ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ആനവിരണ്ടപ്പോൾ മനഃസാന്നിദ്ധ്യത്തോടെ പ്രവർത്തിച്ചവർക്ക് സ്വീകരണം, ജീവനക്കാർ വിട്ടുനിന്നു
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്രയ്‌ക്കിടെ ആന വിരണ്ട സംഭവത്തോടനുബന്ധിച്ച് നടത്തിയ ആദരിക്കൽ ചടങ്ങിൽ ഭൂരിഭാഗം ജീവനക്കാരും വിട്ടുനിന്നു. ശ്രീപദ്മനാഭസ്വാമി, നരസിംഹമൂർത്തി, തിരുവമ്പാടി ശ്രീകൃഷ്ണ വിഗ്രഹങ്ങൾ വഹിച്ച ഗരുഡ വാഹനങ്ങൾ നിലത്തുവയ്‌ക്കാതെ സംരക്ഷിച്ച കീഴ്ശാന്തിക്കാരെയും ഗാർഡുമാരെയും ആദരിക്കാനാണ് ക്ഷേത്രം അധികൃതർ തീരുമാനിച്ചിരുന്നത്.
എന്നാൽ ആനവിരണ്ട സമയത്ത് മനഃസാന്നിദ്ധ്യത്തോടെ പ്രവർത്തിച്ചവരെ ഒഴിവാക്കുകയും കുറച്ചുപേരെ മാത്രം ആദരിക്കുകയും ചെയ്‌തെന്ന് ജീവനക്കാർ പറയുന്നു. 15 കീഴ്ശാന്തിക്കാരെയും 15 ഗാർഡുമാരെയും ആണ് ആദരിക്കാൻ തീരുമാനിച്ചിരുന്നത്. ആറാട്ട് ഘോഷയാത്രയിൽ ദാസന്മാർ, സംബന്ധപ്രവൃത്തിക്കാർ തുടങ്ങി ക്ഷേത്രത്തിലെ മറ്റ് വിഭാഗങ്ങളിലുള്ള നിരവധി ജീവനക്കാർ പങ്കെടുത്തിരുന്നു.

എന്നാൽ ഇവരെയെല്ലാം ഒഴിവാക്കി കുറച്ചുപേരെ മാത്രം ആദരിക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. മൂന്ന് കീഴ്ശാന്തിക്കാർ മാത്രമാണ് ആദരിക്കൽ ചടങ്ങിനെത്തിയത്. ഏതാനും ഗാർഡുമാരും പങ്കെടുത്തു. എല്ലാവർക്കും 1001 രൂപ വീതം പാരിതോഷികവും നൽകി.
ഇന്നലെ ഉച്ചയ്ക്ക് പടിഞ്ഞാറെ നടയിലുള്ള നമ്പി മഠത്തിലാണ് ചടങ്ങ് നടത്തിയത്. ക്ഷേത്ര ഭരണസമിതി ചെയർമാൻ കെ. ബാബു, എക്‌സിക്യൂട്ടിവ് ഓഫീസർ വി. രതീശൻ, ഭരണസമിതി അംഗം എസ്. വിജയകുമാർ, മാനേജർ ഡി. ശ്രീകുമാർ, ആദിത്യവർമ്മ എന്നിവർ പങ്കെടുത്തു.












Click it and Unblock the Notifications