ചെന്നൈ: ചെന്നൈയില്‍ ദൈവം കളിച്ചു.. അതും ക്രിക്കറ്റിന്റെ ദൈവത്തിന് വേണ്ടി. എക്സ്ട്രാ ടൈമില്‍ സ്റ്റീഫന്‍ പിയേഴ്സന്റെ ബൂട്ടില്‍ നിന്ന് പിറന്ന ഗോളിലൂടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ആദ്യ സീസണിലെ ഫൈനല്‍ മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് യോഗ്യത നേടി.
രണ്ടാം പാദ സെമിയില്‍ ചെന്നൈയിന് എഫ്സിയെ അവരുടെ തട്ടകത്തില്‍ തകര്‍ക്കാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് തുടക്കം മുതലേ പാളി. നാല് ഗോളിന്റെ മാര്‍ജിനില്‍ തോല്പിക്കപ്പെട്ടാലെ ഫൈനല്‍ നഷ്ടമാകൂ എന്ന ആത്മവിശ്വാസം കേരളത്തിന്റെ കളിയെ പിറകോട്ട് വലിച്ചു.
എന്നാല്‍ ചെന്നൈയിന് എഫ്സിക്ക് ജീവന്മരണ പോരാട്ടമായിരുന്നു. ജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ ആഗ്രഹിച്ചിരുന്നില്ല. രണ്ട് പകുതികളും പൂര്ത്തിയാപ്പോള് കേരളത്തിന്റെ ഗോള്‍വലയില്‍ മൂന്ന് തവണ നിറയൊഴിച്ച് വിജയം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ചെന്നൈ. എന്നാല്‍ പിയേഴ്സണ്‍ കളി മാറ്റി.
രണ്ടാം പാദ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് 3-1 ന് ചെന്നൈയിന് എഫ്സിയോട് തോറ്റെങ്കിലും രണ്ട് മത്സരങ്ങളിലെ സ്കോറുകള്‍ കൂട്ടിയപ്പോള്‍ കേരളം 4-3 ന് മുന്നിലെത്തി.
സില്‍വസ്റ്ററും ഇന്ത്യന്‍ ദേശീയ താരം ജെജെലാല്‍ പെഖുലയും ആണ് ചെന്നൈക്ക് വേണ്ടി ഗോളുകള്‍ നേടിയത്. ബോള്‍ സേവ് ചെയ്യാന്‍ ശ്രമിച്ചതിലെ പിഴവ് സന്ദേശ് ജിംഗാന് സെല്‍ഫ് ഗോളിന് വഴിവച്ചപ്പോള്‍ ചെന്നൈ 3-0 ന് മുന്നിലെത്തി. എക്ട്രാ ടൈമില്‍ പിയേഴ്സണ്‍ ഗോളടിച്ചില്ലായിരുന്നെങ്കില്‍ പെനാല്‍ട്ടി ഷൂട്ട് ഔട്ട് വേണ്ടി വരുമായിരുന്നു ഫൈനലിസ്റ്റുകളെ നിര്‍ണയിക്കാന്‍.