ന്യൂയോര്‍ക്ക്: മുന്‍ ലോക ഒന്നാം നമ്പര്‍ റഷ്യന്‍ സൂപ്പര്‍ താരം മരിയ ഷറപ്പോവ യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ കുതിപ്പ് തുടരുന്നു. 15 മാസത്തെ വിലക്കിനു ശേഷം ആദ്യ ഗ്രാന്റ്സ്ലാമില്‍ റാക്കറ്റേന്തിയ ഷറപ്പോവ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. അമേരിക്കയുടെ വെറ്ററന്‍ താരം വീനസ് വില്ല്യംസും അവസാന 16ല്‍ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, പുരുഷ സിംഗിള്‍സില്‍ അഞ്ചാം സീഡായ ക്രൊയേഷ്യയുടെ മരിന് സിലിച്ച് അട്ടിമറിത്തോല്‍വിയോടെ പുറത്തായി.
ആതിഥേയ താരമായ സോഫിന കെനിനെയാണ് റൗണ്ട് 32ല്‍ ഷറപ്പോവ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്തത്. ആദ്യ സെറ്റില്‍ അല്‍പ്പം വെല്ലുവിളി നേരിട്ടതൊഴിച്ചാല്‍ ഷറപ്പോവ അനായാസം ജയിച്ചുകയറുകയായിരുന്നു. സ്കോര്‍: 7-5, 6-2. മറ്റൊരു കളിയില്‍ വീനസിന്റെയും ജയം നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു. ഗ്രീസിന്റെ മരിയ സക്കാറിയെയാണ് വീനസ് 6-3, 6-4നു തുരത്തിയത്. മറ്റു മല്‍സരങ്ങളില്‍ മൂന്നാം സീഡായ സ്പെയിനിന്റെ ഗബ്രീന്‍ മുഗുറുസ 6-1, 6-1നു റൈബറിക്കോവയെയും അമേരിക്കയുടെ സ്ലൊവാനി സ്റ്റീവന്‍സ് 6-2, 6-4നു ബാര്‍ട്ടിയെയും തോല്‍പ്പിച്ചു.
പുരുഷ സിംഗിള്‍സില്‍ അര്‍ജന്റീനയുടെ ഡിയേഗോ ഷ്വാര്ട്സ്മാനാണ് സിലിച്ചിനെ അട്ടിമറിച്ചത്. ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കായിരുന്നു അര്‍ജന്റൈന്‍ താരത്തിന്റെ വിജയം. സ്കോര്‍: 4-6, 7-5, 7-5, 6-4. ആതിഥേയരുടെ പ്രതീക്ഷയായ 10ാം സീഡ് ജോണ്‍ ഇസ്നറും പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. മൂന്നാംറണ്ട് മല്‍സരത്തില്‍ ജര്‍മനിയുടെ മിസ്ക സ്വരേവാണ് ഇസ്നറെ 4-6, 3-6, 6-7ന് വീഴ്ത്തിയത്.