ദില്ലി: ബാഡ്മിന്റണില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിലേക്ക് അതിവേഗം മുന്നേറുന്ന പി വി സിന്ധുവിനെ രാജ്യത്തെ പരമോന്നത ബഹുമതിയായ പത്മഭൂഷണിന് ശുപാര്‍ശ ചെയ്തു. ദേശീയ കായിക മന്ത്രാലമയാണ് ഹൈദരാബാദുകാരിയുടെ പേര് നിര്‍ദേശിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ പേര് ബിസിസിഐ നേരത്തേ പത്മഭൂഷണിന് ശുപാര്‍ശ ചെയ്തിരുന്നു. രണ്ടു പേര്‍ക്കും പത്മഭൂഷണ്‍ നല്‍കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കാരണം 2016ല്‍ സാനിയാ മിര്‍സയ്ക്കും സൈന നെഹ്വാളിനവും പത്മഭൂഷണ്‍ സമ്മാനിച്ചിരുന്നു.
റിയോ ഒളിംപിക്സില്‍ ഇന്ത്യക്കായി വെള്ളി മെഡല്‍ നേടിയ സിന്ധു സമീപകാലത്ത് മിന്നുന്ന പ്രകടനമാണ് നടത്തുന്നത്. നിലവില്‍ ലോക റാങ്കിങില്‍ രണ്ടാംസ്ഥാനത്താണ് 22 കാരി. 2015 മാര്‍ച്ചില്‍ രാജ്യം പത്മശ്രീ നല്കി സിന്ധുവിനെ ആദരിച്ചിരുന്നു.
കഴിഞ്ഞ മാസം നടന്ന ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ വെള്ളി നേടി സിന്ധു ഇന്ത്യയുടെ അഭിമാനമായിരുന്നു. തൊട്ടു പിറകെ കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസിലും താരം കിരീടമുയര്‍ത്തി. ഈ ചാംപ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ താരം ജേതാവായതും ഇതാദ്യമായിട്ടായിരുന്നു. 2013ല്‍ അര്‍ജുന അവാര്‍ഡും 2016ല്‍ ഖേല്‍ രത്ന പുരസ്കാരവും സിന്ധുവിനെ തേടിയെത്തിയിരുന്നു.