ജൊഹാനസ്ബര്‍ഗ്: പരിക്കു മൂലം കുറച്ചു കാലമായി ഇടിക്കൂട്ടിനു പുറത്തായിരുന്ന മുന്‍ ഒളിംപിക്സ് മെഡല്‍ ജേതാവായ ഇന്ത്യന്‍ താരം സുശീല്‍ കുമാര്‍ മെഡലുമായി തിരിച്ചുവരവ് ഗംഭീരമാക്കി. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗുസ്തി ചാംപ്യന്‍ഷിപ്പിലാണ് സുശീല്‍ ജേതാവായത്. സുശീലിനെ കൂടാതെ കഴിഞ്ഞ ഒളിംപിക്സിലെ മെഡല്‍ വിജയിയായ വനിതാ താരം സാക്ഷി മാലിക്കും രാജ്യത്തിനു മെഡല്‍ സമ്മാനിച്ചു.
മേള സമാപിച്ചപ്പോള്‍ ഇന്ത്യയുടെ ഫ്രീസ്റ്റൈല്‍ ഗുസ്തി ടീം 10 സ്വര്‍ണവും ഏഴു വെള്ളിയും രണ്ടു വെങ്കലവുമാണ് വാരിക്കൂട്ടിയത്. 24 സ്വര്‍ണവും 24 വെള്ളിയും ആറു വെങ്കലവും നേടിയാണ് ഇന്ത്യ ചാംപ്യന്‍ഷിപ്പില്‍ നിന്നും മടങ്ങിയത്.
വനിതകളുടെ 62 കിഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ന്യൂസിലന്‍ഡിന്റെ ടെയ്ല ടോഹിനെയാണ് സാക്ഷി ഫൈനലില്‍ 13-2ന് ഇടിച്ചുവീഴ്ത്തിയത്. അതേസമയം, മൂന്നു വര്‍ഷത്തിലേറെ മല്‍സരരംഗത്തു നിന്നും വിട്ടുനിന്ന സുശീല്‍ ഫൈനലില്‍ ന്യൂസിലന്‍ഡ് താരമായ ആകാശ് കുല്ലാറിനെയാണ് മലര്‍ത്തിയടിച്ചത്. 74 കിഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് സുശീലിന്റെ സുവര്‍ണനേട്ടം. 2014ല്‍ ഗ്ലാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണമെഡല്‍ നേട്ടത്തിനു ശേഷം ആദ്യ അന്താരാഷ്ട്ര മെഡല്‍ കൂടിയാണ് അദ്ദേഹം ഇത്തവണ നേടിയത്.