പരാതിക്ക് പരിഹാരമുണ്ടായില്ല: പരാതിക്കാരൻ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി
തിരുവനന്തപുരം: പാറശാല പൊലീസിന് നൽകിയ പരാതിയിന്മേലുള്ള നടപടികൾ സ്വീകരിക്കാൻ വൈകിച്ചെന്ന ആരോപണവുമായി പരാതിക്കാരൻ ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. പാറശാല ടൗൺ വാർഡിലെ മേലെവട്ടവിള വീട്ടിൽ ടി.കെ. അജിയാണ് ഇന്നലെ രാവിലെ എട്ടു മണിക്ക് പാറശാല ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലെ ടവറിന് മുകളിൽ മൊബൈൽ ഫോണും കയറും മറ്റ് സാധനങ്ങളും ഉൾപ്പെട്ട ബാഗുമായി കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.
പരാതിക്കാരന്റെ കുടുംബ സ്വത്തുക്കളുടെ അവകാശവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുമായുള്ള തർക്കങ്ങൾ സംഘർഷങ്ങൾക്ക് കാരണമായിരുന്നു. തന്റെ ജീവന് ഭീഷണിയുള്ളതിനാൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കഴിഞ്ഞ മെയ് 16 നും തന്നെ കമ്പിപ്പാര കൊണ്ട് ഉപദ്രവിച്ചതിനെതിരെ ജൂൺ 17 നും പാറശാല പൊലീസിന് പരാതികളും നൽകിയിരുന്നു. എന്നാൽ ഈ പരാതികളിന്മേൽ യാതൊരു നടപടികളും സ്വീകരിക്കാത്തതിനെതിരെയായിരുന്നു ആത്മഹത്യാ ഭീഷണി.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാറശാല എസ്.ഐ. അനീഷ് അജിയുമായി ഫോണിൽ സംസാരിച്ചെങ്കിലും അന്വേഷണത്തിന് സി.ഐ. ഉറപ്പ് നൽകണമെന്നായി. ഒടുവിൽ സി.ഐ. നേരിട്ടെത്തി അന്വേഷണം നടത്താമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഇയാൾ താഴെയിറങ്ങിയത്. താഴെ ഇറങ്ങിയ അജി വെള്ളം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വെള്ളം നൽകിയെങ്കിലും ഉടൻ തന്നെ അബോധാവസ്ഥയിലാവുകയായിരുന്നു.
തുടർന്ന് പൊലീസ് വാഹനത്തിൽ ഇയാളെ പാറശാല ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷകൾ നൽകുകയും ഡോക്ടറുടെ നിർദ്ദേശ പ്രകാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും അയയ്ക്കുകയായിരുന്നു. കോടതിയുടെ പരിഗണയിലുള്ള കേസുകളിലെ നടപടികൾക്ക് കോടതിയുടെ അനുവാദം വേണ്ടതാണെന്നും ഇക്കാര്യത്തിൽ എല്ലാ കക്ഷികളെയും വിളിച്ചുവരുത്തി വേണ്ട തീരുമാനം കൈക്കൊള്ളുമെന്നും സി.ഐ.ബിനു അറിയിച്ചു.












Click it and Unblock the Notifications