിഞ്ഞ മോഹിത് ശര്‍മയോടും പഞ്ചാബ് ഈ വിജത്തിനു കടപ്പെട്ടിരിക്കുന്നു. അവസാന ഓവറില്‍ മുംബൈയ്ക്കു ജയിക്കാന്‍ 15 റണ്‍സാണ് വേണ്ടിയിരുന്നത്. ക്രീസിലാവട്ടെ എന്തിനും ശേഷിയുള്ള പൊള്ളാര്‍ഡും. പക്ഷെ എട്ടു റണ്‍സ് മാത്രമേ മോഹിത്ത് വിട്ടുകൊടുത്തുള്ളൂ.

സാഹ കളിയിലെ താരം

തട്ടുപൊളിപ്പന്‍ ഇന്നിങ്‌സിലൂടെ കളി പഞ്ചാബിന്റെ വരുതിയിലാക്കിയ സാഹ തന്നെയാണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ കുറച്ചു മല്‍സരങ്ങളില്‍ വേണ്ടത്ര തിളങ്ങാന്‍ സാധിക്കാതിരുന്ന സാഹ ഈയൊരു ഇന്നിങ്‌സിലൂടെ അതിനു പ്രായശ്ചിത്തം ചെയ്തു.

പഞ്ചാബ് അഞ്ചാമത്

ഒരു മല്‍സരം കൂടി ശേഷിക്കെ പഞ്ചാബ് പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു. 14 പോയിന്റാണ് പഞ്ചാബിന്റെ സമ്പാദ്യം. ഒരു പോയിന്റ് മാത്രം മുന്നിലായി സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് തൊട്ടു മുകളില്‍. റൈസിങ് പൂനെ ജയന്റ്‌സിനെതിരേയാണ് പഞ്ചാബിന്റെ അവസാന മല്‍സരം. മുംബൈ മാത്രമാണ് പ്ലേഓഫ് ഉറപ്പിച്ച ടീം.

English summary
Punjab beats mumbai in ipl match
Please Wait while comments are loading...