ന്യൂയോര്‍ക്ക്: പ്രായത്തെ തോല്‍പ്പിക്കുന്ന പ്രകടനം പുറത്തെടുത്ത് 37 കാരിയായ അമേരിക്കയുടെ വെറ്ററന്‍ താരം വീനസ് വില്ല്യംസ് യുഎസ് ഓപ്പണ്‍ ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലേക്ക് കുതിച്ചു. ക്വാര്‍ട്ടറില്‍ 27കാരിയായ ചെക് റിപബ്ലിക് താരം പെട്ര ക്വിറ്റോവയെയാണ് വീനസ് ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു തകര്‍ത്തത്. 6-3, 3-6, 7-6 എന്ന സ്കോറിനായിരുന്നു ഒമ്പതാം സീഡ് കൂടിയായ അമേരിക്കന്‍ താരത്തിന്റെ വിജയം.
അമേരിക്കയുടെ സ്ലൊവേന്‍ സ്റ്റീവന്‍സും ജയത്തോടെ അവസാന നാലിലേക്ക് മുന്നേറി. ലാത്വിയയുടെ അനസ്താസ്യ സെവസ്തോവയെയാണ് സ്റ്റീഫന്‍സ് ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു കീഴടക്കിയത്. സ്കോര്‍: 6-3, 3-6, 7-6. പുരുഷ സിംഗിള്‍സില്‍ 28ാം സീഡായ ദക്ഷിണാഫ്രിക്കയുടെ കെവിന് ആന്ഡേഴ്സന്, സ്പെയിനിന്റെ പാബ്ലോ കരേനോ ബുസ്റ്റ എന്നിവര്‍ സെമി ഫൈനലിലേക്ക് ടിക്കറ്റെടുത്തു. അമേരിക്കയുടെ സാം ക്യൂറെയെയാണ് ആന്ഡേഴ്സന് 7-6, 6-7, 6-3, 7-6നു കീഴടക്കിയത്. ബുസ്റ്റ 6-4, 6-4, 6-2ന് ഡിയേഗോ ഷ്വാര്ട്സ്മാനിനെ മുട്ടുകുത്തിച്ചു.
മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണയുള്‍പ്പെട്ട ടീം ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലിലാണ് ബൊപ്പണ്ണ- കാനഡയുടെ ഗബ്രിയേല ഡബ്രോസ്കി സഖ്യം പരാജയമേറ്റുവാങ്ങിയത്. മൂന്നാം സീഡുകളായ ചാന്-വീനസ് സഖ്യം 4-6, 6-3, 10-8ന് ഇന്തോ-കനേഡിയന്‍ ജോടിയെ അടിയറവ് പറയിക്കുകയായിരുന്നു. ഇതോടെ ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന ഏക ഇന്ത്യന്‍ പ്രതീക്ഷ സാനിയാ മിര്‍സയായി മാറി. ഡബിള്‍സില്‍ സാനിയ-ചൈനയുടെ ഷുവെയ് പെങ് ജോടി ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.