വിവാഹബന്ധം മറച്ചുവച്ച് 16കാരിയുമായി സൗഹൃദം, പീഡനം; പോക്‌സോ കേസില്‍ പ്രതിക്ക് കഠിന തടവ്
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും. തിരുവനന്തപുരം വലിയ തുറയ്ക്ക് സമീപം താമസിക്കുന്ന ഷമീറിനെയാണ് കോടതി ശിക്ഷിച്ചത്. അതിവേഗ സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി ടി പി പ്രഭാഷ് ലാലാണ് വിധി പ്രസ്താവം നടത്തിയത്.
2013 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിവാഹ ബന്ധം മറച്ചുവച്ച് 16കാരിയെ പീഡനത്തിനിരയാക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തതാണ് കേസ്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

പ്രതി പിഴയടച്ചാല്‍ 25,000 രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും ഇല്ലെങ്കില്‍ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. ജയിലില്‍ കിടന്ന റിമാന്‍ഡ് കാലം ശിക്ഷയില്‍ ഇളവുണ്ടാകും. കേസില്‍ 25 സാക്ഷികളെയാണ് വിസ്തരിച്ചത്. 20 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എം മുഹസിന്‍ ഹാജരായി.












Click it and Unblock the Notifications