കീസ് നിഷ്പ്രഭം... സ്റ്റീഫന്‍സിന് യുഎസ് ഓപ്പണ്‍, ക്ലിസ്റ്റേഴ്‌സിനു ശേഷമാദ്യം

  • Written By:
Subscribe to Oneindia Malayalam

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റില്‍ വനിതകളില്‍ പുതിയ കിരീട അവകാശി. ആതിഥേയര്‍ തമ്മിലുള്ള കലാശക്കളിയില്‍ സ്ലോന്‍ സ്റ്റീഫന്‍സ് ആധികാരിക വിജയത്തോടെയാണ് കന്നി ഗ്രാന്റ്സ്ലാം കിരീടമുയര്‍ത്തിയത്. ഫൈനലില്‍ നാട്ടുകാരിയും അടുത്ത സുഹൃത്തുമായ മാഡിസണ്‍ കീസിനെ സ്റ്റീഫന്‍സ് നിലംതൊടീക്കാതെയാണ് കെട്ടുകെട്ടിച്ചത്. തികച്ചും ഏകപക്ഷീയമായ ഫൈനലില്‍ 6-3, 6-0നായിരുന്നു സ്റ്റീഫന്‍സിന്റെ വിജയം. മല്‍സരം സ്വന്തമാക്കാന്‍ താരത്തിന് 61 മിനിറ്റ് മാത്രമേ വേണ്ടി വന്നുള്ളൂ.

1

കാലിലേറ്റ പരിക്കിനെത്തുടര്‍ന്നു കുറച്ചുകാലം ടെന്നീസ് കോര്‍ട്ടില്‍ നിന്നു വിട്ടുനിന്ന സ്റ്റീഫന്‍സ് ഈ വര്‍ഷത്തെ വിംബിള്‍ഡണിലൂടെയാണ് മടങ്ങിയെത്തിയത്. നേരത്തേ സിംഗിള്‍സ് റാങ്കിങില്‍ 12ാം സ്ഥാനത്തു വരെ എത്തിയിട്ടുള്ള 24 കാരിക്ക് ഇടവേള റാങ്കിങില്‍ തിരിച്ചടിയുണ്ടാക്കി. നിലവില്‍ ലോക റാങ്കിങില്‍ 83ാം സ്ഥാനത്താണ് സ്റ്റീഫന്‍സ്. 2009ല്‍ ബെല്‍ജിയത്തിന്റെ ക്ലിം ക്ലിസ്റ്റേഴ്‌സ് ഗ്രാന്റ്സ്ലാം നേടിയ ശേഷം റാങ്കിങില്‍ ഏറെ പിറകിലുള്ള ഒരു താരം കിരീടമണിയുന്നത് ഇതാദ്യമായാണ്.

2

റാങ്കിങില്‍ മുന്നിലായിരുന്ന കീസിനാണ് ഫൈനലില്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ തുടക്കം മുതല്‍ സ്റ്റീഫന്‍സ് കത്തിക്കയറിയതോടെ കീസ് നനഞ്ഞ പടക്കമായി മാറി. കളിയുടെ ഒരു ഘട്ടത്തില്‍ പോലും കീസിന് തിരിച്ചുവരാനുള്ള പഴുത് പോലും നല്‍കാതെയാണ് സ്റ്റീഫന്‍സ് കന്നി ഗ്രാന്റ്സ്ലാം വിജയത്തിലേക്ക് കുതിച്ചത്. ഇത് അവിസ്മരണീയ വിജയമാണെന്ന് മല്‍സരശേഷം സ്റ്റീഫന്‍സ് പ്രതികരിച്ചു. ജനുവരി 23ന് താന്‍ ശസ്ത്രക്രിയക്കു വിധേയായിരുന്നു. യുഎസ് ഓപ്പണ്‍ നേടാനാവുമെന്ന് ആരെങ്കിലും തന്നോട് പറഞ്ഞാല്‍ അസാധ്യമെന്നേ താന്‍ പറയുമായിരുന്നുള്ളൂവെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് കീസ്. മല്‍സരം സമനിലയില്‍ അവസാനിച്ചാല്‍ മതിയായിരുന്നുവെന്ന് താന്‍ അവളോട് പറഞ്ഞിരുന്നതായും സ്റ്റീഫന്‍സ് കൂട്ടിച്ചേര്‍ത്തു.

English summary
US Open: Sloane stephens wins women's title.
Please Wait while comments are loading...