കൊവിഡിൽ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി തിരുവനന്തപുരം, ഇന്ന് തലസ്ഥാനത്ത് 986 രോഗികൾ
തിരുവനന്തപുരം: ഇന്ന് പ്രതിദിന കൊവിഡ് കണക്കുകളിൽ എറണാകുളത്തിന് പിന്നിൽ രണ്ടാമതായി തിരുവനന്തപുരം. 1056 പേർക്കാണ് എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. തലസ്ഥാന ജില്ലയില്‍ ഇന്ന് 986 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 835 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 111 പേരുടെ ഉറവിടം വ്യക്തമല്ല. 30 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. നാലുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. ആറു പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.
തമ്പാനൂര്‍ സ്വദേശിനി വസന്ത(68), പള്ളിച്ചല്‍ സ്വദേശി മുരളി(55), ശ്രീകണ്‌ഠേശ്വരം സ്വദേശി നടരാജ സുന്ദരം(91), നെടുമങ്ങാട് സ്വദേശി ശശിധരന്‍ നായര്‍(77), വള്ളക്കടവ് സ്വദേശി അബു താഹിര്‍(68), പേയാട് സ്വദേശി പദ്മകുമാര്‍(49) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 435 പേര്‍ സ്ത്രീകളും 551 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 92 പേരും 60 വയസിനു മുകളിലുള്ള 144 പേരുമുണ്ട്. പുതുതായി 2,714 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 28,588 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 3,226 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 11,005 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 379 പേര്‍ ബുധനാഴ്ച രോഗമുക്തി നേടി.
അതിനിടെ സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 7695 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 784 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 123 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3536 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 67,061 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,28,224 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.


Click it and Unblock the Notifications