പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കൊവിഡ്; അധികൃതർ ആശങ്കയിൽ
തിരുവനന്തപുരം; പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 71 കാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തി ആന്റിജൻ പരിശോധനയിലാണ് തടവുകാർക്ക് രോഗം സ്ഥിരീകരിച്ചത്. 99 പേരിലായിരുന്നു പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം 71 കാരന് കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടതോടെ പരിശോധന നടത്തുകയായിരുന്നു. തുടർന്ന് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചു. പിന്നാലെയാണ് മറ്റ് തടവുകാർക്കും രോഗം സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ച് 71 കാരൻ കഴിഞ്ഞ ഒന്നര വർഷമായി ജയിലിൽ തന്നെ തുടരുന്ന വ്യക്തിയാണെന്ന് അധികൃതർ പറഞ്ഞു.

അതേസമയം രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജയിലിലെ മുഴുവൻ തടവുകാരേയും പരിശോധനയ്ക്ക് വിധേയമാക്കാനാണ് തിരുമാനം. ഇവിടെ വിചാരണ തടവുകാരും ശിക്ഷ അനുഭവിക്കുന്നവരും ഉണ്ട്. കൊവിഡിനെ പ്രതിരോധിക്കാനുള്ള ശക്തമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടും തടവുകാർക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്ന് 266 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്കാണ് രോഗം. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 266 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 261 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 121 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 76 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 68 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 19 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.












Click it and Unblock the Notifications