രോഗവ്യാപനത്തിന് ശമനമില്ലാതെ തിരുവനന്തപുരം, 856 പേര്‍ക്ക് കൂടി കൊവിഡ്, ജില്ലയിൽ 9 മരണവും
തിരുവനന്തപുരം: രോഗവ്യാപനത്തിന് ശമനമില്ലാതെ തലസ്ഥാന ജില്ല. തിരുവനന്തപുരം ജില്ലയില്‍ വ്യാഴാഴ്ച 856 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 708 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 109 പേരുടെ ഉറവിടം വ്യക്തമല്ല. 25 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. നാലുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. ഒരാള്‍ വിദേശത്തു നിന്നുമെത്തി. ഒന്‍പതു പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.
പള്ളിത്തുറ സ്വദേശി എബ്രഹാം(62), പുല്ലുവിള സ്വദേശിനി ഷര്‍മിള(52), നെടുമങ്ങാട് സ്വദേശി വേലായുധക്കുറിപ്പ്(92), മുരിങ്ങവിളാകം സ്വദേശി മോഹനന്‍ നായര്‍(75), നെയ്യാറ്റിന്‍കര സ്വദേശി സുധാകരന്‍ ദാസ്(61), പാറശ്ശാല സ്വദേശി സുകുമാരന്‍(73), ചാല സ്വദേശി ഹഷീര്‍(45), ആറ്റിങ്ങല്‍ സ്വദേശി വിജയകുമാരന്‍(61), കൊറ്റൂര്‍ സ്വദേശി രാജന്‍(82) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 341 പേര്‍ സ്ത്രീകളും 515 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 72 പേരും 60 വയസിനു മുകളിലുള്ള 130 പേരുമുണ്ട്. പുതുതായി 3,601 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 28,338 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 3,851 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 11,487 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 363 പേര്‍ വ്യാഴാഴ്ച രോഗമുക്തി നേടി.
അതേസമയം സംസ്ഥാനത്ത് ഇന്ന് 8135 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 218 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 7013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2828 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 72,339 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,31,052 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 771 ആയി.












Click it and Unblock the Notifications