തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം അതിശക്തം, ഇന്ന് 528 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിശക്തമായി തുടരുന്നത് തിരുവനന്തപുരത്തെ ആശങ്കയിലാക്കുന്നു. ഇന്നും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉളളത് തിരുവനന്തപുരം ജില്ലയില്‍ ആണ്. 528 പേര്‍ക്കാണ് തലസ്ഥാനത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 502 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 13 പേരുടെ രോഗഉറവിടം വ്യക്തമല്ല. 9 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ജില്ലയില്‍ കൊവിഡ് എണ്ണത്തേക്കാള്‍ കൂടുതല്‍ കൊവിഡ് രോഗമുക്തിയാണ് എന്നത് ആശ്വാസമായി. 618 പേര്‍ക്കാണ് കൊവിഡ് മുക്തമായത്. ഇന്ന് ജില്ലയില്‍ 4 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കണ്ണേറ്റുമുക്ക് സ്വദേശിനി(58), കാഞ്ഞിരംകുളം സ്വദേശി(68),
അമരവിള സ്വദേശി(56), നെട്ടയം സ്വദേശിനി(66) എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ഇന്ന് തിരുവനന്തപുരം ജില്ലയില്‍ പുതുതായി 1,633 പേര്‍ രോഗനിരീക്ഷണത്തിലായി. 907 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 18,213 പേര്‍ വീടുകളിലും 577 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 576 പേരെ പ്രവേശിപ്പിച്ചു. 603 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രികളില്‍ 3,510 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇന്ന് 631 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 581 പരിശോധന ഫലങ്ങള്‍ ലഭിച്ചു. ജില്ലയില്‍ 72 സ്ഥാപനങ്ങളില്‍ ആയി 577 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
അതിനിടെ സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 347 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 132 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2844 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 189 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2196 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 22,676 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,755 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.












Click it and Unblock the Notifications